കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 15): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോയുടെ മനസ്സില്‍ ഒരു ദ്വന്ദയുദ്ധം അരങ്ങേറി. ഭീമാകാരമായ പാറയില്‍ ഉളി പലവട്ടം തെറിച്ചുകൊണ്ടിരുന്നു. മെരുങ്ങാത്ത പാറ. ദൃഢമുള്ള വെള്ളാരംകല്ല്‌. കല്ലുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവനുള്ള പ്രതിമകള്‍. അവ പുറത്ത്‌ പ്രത്യക്ഷമായാല്‍ ശില്പിയെപ്പോലും അമ്പരപ്പിക്കും. തെറിച്ചു നില്‍ക്കുന്ന രക്തധമനികളും പാറക്കുട്ടങ്ങളെപ്പോലെ വിരിഞ്ഞു നില്‍ക്കുന്ന മാംസപേശികളും ദൃഢതയുള്ള നോട്ടവും കണ്ണുകളുടെ തീക്ഷ്ണതയും ശില്പിയെപ്പോലും അമ്പരപ്പിക്കുന്നു.

ആരാണ്‌ തന്റെ കരങ്ങള്‍ക്ക്‌ ശക്തിയേകുന്നത്‌?

അതെ, സാമുവലിന്റെ പുസ്തകത്തിലെ ആട്ടിടയച്ചെക്കനായ ദാവീദ്‌! ബെദ്ലഹേംകാരനായ ജെസ്സയുടെ ഇളയപുത്രന്‍. പവിഴനിറവും മനോഹരമായ നയനങ്ങളുമുള്ള ചെന്നായയുടെ ഉടലുള്ള ഒരു ബലിഷ്ഠ ആട്ടിടയ യുവാവ്‌. അവന് മീശ കുരുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവന്‍ ഇസ്രായേലിന്റെ രക്ഷകനാണ്‌. ശക്തനാണ്‌. ഒരു കൗമാരക്കാരന്റെ ശാലീന സൗന്ദര്യമാണ്‌ അവനില്‍ മിന്നുന്നത്‌. ആരും അവനെ ഒരു നോക്കു നോക്കി നിന്നുപോകും. ദേവദാരു മരങ്ങളുടെ നീണ്ട ശിഖരം പോലെ കഴുത്തും വലിയ തലയും ഉള്ള കരുത്തനായ ചെക്കന്‍. അസാമാന്യ വലിപ്പമുള്ള പലസ്ത്യരുടെ മല്ലന്‍ ഗോലിയാത്തിനെ നേരിടുകയാണ്‌. അപ്പോള്‍ അവന്റെ കണ്ണുകളില്‍ തെല്ല്‌ ഭയത്തിന്റെ നിഴലാട്ടം വേണ്ടതുതന്നെ. പലവിധ ഉളികളില്‍നിന്ന്‌ ചികഞ്ഞെടുത്ത്‌ കൂര്‍ത്തുനേര്‍ത്ത ഉളി ഉപയോഗിച്ച്‌ ചെത്തിമിനുക്കി ആ ഭയപ്പാടിന്റെ ഭാവം പകര്‍ന്ന്‌ മൈക്കിള്‍ അല്പം മാറി വീക്ഷിച്ച്‌ ആത്മഗതം നടത്തി;

അതേ, ഞാന്‍ കരുതിയതിലും മികച്ച ഭാവം ആ കണ്ണുകളില്‍ പ്രകടമായിരിക്കുന്നു. ഇടതു തോള്‍ മുകളിലേക്കുയര്‍ത്തി വലതുതോള്‍ താഴേക്ക്‌ ചായ്ച്ച്‌ കൈയ്യില്‍ പാറക്കഷണം പേറിയുള്ള നില്‍പ്പ്‌! ഇടതു തോളില്‍ അമര്‍ത്തിപ്പിടിച്ച തുകല്‍ സഞ്ചിയില്‍ കുറേ പാറക്കഷ്ണങ്ങള്‍. ഇടതുകൈയനായ ദാവീദ്‌. അവന്റെ ദൃഷ്ടികള്‍ മല്ലനായ ഗോലിയാത്തിന്റെ തുരുനെറ്റിയിലേക്ക്‌ തുറിച്ചു നോക്കുന്ന മുഖഭാവം. ഒറ്റ പാറക്കഷണം. അവ ഇടതു കൈയിലെ കവിണയില്‍ തിരുകി ചുഴറ്റിയുള്ള ഒരേറ്‌. അതോടെ മല്ലന്‍ ഗോലിയാത്ത്‌ ഒരു വലിയ പാറ ഉരുണ്ടു വീണതുപോലെ നിലംപതിച്ചില്ലേ? ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞെത്തി അവന്റെതന്നെ വാളൂരി തല ഛേദിച്ച ഇസ്രയേലിന്റെ വീരപുത്രന്‍, ഡേവിഡ്‌ എന്ന ആട്ടിടയച്ചെക്കന്‍!

മൈക്കെലാഞ്ജലോ വെള്ളാരം പാറക്കല്‍പ്പൊടിയില്‍നിന്ന്‌ ഉയര്‍ത്തെണീറ്റ്‌ ചുറ്റിലും തെറിച്ചു കിടക്കുന്ന കരിങ്കല്‍ച്ചീളുകളെ നോക്കി പറഞ്ഞു:

സൃഷ്ടിയുടെ വേദന ഞാന്‍ അനുഭവിക്കുന്നു. എനിക്ക്‌ ഭാര്യയില്ല. മക്കളില്ല. എന്നാല്‍ പ്രതിമകള്‍ എനിക്ക്‌ മക്കളെപ്പോലെയാണ്‌. അനശ്വരമായ മക്കള്‍. അവ ലോകാവസാനം വരെ നിലിനില്‍ക്കും. അവര്‍ അനുസരണയുള്ള മക്കളാണ്‌. അവര്‍ എന്റെ ആജ്ഞാനുവര്‍ത്തികളാണ്‌. അവര്‍ എന്റെ യശസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്‌.

ഡേവിഡിനെ ഞാന്‍ നഗ്നനായി സൃഷ്ടിക്കുന്നത്‌ എന്തുകൊണ്ടാണ്‌? വസ്ത്രം ആകാരസവിഷ്ടതയെ മറയ്ക്കും. പൂര്‍ണ്ണത അപ്രത്യക്ഷമാകും. ഒരുപക്ഷേ, എന്റെ സമകാലികരായവര്‍ എന്നോടുള്ള ശത്രുത കാട്ടാനായുള്ള അവസരമായി ഈ നഗ്നതയെ മറപിടിക്കാം. അവര്‍ കര്‍ദിനാളന്മാരുടെയും മ്രെതാന്മാരുടെയും ചെവികളിലേക്ക്‌ ഈ വിഷയം അശ്ലീലമായി ഉണര്‍ത്തിക്കാം, ഒരു പരിശുദ്ധമായ ഇടങ്ങളിലെ നഗ്നതാ പ്രദര്‍ശനം എന്നാരോപിക്കുന്ന അവരുടെ ബാലിശമായ പ്രതികാരമായിട്ട്‌. അപ്പോഴൊക്കെ എനിക്ക്‌ ഉത്തരമുണ്ട്‌. ഏദന്‍ തോട്ടത്തില്‍ ആദം നഗ്നനായിരുന്നില്ലേ? ഹവ്വാ, നഗ്നയായിരുന്നില്ലേ? എവിടെയാണ്‌ നഗ്നതയ്ക്ക്‌ തെറ്റു പറ്റിയത്‌? അതില്‍ മൃദുലവികാരങ്ങള്‍ കുത്തിനിറയ്ക്കുന്ന ബലഹീനരുടെ ചീത്ത കണ്ണുകളിലൂടെ.

എന്റെ ഡേവിഡിനെ ഞാന്‍ യഹുദ പാരമ്പര്യത്തില്‍ ചേലാകര്‍മ്മം ചെയ്തിട്ടുണ്ടെന്ന്‌ പ്രഥമദൃഷ്ട്യാ ആര്‍ക്കും തോന്നുകയില്ലെങ്കില്‍ അതിനും എനിക്ക്‌ ഉത്തരമുണ്ട്‌. റോമന്‍ ചക്രവര്‍ത്തിമാര്‍ ഒരിക്കലും ചേലാകര്‍മ്മത്തെ പ്രോത്സാഹിപ്പിച്ചിടില്ല. ഗ്രീക്ക്‌ പ്രതിമകളുടെ പാരമ്പര്യമാണ്‌ അവരിഷ്ടപ്പെ ട്ടിരുന്നത്‌. ഗ്രീക്ക്‌ ദേവന്മാരായ, അപ്പോളോ, സ്യൂസ്‌, ആറസ്‌, ഡയോണിസ്യൂസ്‌ ഈ ദേവന്മാരെല്ലാം ചേലാകര്‍മ്മം ഇല്ലാതെ വിവസ്ത്രരായല്ലേ പ്രത്യക്ഷപ്പെട്ടത്‌? എങ്കിലും യഹുദ പാരമ്പര്യമനുസരിച്ച്‌ ഡേവിഡിന്റെ ലിംഗത്തിന്റെ അഗ്ര ചര്‍മ്മം ഞാന്‍ കോട്ടം കൂടാതെ ഒരല്പം വെട്ടിമാറ്റിയിട്ടുണ്ട്‌. കാഴ്ചയില്‍ അതി സൂക്ഷ്മമായ്‌.

കൊത്തുപണി തുടങ്ങിയിട്ട്‌ രണ്ടു സംവത്സരമാകുന്നു. അവസാനം ഭക്ഷണവും ഉറക്കവും വെടിഞ്ഞ്‌ രാവും പകലും തിരക്കിട്ടു കൊത്തി പൂര്‍ണ്ണത! പൂര്‍ണ്ണതയിലേക്കുള്ള പ്രയാണം. മനസ്സിനെ തളര്‍ത്തിയില്ല. ഇടയ്ക്കിടെ വീഞ്ഞു കുടിച്ചു. കവിതകളെഴുതി. കൊത്തും കവിതപോലെതന്നെ. ആശയങ്ങള്‍ വിരിഞ്ഞ്‌ ഭാവനയുടെ കാല്പനികത ഒരു നദിപോലെ ഒഴുകും. ഫ്ളോറന്‍സിലെ ആര്‍നോ നദിപോലെ സായംസന്ധ്യയില്‍, ചെഞ്ചായം പൂശി സൂര്യകിരണങ്ങള്‍ വിതറി കുഞ്ഞലകളിളക്കി ഒഴുകുന്ന അര്‍നോ നദിയെ കാണാന്‍ എന്തു സുന്ദരിയാണ്‌. ആ നദിയിലാണ്‌ ഞാന്‍ എന്റെ അദ്ധ്വാന ഭാരത്തെ കഴുകി ഹൃദയം ലോലവും തരളിതവുമാക്കുന്നത്‌. അപ്പോള്‍ കവിതകളൊഴുകി വരും. നദീതീരത്തെ മുന്തിരിക്കുലകളുടെ ലഹരിയുള്ള വീഞ്ഞുപോലെ.

ദി ഗ്രേറ്റസ്‌ ആര്‍ട്ടിസ്റ്റ്‌ ഹാസ്‌ നോ കണ്‍സപ്റ്റ്‌
നോട്ട്‌ ഓള്‍റെഡി പ്രസന്റ്‌ ഇന്‍ ദ സ്റ്റോണ്‍
ദാറ്റ്‌ ബയിന്‍ഡ്സ്‌ ഇറ്റ്‌, എവേയ്റ്റിങ്‌ ഒള്ളി
ദ ഹാന്‍ഡ്‌ ഒബീഡിയന്റ്‌ ടു മയിന്‍ഡ്‌..”

കാലം, ഡേവിഡിനെ പൂര്‍ണ്ണതയിലേക്കെത്തിച്ചു. കുറ്റമറ്റ ഡേവിഡ്‌, ചരിത്രത്തിന്റെ താളുകളില്‍ ഗര്‍വ്വോടെ നിന്ന്‌ എന്നെ ഉറ്റുനോക്കുന്നു.

ഞാന്‍ പലസ്ത്യരുടെ മല്ലന്‍ ഗോല്യാത്തല്ല, നിന്നെ സൃഷ്ടിച്ച ശില്പി. സാക്ഷാല്‍ മൈക്കെലാഞ്ജലോ. നിന്നെ കടുപ്പമുള്ള വെള്ളാരം കല്ലില്‍ നിന്നിറക്കിവിട്ട നിന്റെ സ്രഷ്ടാവ്‌!

അപ്പോള്‍ അവിടെ അപ്രതീക്ഷിതമായി വില്ലുവണ്ടിയില്‍ ഫ്ളോറന്‍സിന്റെ പുതിയ മേയര്‍, പിയറോ സൊഡോറിനി എത്തി. നീളന്‍ തൊപ്പിയും ഇറക്കമുള്ള സ്യൂട്ടും ധരിച്ച മദ്ധ്യവയസ്ക്കന്‍. ചരിത്രാന്വേഷിയും വാസ്തു ശില്പകലകളെക്കുറിച്ച്‌ ദീര്‍ഘനാള്‍ പഠിച്ച ഒരു നവോത്ഥാന ഗവേഷകന്‍. അദ്ദേഹം മൈക്കെലാഞ്ജലോയ്ക്ക്‌ സ്വയം പരിചയപ്പെടുത്തി:

ഞാന്‍ പിയറോ, ഫ്ളോറന്‍സിന്റെ പുതിയ മേയര്‍! സെഞ്ഞ്വോര്‍, മൈക്കെലാഞ്ജലോ ബ്രൌണാറോറ്റി, താങ്കളെ നേരില്‍ വന്നൊന്ന്‌ കാണണമെന്ന്‌ തോന്നി.

ശില്പത്തിന്റെ മിനുക്കു പണികളില്‍ മുഴുകിയിരുന്ന മൈക്കിള്‍ ശരീരത്തും ചെമ്പന്‍മുടിയിലും പറ്റിപ്പിടിച്ചിരുന്ന വെള്ളാരം കല്‍പ്പൊടി വലിയ ഒരു ബ്രഷ്കൊണ്ട്‌ തുടച്ചുമാറ്റി മേയറിന്‌ ഹസ്തദാനം നല്‍കി ഭവ്യതയോടെ മൊഴിഞ്ഞു:

സെഞ്ഞ്വോര്‍, ഞാന്‍ അങ്ങയെപ്പറ്റി കേട്ടിട്ടുണ്ട്‌. കാണാനും ഇവിടെ വരാനും മനസ്സുണ്ടായതില്‍ ചാരിതാര്‍ത്ഥ്യം.

പിയറോയുടെ പച്ചക്കണ്ണുകള്‍ വിടര്‍ന്നു;

അതേ, അതേ. ഞാനും താങ്കളെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറേയായി. യൗവനാരംഭത്തില്‍ത്തന്നെ പിയറ്റ കൊത്തി പ്രസിദ്ധനായ ശില്‍പി. ഇപ്പോള്‍ ഈ യൗവനത്തിന്റെ കുതിപ്പ്‌ മാറുംമുമ്പ്‌ മറ്റൊരു മഹാശില്പം. ഈ ശില്പത്തോടെ താങ്കള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മഹാശില്‍പിയായി എന്ന്‌ പരക്കെ കേട്ടു തുടങ്ങി. ഒരുപക്ഷേ, ഞാന്‍ താങ്കളുടെ ശില്പത്തിന്റെ കുറവും കുറ്റവും കണ്ടുപിടിക്കാനാണ്‌ ഇവിടെ എത്തിയിരിക്കുന്നത്‌. താങ്കളുടെ ശില്പം പൂര്‍ണ്ണത വരിക്കുന്നത്‌ സമകാലികരായ ശില്പികളെയും ചിത്രകാരന്മാരേയും ചൊടിപ്പിക്കും. അങ്ങനെയാണല്ലോ മനുഷ്യസഹജമായ അസൂയ. അതിന്‌ മരുന്നില്ല. അതുകൊണ്ടാണ്‌ അതിപ്രശസ്തര്‍ക്ക്‌ ആരാധകരേക്കാളേറെ ശ്രതുക്കളുണ്ടാകുന്നത്‌. ഞാനൊരു ചിത്രകാരനോ, ശില്പിയോ അല്ലെങ്കില്‍ത്തന്നെ നവോത്ഥാനകാലത്തെപ്പറ്റി ഏറെ പഠനവും ഗവേഷണവും ഞാന്‍ നടത്തിയിട്ടുണ്ട്‌.

ആകട്ടെ, തെറ്റുകളും കുറ്റങ്ങളും ആര്‍ക്കുമുണ്ടാകാം. എങ്കിലും എന്താണ്‌ അങ്ങയുടെ നിഗമനങ്ങള്‍?

പിയറോ, ഭീമാകാരമായ ആ പ്രതിമയുടെ ചുറ്റിലും നടന്നുനോക്കിയിട്ട്‌:

എങ്കിലും ഞാന്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ മുപ്പത്തിയഞ്ചു സംവത്സരങ്ങളായി ഉറങ്ങിക്കിടന്ന ഒരു പാറയുടെ ഉയര്‍ത്തെഴുന്നേല്‍പ്പു തന്നെ അത്ഭുതകരം! അത്‌ ഇത്രയും കാലം താങ്കള്‍ക്കുവേണ്ടി കാത്തുകിടക്കുകയായിരുന്നു. ആദ്യകാല നവോത്ഥാനശില്പി ഡോണാറ്റോയാണ്‌ ഈ ശ്രമത്തിന്‌ ആദ്യം തുടക്കമിട്ടത്‌. പിന്നീട്‌ വെറോച്ചിയോയും മറ്റുമൊക്കെ. എന്നാലവര്‍ക്കൊന്നും ഈ വലിയ വെള്ളാരംകല്ലിനുള്ളിലെ ശില്പത്തെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല, അപ്പോള്‍ ഓരോ കല്ലുകളിലും പതിച്ചിട്ടുണ്ട്‌ അവ രൂപപ്പെടുത്താന്‍ കെല്‍പ്പുള്ള ശില്പിയുടെ നാമധേയം! ഞാന്‍ പറഞ്ഞത്‌ ഈ കല്ല്‌ ഇത്രനാളും താങ്കള്‍ക്കുവേണ്ടി കാത്തുകിടക്കുകയായിരുന്നു എന്നര്‍ത്ഥം.

ഈ ശില്പത്തിലെ സന്യൂനതകളെപ്പറ്റി അങ്ങ്‌ ഒന്നും പറഞ്ഞില്ലല്ലോ?

അതാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌. ഈ ശില്പം അതിമനോഹരമെങ്കിലും ഡേവിഡിന്റെ മൂക്ക്‌ അല്പം വലുതായിപ്പോയി. അത്‌ ഒരല്പം ലോലമാക്കി നീണ്ടുകൂര്‍ത്ത്‌ ഒരു റോമന്‍ മൂക്ക്‌, ഡേവിഡിനെ കുടുതല്‍ തീക്ഷ്ണതയുള്ളതാക്കും.

മൈക്കെലാഞ്ജലോ പ്രതിമയില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി;

തീര്‍ച്ചയായും, അങ്ങയുടെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു.

മൈക്ക്‌ നേര്‍ത്ത ഒരു ഉളി തിരഞ്ഞെടുത്ത്‌ വളരെ സൂക്ഷ്മമായി മൂക്ക്‌ ചെത്തി ഒരുക്കി അല്പം കൂടി ലോലമാക്കി രാകിമിനുക്കി ചോദിച്ചു:

ഇപ്പോള്‍?

മേയര്‍ പിയറോ സൊഡോറിനി വശ്യമായി പുഞ്ചിരിച്ചു:

ഇപ്പോള്‍ തീര്‍ച്ചയായും പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു, ആര്‍ക്കും ഒരു പിഴവും കണ്ടെത്താനാകാത്ത വിധം! ആകാശവും
ഭൂമിയും നിലനില്‍ക്കുവോളം ഡേവിഡ്‌ എന്നും മഹാശില്പിയായ മൈക്കെലാഞ്ജലോയെ അനശ്വരനാക്കി നിലനിര്‍ത്തട്ടെ!

മേയര്‍ പോയിക്കഴിഞ്ഞപ്പോള്‍, മൈക്കിളിനേറെ ആശ്വാസമായി. ഒരു അതിസുക്ഷ്മമായ വിലയിരുത്തല്‍, അതു ഗവേഷകനും ജ്ഞാനിയുമായ ഫ്ളോറന്‍സിലെ ഒരു ഭരണാധികാരിയില്‍നിന്ന്‌.

എന്നാല്‍, മൈക്കെലാഞ്ജലോ ഡേവിഡിന്റെ പ്രതിമയെ ഉറ്റുനോക്കി. ഒന്നോര്‍ത്ത്‌ ഞെട്ടി. യഹോവയുടെ പ്രിയങ്കരനായ ദാവീദ്‌ രാജാവിനുണ്ടായ വീഴ്ചയുടെ കഥ ഓര്‍ത്ത്‌.

ഭരണമേല്‍ക്കുമ്പോള്‍ ദാവീദു രാജാവിന്‌ മുപ്പതു വയസ്സായിരുന്നു. അവന്‍ നാല്പതു വര്‍ഷം ഭരിച്ചു. ഒരു ദിവസം സായാഹ്നത്തില്‍ ദാവീദ്‌ കിടക്കയില്‍ നിന്നെഴുന്നേറ്റ്‌ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവള്‍ അതീവ സുന്ദരിയായിരുന്നു. ബെത്ഷേബാ! സൈന്യാധിപനായ ഈറിയായുടെ ഭാര്യ. എന്നാല്‍ ദാവീദ്‌ ആളയച്ചു വരുത്തി അവളെ പ്രാപിച്ചു. അവള്‍ ഋതുസ്നാനം കഴിഞ്ഞിരുന്നതിനാല്‍ ഗര്‍ഭിണിയായി. വീണ്ടും അതിഗുരുതരമായ വീഴ്ചയാണ്‌ ദാവീദ്‌ മഹാരാജാവിന്‌ ഉണ്ടായത്‌. പടനായകന്‍ ഈറിയായെ യുദ്ധത്തിന്റെ മുന്നണിയില്‍ നിര്‍ത്തി കൊല്ലിച്ച്‌ ബെത്ഷേബ എന്ന സുന്ദരിയെ സ്വന്തമാക്കി. അതില്‍ പിറന്നതത്രെ സര്‍വ്വ ജ്ഞാനിയായ ശലോമോന്‍ മഹാരാജാവ്‌.

അവസാന നാളില്‍ ദാവീദ്‌ വിലപിച്ചു, മോശയുടെ ന്യായപ്രമാണങ്ങളെ ലംഘിച്ചതിന്‌. അവന്‍ ചാക്കുടുത്ത്‌ നിലത്തുരുണ്ട്‌ യഹോവായോട്‌ മാപ്പപേക്ഷിച്ചു. യഹാവാ ക്ഷമിച്ചു. പകരമായി ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക്‌ ജറുസലേമില്‍ ഒരാലയം പണിയാന്‍ അവന്‍ അഗ്രഹിച്ചു. എന്നാല്‍, പിന്‍ഗാമിയായ ശലോമോന്‍ അതു നിവൃത്തിയാക്കി. സിഡാറും ദേവന്മാരും മരങ്ങള്‍കൊണ്ട്‌ യഹോവയ്ക്ക്‌ ഒരാലയം പണിത്‌, വെള്ളിയും പൊന്നും രത്നങ്ങളും പതിച്ച്‌, മോശയുടെ ന്യായപ്രമാണങ്ങളടങ്ങുന്ന വാഗ്ദാന പേടകം അതിന്റെയുള്ളില്‍ പ്രതിഷ്ഠിച്ചു. യരുശലേം ദേവാലയം! അവിടെ നിന്നാരംഭി ക്കുന്നു പഴയ നിയമത്തിലെ അബ്രഹാമിന്റെ സന്തതികളുടെ കഥ!

(തുടരും…..)

Print Friendly, PDF & Email

Leave a Comment

More News