പ്രിയ വർഗീസിന് വേണ്ടത്ര അദ്ധ്യാപന പരിചയമില്ലെന്ന് യുജിസി; നിയമനം മരവിപ്പിച്ചത് ഒക്ടോബര്‍ 20 വരെ ഹൈക്കോടതി നീട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്‌ടോബർ 20 വരെ നീട്ടി. നിയമനത്തിന് ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് യുജിസി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മാനദണ്ഡപ്രകാരം പ്രിയ വർഗീസിന് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലെന്ന് യുജിസി കോടതിയെ രേഖാമൂലം അറിയിച്ചു.

യു.ജി.സി നേരത്തെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും നിലപാട് രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യു.ജി.സി രേഖകള്‍ കോടതിയ്ക്ക് സമര്‍പ്പിച്ചത്. പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അധ്യാപനപരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യു.ജി.സി സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. യു.ജി.സിക്ക് വേണ്ടി ഡല്‍ഹിയിലെ യു.ജി.സി എജ്യൂക്കേഷന്‍ ഓഫീസറാണ് സത്യവാങ്മൂലം നല്‍കിയത്.

അതേസമയം, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പ്രിയാ വർഗീസിന് കോടതി സമയം അനുവദിച്ചു. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഒക്ടോബർ 20ന് പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News