തലമുടി നീട്ടി വളർത്തിയതിന് വിദ്യാർത്ഥിയെ മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കണ്ണൂർ: തലമുടി നീട്ടി വളര്‍ത്തിയതിന് കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. പിടിഎ എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്ലാത്തൂർ സ്വദേശി മുഹമ്മദ് സഹലിനെ പ്ലസ് 2 വിദ്യാർത്ഥികളുടെ സംഘം ക്രൂരമായി മർദ്ദിച്ചത്. മുഹമ്മദ് സഹല്‍ തലമുടി നീട്ടി വളർത്തിയതിനെ ചോദ്യം ചെയ്യുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ചെവി വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്നാണ് സഹലിന്റെ വീട്ടുകാർ ശ്രീകണ്ഠാപുരം പരാതി നൽകിയത്.

മാതാപിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയും സ്കൂള്‍ അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ശ്രീകണ്ഠപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സഹലിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.

രണ്ടാഴ്ച മുന്‍പും ഇതേ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ പറയുന്നു. ടി സി വാങ്ങാനെത്തിയ ചുഴലി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സഹല്‍ തലമുടി നീട്ടി വളര്‍ത്തിയത് ചില വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ കൂടുതല്‍ പേര്‍ എത്തി വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു എന്നു പറയുന്നു. സ്‌കൂളിലെ വിദ്യാര്‍ഥി തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും.

Print Friendly, PDF & Email

Leave a Comment

More News