വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി രണ്ട് വൈസ് ചാന്‍സലര്‍മാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി കേരളത്തിലെ രണ്ട് വൈസ് ചാന്‍സലര്‍മാരുടെ ഭാവി അനിശ്ചിതത്വിലാക്കുമെന്ന് സൂചന. യുജിസി ചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലറെ നിയമിക്കുന്നതിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരാളുടെ പേര് മാത്രം അയച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.

കാലടി സംസ്‌കൃത സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും സമാനമായ നിയമനം നടന്നിട്ടുണ്ട്. സംസ്‌കൃത സർവകലാശാല വിസിയായി, കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്കൂൾ ഓഫ് ലാംഗ്വേജസ് ഡയറക്ടറുമായ ഡോ. എം.വി. നാരായണനെ കഴിഞ്ഞ മാർച്ചിലാണ് ചാൻസലറായി നിയമിച്ചത്. നിയമനത്തിന് പാനൽ നൽകാതെ ഡോ. നാരായണന്റെ പേര് മാത്രമാണ് സർക്കാർ നൽകിയിരിക്കുന്നത്.

ഇത് അംഗീകരിച്ചായിരുന്നു നിയമനം. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുകയായിരുന്നു. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചത്. ഈ പുനര്‍നിയമനത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടാണ് കണ്ണൂർ വിസിയെ നിയമിച്ചതെന്ന് ചാൻസലർ കൂടിയായ ഗവർണറും പറഞ്ഞിട്ടുണ്ട്. വിസി നിയമനം സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് ഇപ്പോൾ വ്യക്തമായതോടെ ഈ രണ്ട് സർവകലാശാലകളിലെയും വിസിമാരെ ഹിയറിംഗ് നടത്തി മാറ്റാൻ ഗവർണർക്ക് അധികാരമുണ്ട്. ഇത് സർക്കാരിന് മറ്റൊരു തലവേദന സൃഷ്ടിക്കും. കേരള സർവകലാശാല വിസി നിയമനത്തിൽ ഗവർണർ പിടി മുറുക്കുമെന്നും ഇതോടെ ഉറപ്പായി.

Print Friendly, PDF & Email

Leave a Comment

More News