ചിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി

ചിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ചിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ച് ബെൽവുഡിലുള്ള മാർ തോമാ ശ്ലീഹാ കത്തീഡ്രലിൽ രാവിലെ 7.30 ന് എത്തിച്ചേർന്നു. കർദ്ദിനാൾ സൂപ്പിച്ചിനെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ഇംഗ്ലണ്ടിലെ മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കൽ, അതിരൂപതാ ചാൻസലർ വിൻസെൻറ് ചെറുവത്തൂർ, വികാരി ജനറൽ ഫാ. തോമസ് കടുകപ്പിള്ളി, രൂപതാ ചാൻസലർ ഡോ. ജോർജ് ദാനവേലി, രുപതാ പ്രെക്രുറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, പാലാ രുപതാ ചാൽസലർ ഫാ. സെബാസ്റ്റ്യൻ വേന്താനത്ത് മറ്റു വൈദികർ, സന്യാസിനിമാർ, കൈക്കരന്മാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. പാരിഷ് ഹാളിൽ നിന്ന് ദേവലായത്തിലേക്ക് പ്രദക്ഷിണമായി നീങ്ങിയ വിശിഷ്ഠ വ്യക്തികളെ മലയാളത്തനിമയോടെ താലപ്പെലിയേന്തി, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ദേവലായത്തിലേക്ക് ആനയിച്ചപ്പോൾ ഇടവകാംഗങ്ങൾ പേപ്പൽ പതാക വീശി ഇരുവശങ്ങളിലുമായി അണിനിരന്നു.

ദിവ്യബലിയ്ക്ക് മുൻപ് മാർ ജോയി ആലപ്പാട്ട് തന്റെ സ്വാഗത പ്രസംഗത്തിൽ ചിക്കാഗോ ആർച്ച്ഡയസിസ് സീറോ മലബാർ സമൂഹത്തിന് ചെയ്ത സഹായങ്ങൾക്ക് പ്രത്യേകം നന്ദി പറഞ്ഞു. ചിക്കാഗോയിലെ സീറോ മലബാർ സമൂഹത്തിന്റെ വളർച്ചയിൽ ലാറ്റിൻ അതിരൂപതയായ ചിക്കാഗോ ആർച്ച് ഡയസിസ് ചെലുത്തിയ സ്വാധീനം എടുത്തു പറഞ്ഞു. മുൻ സഭാതലവന്മാർ ചെയ്ത സേവനങ്ങള്‍ നന്ദിയോടെ ഓർമ്മിച്ചു.

വിശുദ്ധ കുർബാനക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരി നേതൃത്വം നൽകിയപ്പോൾ ബിഷപ്പുമാരായ മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ സ്റ്റീഫൻ സ്രാമ്പിക്കൽ എന്നിവർ സഹകാർമിത്വം വഹിച്ചു. കുർബാന മധ്യേ കർദിനാൾ സൂപ്പിച്ച് സീറോ മലബാർ സമൂഹം ഒരിക്കലും തങ്ങളുടെ മാതൃഭാഷയും തോമാഗ്ലീഹായിൽ നിന്നും ഏറ്റു വാങ്ങിയ വിശ്വാസ പാരമ്പര്യവും മറക്കരുതെന്നും ഓർമ്മിപ്പിച്ചു.

വിശ്വാസപാരമ്പര്യം അഭിമാനത്തോടെ യുവജനങ്ങൾക്ക് കൈമാറി വിശ്വാസം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ചിക്കാഗോ ആർച്ച് ഡയസിസ് ചെയ്ത ഉപകാരങ്ങളെക്കാൾ, സീറോ മലബാർ സമൂഹം തങ്ങളുടെ വിശ്വാസ പൈതൃകത്തിൽ ജീവിക്കുന്നതിലൂടെ, വളർന്ന് വലുതാകുന്നതിലൂടെ ചിക്കാഗോയിലെ ലാറ്റിൻ രുപതയ്ക്കാണ് മാതൃകയും, ഉത്തേജനവും നൽകുന്നതെന്ന് പിതാവ് പറഞ്ഞു. വളരെ വ്യത്യസ്തമായ ആചാരഅനുഷ്ടാനങ്ങളിലൂടെ ഞങ്ങളുടെ വിശ്വാസ പൈതൃകം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര്‍ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.

ദിവ്യബലിക്കു ശേഷം മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പുതിയ മെത്രാനായ മാർ ആലപ്പാട്ടിന് ആശംസകൾ നേരുകയും, വിരമിച്ച മാർ അങ്ങാടിയത്ത് സഭയുടെ വളർച്ചയ്ക്ക് ചെയ്ത സേവനങ്ങൾ നന്ദിയോടെ സ്മരിക്കുകയും ചെയ്തു. ഭാരതത്തിലെ സീറോ മലബാർ സഭ ഇന്ന് കടന്നുപോകുന്ന പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിക്കുവാൻ പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഫാ. തോമസ് കടുകപ്പിള്ളി നന്ദിപ്രകാശനം നടത്തി. ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണച്ചടങ്ങുകൾക്ക് അക്ഷീണം പ്രയത്നിച്ച എല്ലാവരെയും ഒപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയ മെത്രാന്മാരേയും വൈദികരെയും സന്യസ്തരെയും നന്ദിയോടെ ഓർക്കുന്നതായും ഫാ കടുകപ്പിള്ളി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News