ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. പ്രതികളുമായി ഭഗവല്‍ സിംഗിന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ തെളിവെടുപ്പിനായി എത്തിയ പോലീസിന്റെ വിശദമായ പരിശോധനയിലാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തികൾ കണ്ടെടുത്തത്. മുറിയിൽ കുഴിച്ചിട്ട നിലയിൽ മൂന്ന് കത്തികളും ഒരു വെട്ടുകത്തിയും കണ്ടെത്തി. മാത്രമല്ല, വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജിൽ രക്തക്കറയും കണ്ടെത്തി. പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം ഫ്രിഡ്ജിൽ പതിഞ്ഞതായും ആയുധങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്.

ഇതിനിടെ വീട്ടില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കൊച്ചി പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ആറന്‍മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്.

നേരത്തെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. നരബലിയില്‍ കൂടുതല്‍ ഇരകള്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് വിശദ പരിശോധന നടത്തുന്നത്.

അതേസമയം, ഇന്നലെ പ്രതികളുമായി ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ വീടിന് സമീപത്ത് നിന്നും ഒരു അസ്ഥിക്കഷ്ണം കണ്ടെടുത്തിരുന്നു.

വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഒരു മരത്തിന് സമീപത്ത് നിന്നാണ് അസ്ഥിക്കഷ്ണം കണ്ടെടുത്തത്. മുന്‍പ് റോസ്‌ലിയുടെ മൃതദേഹം ലഭിച്ച സ്ഥലത്തിന് സമീപത്ത് നിന്നാണ് ഈ അസ്ഥിക്കഷ്ണം ലഭിച്ചത്. ഡോഗ് സ്‌ക്വാഡിലെ പ്രത്യേകം പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് ലഭിച്ചത്. കണ്ടെടുത്ത അസ്ഥിക്കഷ്ണം മനുഷ്യന്റേതാണോ മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥിക്കഷ്ണം ഫോറന്‍സിക് പരിശോധയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

പോലീസ് നായ അസ്വാഭാവികമായി പ്രതികരിച്ച ആറോളം സ്ഥലങ്ങള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കുഴിച്ച് പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വൈകാതെ അന്വേഷണസംഘം തീരുമാനമെടുക്കും. കൂടാതെ വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്നുള്ള തിരുമ്മല്‍ ചികിത്സാകേന്ദ്രത്തിലും വീടിനുള്ളിലും പൊലീസ് പരിശോധന നടത്തി.

കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ കൊച്ചിയില്‍ നിന്നും ഇന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൂന്ന് പ്രതികളെയും മൂന്ന് വാഹനങ്ങളിലായാണ് എത്തിച്ചത്. സ്ഥലത്ത് വന്‍ ജനാവലി തടിച്ചുകൂടിയതിനെത്തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു. പ്രതികളെ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Print Friendly, PDF & Email

Leave a Comment

More News