പാര്‍ട്ടി അണികളെ കാട്ടി മുഖ്യമന്ത്രി ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎം അണികളെ കാട്ടി മുഖ്യമന്ത്രി ഗവർണറെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പിണറായി വിജയൻ സംസാരിക്കുന്നത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവർണറല്ലെന്നും കെ സുരേന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി ചെയ്യേണ്ടത് ജനങ്ങളെ അണിനിരത്തി ഗവർണറെ നേരിടാനല്ല, മറിച്ച് ഗവർണർ ഉയർത്തുന്ന നിയമപ്രശ്നത്തെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഭരണഘടനക്കെതിരെ മുഖ്യമന്ത്രി യുദ്ധം പ്രഖ്യാപിക്കുകയാണ്. ധാർമികതയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സിപിഎമ്മുകാരെ അണിനിരത്തി യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നത്. ജനങ്ങളെ തെരുവിലിറക്കി രാജ്ഭവൻ വളഞ്ഞാൽ ഗവർണർ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അധാര്‍മ്മികമായ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് പാർട്ടി നേതാക്കളുടെ ഭാര്യമാരെയും സേവകരെയും നിയമവിരുദ്ധമായി നിയമിക്കുന്നു. ഗവർണർ ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്.

സാങ്കേതിക സർവകലാശാലകളുടെ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ച എല്ലാ വിസിമാരെയും മാറ്റണം. ചാൻസിലർക്കാണ് വൈസ്ചാൻസിലർമാരെ നിയമിക്കാൻ അധികാരം. യോഗ്യതയില്ലാത്തവരെ മാറ്റേണ്ടതിന്റെ ഉത്തരവാദിത്വവും ചാൻസിലർക്കാണ്. മുഖ്യമന്ത്രിയാണ് അമിതാധികാരം പ്രയോഗിക്കുന്നത്. ചാൻസിലറുടെ അധികാരത്തിൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുകയാണ്. സുപ്രീംകോടതി വിധിയോടെ എല്ലാ അനധികൃത നിയമനങ്ങളും അസാധുവാകും. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം തരംതാണരീതിയിലുള്ളതാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.

യോഗ്യതയുള്ളവരെ സർക്കാർ അകറ്റി നിർത്തുകയാണ്. വൈസ് ചാൻസലർ നിയമനം മുതൽ പ്യൂൺ നിയമനം വരെ എകെജി സെന്ററിലാണ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗവര്‍ണര്‍ക്ക് കേരളത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പി രാജീവ് പറയുന്നത്. ഇത് ഭിന്നിപ്പിക്കുന്ന വാക്കുകളാണ്. മന്ത്രിമാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. എന്നാൽ, ഗവർണർ കേരള ജനതയുടെ അഭിമാനം സംരക്ഷിക്കുകയാണ്. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News