നിയതിയുടെ ലീലാവിലാസമോ? (ഡോ. നന്ദകുമാര്‍ ചാണയില്‍)

നിയതിയുടെ കലവറയില്‍ എന്തെല്ലാമുണ്ട്‌? എങ്ങനെയൊക്കെ ആവും? എത്തെല്ലാം സംഭവിക്കും? എപ്പോള്‍ സംഭവിക്കും? ആരൊക്കെ എന്തൊക്കെയാവും? ഈ വക ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ മിക്കവാറും പ്രവചനാതീതം തന്നെ. വായനക്കാര്‍ക്ക്‌ അറിയാമെങ്കിലും ഇനി അല്പം ചരിത്രം.

1600-ാം ആണ്ടോടെ ബ്രിട്ടിഷുകാര്‍ കേവലം കച്ചവടത്തിനായി ഇന്ത്യയിലെത്തി. 1600 ഡിസംബര്‍ 31ന്‌ അവര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചു. “തൂണും ചാരി നിന്നവന്‍ പെണ്ണിനേയും കൊണ്ടു പോയി” എന്ന്‌ പഴമൊഴി. ഇവിടെ കച്ചവടത്തിനായി വന്നവര്‍, ഇവിടുത്തെ അന്നു നിലവിലിരുന്ന അന്തഃച്ഛിദ്രം മുതലെടുത്ത്‌ ഇവിടുത്തെ ഭരണാധിപന്മാരായി ഇന്ത്യയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. സ്വന്തം ലാഭേച്ഛക്കായി ഏതറ്റം വരെ പോകാനും അവര്‍ മടി കാണിച്ചില്ല. അവരുടെ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയവര്‍ക്കു നേരെ ലവലേശം ദയാദാക്ഷിണ്യം അവര്‍ വെച്ചു പുലര്‍ത്തിയില്ല. 1919 ഏപ്രില്‍ 13-നു സന്ധ്യാസമയമടുക്കുന്നതിനു മുമ്പ് നടന്ന ജാലിയന്‍ വാലാബാഗ്‌ ദുരന്തം ഏറ്റവും രക്തരൂഷിതവും ക്രൂരവുമായ കൂട്ടക്കൊലയായി ഇന്ത്യാ ചരിത്ര താളുകളിലെ കറുത്ത ഏടുകളിലൊന്നായി അവശേഷിക്കുന്നു.

1858 ല്‍ തുടങ്ങി 1947 വരെ ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യം” അങ്ങനെ കിരാത വാഴ്ച തുടര്‍ന്നു. ഇടയ്ക്കു വെച്ചു കുറിക്കട്ടെ, വിദ്യാഭ്യാസം ഗതാഗതം, ഭരണസംവിധാനം എന്നീ മേഖലകളില്‍ അവര്‍ പല ഭരണ പരിഷ്ക്കാരങ്ങളും നടപ്പിലാക്കി. ഒരുപക്ഷെ അവയില്‍ പലതും സ്വാര്‍ത്ഥലാഭത്തിനും കൂടി ആയിരുന്നേക്കാം. നിരവധി രാജാക്കന്മാരുണ്ടായിരുന്ന ഇന്ത്യയുടെ പരമാധികാരിയായി ബ്രിട്ടിഷ്‌ രാജ്‌. ‘രാജ്‌’ എന്ന വാക്കു തന്നെ നമ്മളില്‍ നിന്നും കടമെടുത്തതല്ലേ! കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണല്ലോ.

വില്യം ബെന്‍ടിക്, ലോര്‍ഡ്‌ കാനിംഗ് എന്നിവരില്‍ നിന്നു തുടങ്ങി ലോര്‍ഡ്‌ മൗണ്ട് ബാറ്റനില്‍ അവസാനിച്ചു, ബ്രിട്ടീഷ്‌ രാജിന്റെ ഭരണം. സൂര്യനസ്തമിക്കാത്ത രാജ്യത്തിലെ ഒരു കാലത്തെ ഏറ്റവും വലിയ കോളനിയായിരുന്നു ഇന്ത്യാ മഹാരാജ്യം. അങ്ങനെ അടക്കിവാണ സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയായി ഒരു ഇന്ത്യന്‍ വംശജനായ ഋഷി സുനക് സ്ഥാനമേല്‍ക്കുന്ന വാര്‍ത്ത ലോകം വരവേറ്റത് വിശ്വമാനവികതയിലും, പ്രത്യേകിച്ച്‌ ആംഗലേയ സാഹിത്യത്തിലും നാം കാണുന്ന ഒരു ‘Poetic Justice’ ആയിരിക്കുമോ ഇത്‌? അങ്ങനെ തന്റെ വാസസ്ഥലമായ രാജ്യത്തിന്റെ സര്‍വ്വാഭിവൃദ്ധിക്ക്‌ ഇദ്ദേഹത്തിന്‌ കാരണഭൂതനാകാന്‍ സാധിക്കുമാറാകട്ടെ.

200 വര്‍ഷം പാരമ്പര്യമുള്ള ബ്രിട്ടീഷ് ജനാധിപത്യത്തില്‍ ആദ്യമായി, വെള്ളക്കാരനല്ലാത്ത, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നുമുള്ള അപൂര്‍വ്വ നേട്ടം വരിക്കാന്‍ കഴിഞ്ഞ ഈ പ്രതിഭാശാലിക്ക്‌ എല്ലാ നന്മകളും ആശംസിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News