ഓക്‌ലൻഡിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ 6 പേർക്ക് പരിക്ക്

ഓക്‌ലന്‍ഡ്: യുഎസ് നഗരമായ ഓക്ക്‌ലൻഡിലെ ഒരു സ്കൂൾ കാമ്പസിൽ ബുധനാഴ്ച നടന്ന കൂട്ട വെടിവെപ്പില്‍ കുറഞ്ഞത് ആറ് പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് വിദ്യാർത്ഥികളെ ഉച്ചയ്ക്ക് പിരിച്ചുവിടുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് വെടിവെയ്പ് നടന്നത്.

റുഡ്‌സ്‌ഡെയ്‌ൽ ന്യൂകോമർ ഹൈസ്‌കൂളിൽ നടന്ന വെടിവയ്പിൽ രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓക്‌ലാൻഡ് അസിസ്റ്റന്റ് പോലീസ് മേധാവി ഡാരൻ ആലിസൺ പറഞ്ഞു.

പരിക്കേറ്റവരെല്ലാം 18 വയസ്സിനു മുകളിലുള്ളവരാണെന്നും എന്നാൽ, പരിക്കേറ്റവർ വിദ്യാർത്ഥികളാണോ സ്കൂൾ ജീവനക്കാരാണോ അതോ കണ്ടുനിന്നവരാണോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തോക്കുധാരിക്കായി പോലീസ് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലുടനീളമുള്ള സ്‌കൂളുകളിൽ ഈ വർഷം നടന്ന 130-ലധികം സംഭവങ്ങളിൽ വെടിവെപ്പും ഉൾപ്പെടുന്നു. അവയില്‍ 30-ലധികം പേർക്ക് പരിക്കുകളോ മരണമോ സംഭവിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ടെക്‌സാസിലെ ഉവാൾഡെയിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ മെയ് മാസത്തിൽ രണ്ട് മുതിർന്നവരുടെയും 19 കുട്ടികളുടെയും ജീവൻ അപഹരിച്ച കൂട്ട വെടിവയ്പ്പാണ് ഏറ്റവും മാരകമായത്.

ഫെഡറൽ ഡാറ്റ അനുസരിച്ച്, തോക്ക് മരണങ്ങളുടെ എണ്ണം ഉവാൾഡെ വെടിവയ്പ്പിന് അപ്പുറത്തേക്ക് വ്യാപിക്കുന്നതിനാൽ, അമേരിക്ക അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊരുതുകയാണ്.

2020-ലും 2021-ലും തോക്കുകൾ വാങ്ങുന്നത് റെക്കോർഡ് തലത്തിലേക്ക് ഉയർന്നതോടെയാണ് തോക്ക് അക്രമങ്ങള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ചത്. ആ വർഷങ്ങളിലെ തോക്ക് മരണനിരക്ക് 1995 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി, അതായത് ഓരോ വർഷവും 45,000-ത്തിലധികം മരണങ്ങൾ.

ഗൺ വയലൻസ് ആർക്കൈവ് (Gun Violence Archive) എന്ന സ്വതന്ത്ര ഡാറ്റാ കളക്ഷൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ഈ വർഷം മാത്രം 380-ലധികം കൂട്ട വെടിവയ്പ്പുകൾക്ക് അമേരിക്ക സാക്ഷ്യം വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News