തഴയും തോറും തരംഗമാകും തരൂര്‍ (സുമോദ്‌ നെല്ലിക്കാല)

മലയാളിക്ക്‌ ഞണ്ടിന്റെ സ്വഭാവമാണെന്നുള്ള പഴംചൊല്ല്‌ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു മലയാളി കോണ്‍ഗ്രസ്‌ പ്രസിഡന്റ് ആവാന്‍ കഴിവുള്ളവനാകുക എന്നത്‌ ചെറിയ കാര്യമല്ല. ഒരുപക്ഷെ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന പ്രതിഭാസം. പക്ഷെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഞങ്ങള്‍ക്ക്‌ ലഭിക്കാത്ത സ്ഥാനമാനമൊന്നും നിങ്ങള്‍ക്കും വേണ്ട. അതല്ലെങ്കില്‍ ഞങ്ങള്‍ക്കൊട്ടു തിന്നാനും പറ്റില്ല, നിന്നെക്കൊണ്ടു തീറ്റിക്കത്തുമില്ല. അല്ല പിന്നെ.

കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ രാഷ്ട്ര പ്രസിഡന്റ് മാത്രമല്ല അന്താരാഷ്ട്ര പ്രസിഡന്റ് ഉണ്ടെങ്കില്‍ അതിനു പോലും ഗോഗ്യനാണ്‌ ശശി തരൂരെന്ന്‌ അറിവില്ലാഞ്ഞല്ല. ഇനിയും ഇതുപോലെ യോഗ്യനായ ഒരാള്‍ മലയാളത്തില്‍ നിന്ന്‌ ഉടനെ എങ്ങും ഉണ്ടാകുമെന്നു വിചാരിച്ചിട്ടുമില്ല. പക്ഷെ തങ്ങളേക്കാള്‍ പുറകെ മെമ്പര്‍ഷിപ്പ് എടുത്ത ഒരാള്‍ നേതൃത്വ സ്ഥാനത്തു വന്നാലുണ്ടാവുന്ന ഒരു മനപ്രയാസം. അത്ര മാത്രമേ ഉള്ളു.

പാട്ട വിളക്കുകള്‍ക്കിടയില്‍ ഇലക്ട്രിക്ക്‌ ബള്‍ബ് വന്നപോലെ ആയിരുന്നു തരൂരിന്റെ രംഗ പ്രവേശം. പിന്നീട് ഇലക്ട്രിക്ക്‌ ബള്‍ബ്‌ ഹാലജന്‍ ബള്‍ബ് ആയപ്പോള്‍ പാട്ട വിളക്കുകള്‍ കരിന്തിരികളാവുന്നു എന്ന തിരിച്ചറിവാവാം അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്‌. തരൂരിനെ തോല്‍പ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നതു ഇത്‌ ആദ്യമായൊന്നുമല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെങ്ങനെ ജയിക്കാം എന്നതിനേക്കാള്‍ തരൂരിനെ എങ്ങനെ തോല്‍പ്പിക്കാം എന്നതായിരുന്നു പല നേതാക്കളുടെയും മുഖ്യ അജണ്ട. പക്ഷെ ജനങ്ങള്‍ അത്ര മണ്ടന്മാര്‍ അല്ലല്ലോ.

ഉപദേശിച്ചു ഉപദേശിച്ചു ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഒരു പരുവത്തിലാക്കിയ കെ സി വേണുഗോപാലിന്റെ വാക്ക്‌ കേട്ടാണ്‌ കേരളാ നേതാക്കള്‍ ശശി തരൂരിനെ എതിര്‍ക്കുന്നതെങ്കില്‍ അവര്‍ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഈ ഇലക്ഷനെ ആശ്രയിച്ചിരിക്കും. കാരണം, കേരളത്തിന്‌ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൈവരാമായിരുന്ന ഈ ഭാഗ്യം, കേരളത്തിലെ നേതാക്കള്‍ വഴി നഷ്ടമായി എന്ന്‌ വന്നാല്‍ അടുത്ത നിയമ സഭാ ഇലക്ഷനോട്‌ കൂടി കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി വട്ട പൂജ്യമാവും. കോണ്‍ഗ്രസ്‌ പ്രസിഡന്റ് സ്ഥാനത്തിന്‌ മാത്രമേ ഉള്ളു നേതാക്കൻമാര്‍ക്ക്‌ വോട്ട്. നിയമ സഭാ ഇലക്ഷന്‍ ജനങ്ങള്‍ക്ക്‌ ആണ്‌ വോട്ട് എന്ന്‌ മനസിലാക്കിയാല്‍ നന്ന്‌.

ലോകം മുഴുവന്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ തരൂരിനെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി കുപ്പായം തയ്ച്ചു കാത്തിരിക്കുന്ന ചിലരൊക്കെ അത്‌ നഷ്ടപ്പെടുമോ എന്ന ഭയം മൂലമാവാം തരൂരിനെ താറടിക്കാന്‍ നോക്കുന്നത്‌. പക്ഷെ അതുമൂലം ഡല്‍ഹിയിലും പഞ്ചാബിലും സംഭവിച്ചത്‌ പോലെ ഇവിടെയും സംഭവിച്ചാല്‍ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നേതാക്കന്മാര്‍ അതിനൊരു നിമിത്തമായി എന്ന്‌ കരുതിയാല്‍ മതി. അല്ലെങ്കിലും ഒന്ന്‌ ചീഞ്ഞെങ്കിലല്ലാതെ മറ്റൊന്നിനു വളമാകുമോ.

മറ്റു പാര്‍ട്ടികള്‍ പല പ്രാവശ്യം തിരഞ്ഞടുക്കപ്പെട്ടവരെ മാറ്റിനിര്‍ത്തുമ്പോള്‍ എം എല്‍ എമാരെ ലോക് സഭയിലേക്കും എം പി മാരെ നിയമ സഭയിലേക്കും മത്സരിപ്പിച്ചു ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചവരാണ്‌ തരൂരിന്‌ പരിചയ സമ്പത്തില്ല എന്ന്‌ പറയുന്നത്‌ എന്നതാണ്‌ ഏറെ രസകരം.

ജനവികാരം മനസിലാക്കി യുവ നേതാക്കള്‍ തരൂരിനെ അനുകൂലിക്കുന്നത് ഒരു പക്ഷെ കോണ്‍ഗ്രസ്‌ മരിച്ചു പോകരുതെന്ന ആഗ്രഹം കൊണ്ടാവാം. പക്ഷെ മരണ ശയ്യയില്‍ നിന്ന്‌ കോണ്‍ഗ്രസിനെ ഉയര്‍പ്പിക്കുമെന്നു വിചാരിച്ച വി ഡി സതീശന്‍ പോലും തരൂരിനെതിരാവുമ്പോള്‍ അസൂയയുടെ അടിയൊഴുക്കുകള്‍ എത്ര ശക്തമാണ്‌ എന്ന്‌ ഈഹിക്കാവുന്നതേ ഉള്ളു. ജനവികാരം മനസിലാകാഞ്ഞിട്ടാവില്ല, തങ്ങള്‍ക്കു ശേഷം പ്രളയം എന്ന രീതിയിലാണ്‌ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ എന്ന്‌ പറയാതെ വയ്യ.

വാരഫലം: കുശുമ്പില്‍ കുന്നായ്മയുടെ അപഹാരം നില നില്‍ക്കുന്നതുകൊണ്ടു മൂത്ത നേതാക്കള്‍ വഴി കുലം കുളം തോണ്ടാന്‍ സാധ്യത തെളിഞ്ഞു കാണുന്നുണ്ട്‌. തോറ്റാലും ജയിച്ചാലും തരൂരിന്‌ ജയവും കേരളാ നേതാക്കള്‍ക്ക്‌ തോല്‍വിയും ഫലം.

Print Friendly, PDF & Email

Leave a Comment

More News