യുപിയിലെ മെയിൻപുരിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മെയിൻപുരി : ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച യുവാവ് പെൺകുട്ടിയെ വീടിനുള്ളിൽ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.

ഗ്രാമവാസിയായ പ്രതിയായ പുഷ്പേന്ദ്ര ലോധി (25) യാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ 19കാരിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

മാതാപിതാക്കള്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയെ മർദിക്കുകയും കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കെട്ടിത്തൂക്കി വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

ഇരയുടെ അനുജത്തി പിന്നീട് ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിച്ചത്. പോലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് സംഘവുമായി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും അടങ്ങുന്ന സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News