കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് പയ്യാമ്പലത്ത്

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് (ഒക്ടോബർ 3) നടക്കും. സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്താണ് നടക്കുക. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മൃതദേഹം രാവിലെ 11ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.

പാർട്ടിയുടെ മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അന്തിമോപചാരം അർപ്പിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തും. തുടർന്ന് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. നിരവധി നേതാക്കളാണ് പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നത്.

മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുൻ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെയും സ്മൃതിമണ്ഡപത്തിന്‍റെ മധ്യത്തിലായിരിക്കും ശരിക്കും കോടിയേരിക്കും ചിതയൊരുക്കുന്നത്. ഇതിന് തൊട്ടടുത്തായി രക്തസാക്ഷി അഴീക്കോടൻ രാഘവന്‍റെ സ്മൃതി കുടീരവുമുണ്ട്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ആദരസൂചകമായി കണ്ണൂർ തലശ്ശേരി മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളും മന്ത്രിമാരും വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും. അര്‍ബുദം ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ച രാത്രിയാണ് കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചത്. ഇന്നലെ(ഒക്‌ടോബര്‍ 2) ഉച്ചയോടെയാണ് ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലെത്തിച്ചത്.

Print Friendly, PDF & Email

Leave a Comment

More News