ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം 17 പേരെ വെടിവെച്ചു കൊന്ന യുവാവിന് പരോളില്ലാതെ ജീവപര്യന്തം തടവു ശിക്ഷ

ഫോർട്ട് ലോഡർഡേൽ (ഫ്ലോറിഡ) : പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 2018ൽ 17 പേരെ കൊലപ്പെടുത്തിയ കേസിൽ 24-കാരനായ നിക്കോളാസ് ക്രൂസിന് പരോൾ ഇല്ലാതെ ജീവപര്യന്തം തടവു ശിക്ഷ വിധിക്കും.

കോടതി മുറിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ വിതുമ്പി. ഗ്രാഫിക് വീഡിയോകൾ, ഫോട്ടോകൾ, കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ, ഇരകളുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ഹൃദയഭേദകമായ സാക്ഷ്യം, ചോരപ്പാടുകള്‍ എന്നിവ ഉൾപ്പെടുന്ന ദൃശ്യങ്ങള്‍ മൂന്ന് മാസത്തെ വിചാരണയില്‍ കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ജൂറിയുടെ ശുപാർശ വന്നത്.

ഫ്ലോറിഡയിലെ നിയമമനുസരിച്ച്, വധശിക്ഷയ്ക്ക് കുറഞ്ഞത് ഒരു എണ്ണത്തിലെങ്കിലും ഏകകണ്ഠമായ വോട്ട് ആവശ്യമാണ്. നവംബർ 1-ന് സർക്യൂട്ട് ജഡ്ജി എലിസബത്ത് ഷെറർ ഔപചാരികമായി ജീവപര്യന്തം ശിക്ഷ വിധിക്കും. ശിക്ഷാവിധി കേൾക്കുമ്പോൾ പരിക്കേറ്റ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒപ്പം ബന്ധുക്കൾക്കും സംസാരിക്കാൻ അവസരം നൽകും.

ജൂറിയുടെ ശുപാർശകൾ വായിച്ചപ്പോൾ ക്രൂസ്, നിസ്സംഗതയോടെ തല കുമ്പിട്ട് മേശയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചതോടെ ഇരകളുടെ കുടുംബാംഗങ്ങളില്‍ നിന്ന് മുറവിളി ഉയർന്നു. ഏകദേശം മൂന്ന് ഡസനോളം മാതാപിതാക്കളും, ഇരകളുടെ മറ്റ് ബന്ധുക്കളും കോടതി മുറിയില്‍ നിറഞ്ഞിരുന്നു. ഓരോ ഇരയ്ക്കും വേണ്ടിയുള്ള ജൂറിയുടെ തീരുമാനം ജഡ്ജി 50 മിനിറ്റുകൊണ്ട് വായിക്കുമ്പോള്‍ പലരും തല കുലുക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. കോടതി വിട്ടിറങ്ങിയ ചില മാതാപിതാക്കൾ വിതുമ്പിക്കരഞ്ഞു.

2018 ഫെബ്രുവരി 14 ന് 14 വിദ്യാർത്ഥികളെയും മൂന്ന് ജീവനക്കാരെയും കൊലപ്പെടുത്തുകയും 17 പേർക്ക് പരിക്കേല്പിക്കുകയും ചെയ്തതിന് 24 കാരനായ ക്രൂസ് ഒരു വർഷം മുമ്പ് കുറ്റം സമ്മതിച്ചിരുന്നു. സ്റ്റോൺമാൻ ഡഗ്ലസ് സ്കൂള്‍ വിദ്യാർത്ഥികൾ വീണ്ടും അവധി ആഘോഷിക്കുന്നത് അസാധ്യമാക്കാനാണ് താൻ വാലന്റൈൻസ് ഡേയില്‍ തന്നെ വെടിവെയ്പ് നടത്താന്‍ തിരഞ്ഞെടുത്തതെന്ന് ക്രൂസ് പറഞ്ഞു. അമേരിക്കയില്‍ അതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പായിരുന്നു അത്.

ക്രൂസിന്റെ ലീഡ് അറ്റോർണി മെലിസ മക്‌നീലും സംഘവും ക്രൂസ് വരുത്തിവച്ച ഭയാനകതയെ ഒരിക്കലും ചോദ്യം ചെയ്തില്ല. എന്നാല്‍, ഗർഭകാലത്ത് അമ്മയുടെ അമിതമായ മദ്യപാനം അവനെ ഗര്‍ഭ പിണ്ഡത്തിന്റെ ആൽക്കഹോൾ സ്പെക്‌ട്രം ഡിസോർഡർ ബാധിച്ചുവെന്ന് വാദിച്ചു.

രണ്ടാം വയസ്സില്‍ തന്നെ ക്രൂസ് വിചിത്രവും വിഷമിപ്പിക്കുന്നതും ചിലപ്പോൾ അക്രമാസക്തവുമായ സ്വഭാവം/ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ മുതലായവ അനുഭവിച്ചിട്ടുണ്ടെന്നും, ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നും അറ്റോര്‍ണി വാദിച്ചു.

ക്രൂസിന് ഗര്‍ഭ പിണ്ഡത്തില്‍ ആല്‍ക്കഹോള്‍ സ്പെക്ട്രം ഡിസോര്‍ഡര്‍ ബാധിച്ചിട്ടില്ലെന്നും, മറിച്ച് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യമുണ്ടെന്നും – സാധാരണ രീതിയിൽ പറഞ്ഞാൽ, അയാള്‍ ഒരു സോഷ്യോപാത്ത് ആണെന്നും ലീഡ് പ്രൊസിക്യൂട്ടര്‍ മൈക്ക് സാറ്റ്സ് വാദിച്ചു. തനിക്ക് ‘മസ്തിഷ്ക ക്ഷതം’ സംഭവിച്ചതായി ക്രൂസ് വ്യാജമായി പറഞ്ഞുവെന്നും തന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അയാള്‍ക്ക് കഴിവുണ്ടെന്നും പ്രൊസിക്യൂട്ടര്‍ പറഞ്ഞു.

പ്രോസിക്യൂട്ടർമാർ മാനസികാരോഗ്യ വിദഗ്ധരുമായി കുറ്റകൃത്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ നിരവധി വീഡിയോ റെക്കോർഡിംഗുകളും കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. അവിടെ ക്രൂസ് തന്റെ ആസൂത്രണത്തെയും പ്രചോദനത്തെയും കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. ക്രൂസിന് 9 വയസ്സുള്ളപ്പോൾ 12 വയസ്സുള്ള അയൽക്കാരൻ ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തിൽ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News