സ്വർണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡൽഹി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം. ഇഡിക്കെതിരായ രാഷ്ട്രീയ വിമർശനം ഒഴിവാക്കിയും സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ചുമാണ് സർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണമെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേസിലെ ഉന്നതർക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമാണ്. ഇഡി പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേറ്റിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ മാത്രമാണ് ഇതില്‍ വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയവിമര്‍ശനങ്ങളില്ല.

അതേസമയം ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി കേന്ദ്രസര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണെന്നും കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം.

Print Friendly, PDF & Email

Leave a Comment

More News