അച്ഛന്റെ ബലികൂടീരത്തിനടുത്തെത്തുമ്പോള്‍ വീശുന്ന ആ കാറ്റിന് അച്ഛന്റെ പെര്‍ഫ്യൂമിന്റെ മണമാണ്; പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കലാഭവന്‍ മണിയുടെ മകള്‍

മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ച നടനാണ് കലാഭവൻ മണി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായിരുന്ന കലാഭവൻ മണി കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്തേക്ക് കടന്നു. പതിറ്റാണ്ടുകളോളം ഹാസ്യനടനായി സിനിമകളിൽ തിളങ്ങിയ മണി പിന്നീട് നായകനായി വളർന്നു.

നാടൻ പാട്ട് എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് മണിയുടെ മുഖമാണ്. അഭിനയത്തിന് പുറമെ മണിയുടെ നാടൻ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയിൽ നായകനായി തിളങ്ങിയപ്പോഴും മണി നാടൻപാട്ടുകൾ കൈവിട്ടില്ല. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കരൾ രോഗത്തെ തുടർന്ന് 2016 മാർച്ച് 6 നാണ് അന്തരിച്ചത്.

1995-ൽ സിബി മലയില്‍ സംവിധാനം ചെയ്ത “അക്ഷരം” എന്ന ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ സിനിമയിലെത്തിയ മണി, “സല്ലാപം” എന്ന ചിത്രത്തിലെ ചെത്തുകാരൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി. മണിയുടെ “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”, “കരുമാടിക്കുട്ടൻ” എന്നീ സിനിമകൾ പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. ആലാപനവും അഭിനയവും പോലെ തന്നെ പ്രശസ്തമാണ് മണിയുടെ സ്വതസിദ്ധമായ ചിരി.

അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ദുരൂഹതകൾ നിറഞ്ഞ കലാഭവൻ മണിയുടെ മരണത്തിന് ശേഷം ഒരുപാട് വിവാദങ്ങൾ ഉയർന്നിരുന്നു. ആരാധകരെ കണ്ണീരിലാഴ്ത്തി പ്രിയതാരം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ആറു വർഷമായി. മണിയുടെ ഓർമ്മ ദിനത്തിൽ മകൾ ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അച്ഛൻ മരിച്ചു എന്ന് എല്ലാവരും പറയുമ്പോഴും അത് വിശ്വസിക്കാൻ മകൾക്ക് കഴിയുന്നില്ല. കാരണം അച്ഛന്റെ ആത്മാവ് ഇവർക്കൊപ്പമുണ്ട്.

ശ്രീലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പാണ് കലാഭവൻമണി മരിക്കുന്നത്. ഒരിക്കൽ കലാഭവൻമണി മകളെ വിളിച്ചിരുത്തി പറഞ്ഞിരുന്നു, “അച്ഛന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പത്താംക്ലാസിൽ കോപ്പി അടിച്ചിട്ടും ജയിക്കാനായില്ല. മോൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടി തരും. അവിടെ പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം” എന്നായിരുന്നു മണിയുടെ വാക്കുകൾ.

മകൾ ശ്രീലക്ഷ്മിയെ ഒരിക്കലും മണി മോളെ എന്ന് വിളിച്ചിട്ടില്ല. മോനെ എന്ന് മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂ. മകൾക്ക് ആൺകുട്ടികളെ പോലെ നല്ല ധൈര്യവും, കാര്യപ്രാപ്തിയും, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താനും കഴിയണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പലപ്പോഴും കുട്ടിയായ തന്നോട് എന്തിനാണ് അച്ഛൻ ഇങ്ങനെ പറയുന്നത് എന്ന് ശ്രീലക്ഷ്മി ഓർക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അച്ഛൻ അന്ന് പറഞ്ഞതിന്റെ പൊരുൾ ഈ മകൾക്ക് മനസ്സിലാവുന്നു.

അച്ഛന്റെ മരണത്തിനു ശേഷം അമ്മ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. അച്ഛനുണ്ടായിരുന്നപ്പോള്‍ അമ്മ അച്ഛന്റെ കൂടെ മാത്രമേ പുറത്തു പോകാറുണ്ടായിരുന്നുള്ളൂ. മണിയുടെ മരണത്തോടെ ശ്രീലക്ഷ്മിയും അമ്മയും
മാംസാഹാരം പാടെ ഉപേക്ഷിച്ചു. മണിയുടെ ആൽത്തറയുടെ അടുത്ത് ചെല്ലുമ്പോൾ ഒരു പ്രത്യേക കാറ്റ് വീശുമെന്നും അതിന് അച്ഛന്റെ പെർഫ്യൂമിന്റെ മണമാണെന്നും മകൾ ശ്രീലക്ഷ്മി പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News