‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന’ ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു

ദുബൈ: മലയാളികള്‍ എന്നെന്നും ഓര്‍മ്മിക്കുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 80 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി ദുബൈയിലെ ആസ്റ്റർ മാൻഖുൽ ആശുപത്രിയിലായിരുന്നു അന്ത്യം. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. വൈശാലി, ദുധുഹര, സുകൃതം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അറബിക്കഥ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മലയാളികൾക്ക് മറക്കാൻ കഴിയാത്ത മുഖമാണ് അറ്റ്‌ലസ് രാമചന്ദ്രന്റേത്. “ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാൾക്കു പോലും ആ മുഖം മറക്കാൻ സാധിക്കുകയില്ല. ബിസിനസ്സ് നന്നായി നടക്കുന്നതിനിടയിലാണ് അദ്ദേഹം കോടികളുടെ കടക്കെണിയിലായത്. കടബാധ്യതമൂലം ജയിൽവാസവും അനുഭവിക്കേണ്ടിവന്നു.

2015 ഓഗസ്റ്റിൽ വിവിധ ബാങ്കുകളിൽ നിന്നെടുത്ത 55 കോടി ദിർഹമിന്റെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ദുബായ് കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിന് പിന്നാലെയാണ് മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയത്.

കാനറ ബാങ്ക് ജീവനക്കാരനായാണ് അറ്റ്‌ലസ് രാമചന്ദ്രൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1974 മാർച്ചിൽ കുവൈറ്റിലേക്ക് പോയി. കുവൈറ്റിലെ കൊമേഴ്‌സ്യൽ ബാങ്കിൽ ജോലി ചെയ്യുമ്പോഴാണ് ജ്വല്ലറി ബിസിനസ്സിലേക്ക് തിരിഞ്ഞത്. 1981 ഡിസംബറിൽ തന്റെ ആദ്യ ജ്വല്ലറി സ്റ്റോർ ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകളുണ്ട്.

പ്രവാസികൾക്കിടയിലെ മികച്ച സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഹെൽത്ത് കെയറിലും റിയൽ എസ്റ്റേറ്റിലും ജോലി ചെയ്തു. അറ്റ്ലസ് ഹെൽത്ത് കെയർ ഹോസ്പിറ്റൽ നിരവധി മലയാളികൾക്ക് സഹായകമാണ്.

Print Friendly, PDF & Email

Leave a Comment

More News