എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നാളെ; ലോക നേതാക്കള്‍ ആദരാഞ്ജലികൾ അർപ്പിക്കാൻ ലണ്ടനിലെത്തി

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമു, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ ലണ്ടനിലെത്തി. സംസ്കാരം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നാളെ (സെപ്റ്റംബർ 19) പ്രാദേശിക സമയം രാവിലെ 11 മണിക്ക് നടക്കും. നൂറോളം രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ രണ്ടായിരത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കും.

ശനിയാഴ്ച രാത്രി 8.50ഓടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ലണ്ടനിലെ ഗാഡ്‌വിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രസിഡന്റിനെയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയടക്കമുള്ള സംഘത്തെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. സെപ്റ്റംബർ 19 വരെ ലണ്ടൻ സന്ദർശനം തുടരുന്ന രാഷ്ട്രപതി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കുകയും ചെയ്യും.

ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ശനിയാഴ്‌ച പ്രാദേശിക സമയം രാത്രി പത്ത് മണിയോടെ ലണ്ടനിലെത്തി. വെസ്‌റ്റ്‌മിന്‍സ്റ്റർ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് അന്തിമോപചാരം അര്‍പ്പിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസിലാന്‍ഡ് പ്രസിഡന്‍റ് ജസീന്ത ആര്‍ഡണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ, ജർമന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങിന് ക്ഷണമുണ്ടെങ്കിലും വൈസ് പ്രസിഡന്‍റ് വാങ് ചിഷാനായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ജപ്പാന്‍ ചക്രവര്‍ത്തി നാറുഹിതോ, ചക്രവര്‍ത്തിനി മസാകോ, സ്‌പെയിന്‍ രാജാവ് ഫെലിപ്പെ ആറാമന്‍, രാജ്ഞി ലെറ്റിസിയ, ബെല്‍ജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മറ്റില്‍ഡ, നെതര്‍ലന്‍ഡ് രാജാവ് വില്ല്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, മൊണാക്കോ എന്നിവിടങ്ങളിലെ രാജകുടുംബാംഗങ്ങളും ചടങ്ങിനെത്തും.

റഷ്യയ്ക്ക് ക്ഷണമില്ല, കൊറിയയുടെ ഉദ്യോഗസ്ഥന് ക്ഷണം: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. യുകെയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളിലെ രാഷ്‌ട്രതലവന്മാര്‍ക്കാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം. അതേസമയം സിറിയ, വെനസ്വല, അഫ്‌ഗാനിസ്ഥാന്‍, മ്യാന്‍മര്‍, റഷ്യ, ബെലാറുസ് എന്നീ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഇറാന്‍, ഉത്തര കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ശുശ്രൂഷയ്ക്ക് ശേഷം രണ്ട് മിനിറ്റ് ദേശീയ മൗനം ആചരിക്കുന്നതോടെ സംസ്കാര ചടങ്ങുകള്‍ സമാപിക്കും. തുടർന്ന് മൃതദേഹം സെന്റ് ജോർജ് ചാപ്പലിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ചാൾസ് മൂന്നാമൻ രാജാവും രാജകുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങളും പങ്കെടുക്കുന്ന ഒരു സംസ്കാര ശുശ്രൂഷ വൈകുന്നേരം ചാപ്പലിൽ നടക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ ശവകുടീരത്തിനടുത്താണ് എലിസബത്ത് രാജ്ഞിയുടെ ശവകുടീരം ഒരുക്കിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News