ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി; നരഹത്യാ കുറ്റം ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം കോടതി ഒഴിവാക്കി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ കോടതി ഇരുവരോടും വിചാരണയ്ക്ക് ഹാജരാകാൻ നിർദേശിച്ചു. വിടുതൽ ഹർജി പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

പ്രതികള്‍ക്കെതിരെ ഇനി വാഹനാപകടക്കേസ് മാത്രമേ നിലനില്‍ക്കൂ. കേസിന്റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 20-ന് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിക്കും. അന്ന് രണ്ട് പ്രതികളും കോടതിയില്‍ ഹാജരാകണം. കുറ്റപത്രം ഇരുവരെയും വായിച്ചുകേള്‍പ്പിക്കും.

2019 ഓഗസ്റ്റ് മൂന്നിന് രാവിലെ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാറിൽ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു. വഫയുടെ പേരിലുള്ള വാഹനമാണ് ബഷീറിനെ ഇടിച്ചത്. കേസിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News