കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയ സിപി‌എമ്മിന് നഗരസഭ പിഴ ചുമത്തി

കണ്ണൂർ: കണ്ണൂർ ജവഹർ സ്റ്റേഡിയം മലിനമാക്കിയതിന് സിപിഎമ്മിന് പിഴ ചുമത്താനുള്ള തീരുമാനം പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുന്നു. കണ്ണൂർ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ജവഹർ സ്റ്റേഡിയം സിപിഎം പാർട്ടി കോൺഗ്രസിന് വേണ്ടി ഉപയോഗിച്ച് മലിനമാക്കിയതിനാണ് യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷൻ പിഴ ചുമത്തിയത്.

കോർപറേഷൻ നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രംഗത്തെത്തി. സ്റ്റേഡിയം മാലിന്യക്കൂമ്പാരമായി മാറിയതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. പിഴയടച്ച പണം കൊണ്ടെങ്കിലും സ്റ്റേഡിയം നന്നാക്കണം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സ്റ്റേഡിയം സിപിഎമ്മുകാർ സ്റ്റേഡിയം വൃത്തിയാക്കിയെന്നും ജയരാജൻ പറഞ്ഞു.

എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് സ്റ്റേഡിയം ഉപയോഗിച്ചതിന് പിന്നാലെ സ്റ്റേഡിയം മലിനമാക്കിയതിന് പിഴ ഈടാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചെന്നായിരുന്നു മേയറുടെ മറുപടി. 47,000 രൂപ പിഴ ഈടാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സ്റ്റേഡിയം ഉപയോഗിക്കാന്‍ ഡെപ്പോസിറ്റായി നല്‍കിയ 25,000 രൂപ തിരികെ നൽകേണ്ടതില്ലെന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ചായിരുന്നു പിഴ ഈടാക്കാനുള്ള കോർപ്പറേഷന്‍റെ തീരുമാനം. ഇതിന് പിന്നില്‍ രാഷ്‌ട്രീയ തീരുമാനമാണെന്ന സിപിഎം വിമർശനം ബാലിശമാണെന്ന് കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News