സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി റോഡില്‍ തെറിച്ചുവീണ സംഭവം; പോലീസ് കേസെടുത്തു

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി റോഡില്‍ വീണ സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് നാലു മണിയോടെ പാക്കിൽ പവർഹൗസ് ജങ്ഷനിലാണ് സംഭവം നടന്നത്.

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിറാമാണ് റോഡിലേക്ക് തെറിച്ചു വീണത്. വീഴ്ചയിൽ കുട്ടിയുടെ മുഖത്തും ഇടതു കൈമുട്ടിനും സാരമായി പരിക്കേറ്റു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ രണ്ട് പല്ലുകളും അടർന്നു.

കോട്ടയം-കൈനടി റൂട്ടിലോടുന്ന ചിപ്പി ബസാണ് അപകടമുണ്ടാക്കിയത്. സ്റ്റോപ്പിലെത്തിയപ്പോൾ ബസ് നിർത്താതെ അമിതവേഗതയിലായിരുന്നു എന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. സ്റ്റോപ്പിൽ ഇറങ്ങാൻ ബസിന്റെ മുകളിലെ പടിയിൽ നിന്ന അഭിരാം തെന്നി റോഡിൽ വീഴുകയായിരുന്നു. അപകടസമയത്ത് ബസിന്റെ വാതില്‍ അടച്ചിരുന്നില്ല. കുട്ടി റോഡിൽ വീണിട്ടും ബസ് നിർത്താതെ പോകുകയായിരുന്നു.

പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ സന്ദർശിച്ചു.

ബസ് അമിത വേഗതയിലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഒക്ടോബർ 12 തിങ്കളാഴ്ച ആര്‍ ടി ഒയുടെ മുമ്പാകെ ഹാജരാകാൻ ഡ്രൈവറോട് നിർദേശിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ഡോർ സംവിധാനത്തിലെ തകരാറും അമിത വേഗതയുമാണ് അപകടകാരണമെന്നാണ് നിഗമനം.

പൊലീസ് ബസ് പിടിച്ചെടുത്തു; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം: പാക്കിൽ പവർഹൗസ് റോഡിൽ സ്വകാര്യ ബസിന്‍റെ തുറന്നു വച്ച ഡോറിലൂടെ എട്ടാം ക്ലാസ് വിദ്യാർഥി റോഡിൽ തെറിച്ചു വീണ സംഭവത്തിൽ ബസ് പിടിച്ചെടുത്ത് പൊലീസ്. ചിപ്പി എന്ന സ്വകാര്യ ബസ് ആണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഇടപെട്ടതോടെയാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.

ഉച്ചയോടെ കുട്ടിയുടെയും പിതാവിന്‍റെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, രണ്ടു മണിയോടെ ബസ് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ആർടിഒ അറിയിച്ചു. പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

Print Friendly, PDF & Email

Leave a Comment

More News