ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിൽക്കിസ് ബാനോ കേസുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് മനീഷ് സിസോദിയ ഒഴിഞ്ഞു മാറി

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) മുതിർന്ന നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ബിൽക്കിസ് ബാനോ കേസിലെ സമീപകാല സംഭവവികാസത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

ബിൽക്കിസ് ബാനോ, ന്യൂനപക്ഷ വിഷയങ്ങളിൽ ആം ആദ്മി പാർട്ടി നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ “ഞങ്ങളുടെ പ്രധാന ശ്രദ്ധ വിദ്യാഭ്യാസം, സ്‌കൂളുകൾ, ആശുപത്രികൾ, തൊഴിൽ തുടങ്ങിയ പ്രശ്നങ്ങള്‍” ആണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, എഎപി പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെ രോഷം പ്രകടിപ്പിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് എഎപി മന്ത്രി.

ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് സിസോദിയക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് (സിബിഐ) ആരോപണം ഉന്നയിച്ചിരുന്നു. ഒക്‌ടോബർ 17ന് സിസോദിയയെ 24 മണിക്കൂറോളം കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തു. തന്റെ ചോദ്യം ചെയ്യലിനെ രാഷ്ട്രീയ പകപോക്കൽ എന്നാണ് ഉപമുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ ജനപ്രീതിയെ ബിജെപി ഭയന്നതിനാലാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്ന് സിസോദിയ അവകാശപ്പെട്ടു.

അഞ്ച് മാസം ഗർഭിണിയായ ബിൽക്കിസിനെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 15 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റക്കാരായ 11 പ്രതികളുടെ മോചനത്തിന് അനുമതി നൽകിയതായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഒരു വയസ്സുള്ള കുട്ടിയുടെ തല നിലത്തടിച്ച് കൊലപ്പെടുത്തിയിരുന്നു.

കുറ്റവാളികൾ 14 വർഷം ജയിൽവാസം പൂർത്തിയാക്കിയതിനാലാണ് മോചിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും ജയിൽ വാസത്തിനിടെ അവരുടെ പെരുമാറ്റം “നല്ല പെരുമാറ്റം” ആയിരുന്നു എന്നും കേന്ദ്രം അറിയിച്ചു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വർഷത്തിലേക്ക് കടന്നപ്പോൾ ഈ വർഷം ഓഗസ്റ്റ് 15 ന് ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന ഗുജറാത്ത് സംസ്ഥാന സർക്കാർ 11 കുറ്റവാളികളെ മോചിപ്പിച്ചു.

2008ൽ കൊലപാതകം, ബലാത്സംഗം എന്നീ കേസുകളിൽ പ്രതികളായ 11 പേരെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി പിന്നീട് ബോംബെ ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.

എന്നാല്‍, ഗുജറാത്ത് സംസ്ഥാന സർക്കാർ, അതിന്റെ റിമിഷൻ പോളിസി പ്രകാരം, കുറ്റം ചുമത്തപ്പെട്ടവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കൗതുകകരമെന്നു പറയട്ടെ, ഉപദേശക സമിതിയുടെ ഭാഗമായിരുന്ന 10 അംഗങ്ങളിൽ അഞ്ചുപേരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരിൽ നിന്നുള്ളവരാണ്.

Print Friendly, PDF & Email

Leave a Comment

More News