റഷ്യ – യുക്രെയിൻ യുദ്ധം: പുത്തിക്കാരൻ മത്തായിച്ചന്റെ റോളിലോ ഇന്ത്യ ? (പ്രതികരണം)

മത്തായിച്ചന്റെ പുത്തി പണ്ടേ പ്രസിദ്ധമാണ്. മത്തായിച്ചൻ വള്ളി നിക്കറുമിട്ട് നടന്ന കാലത്തേ തുടങ്ങിയതാണ് ഈ മുടിഞ്ഞ പുത്തി. മകന്റെ പുത്തിയെപ്പറ്റി മത്തായിച്ചന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്ന ഒരു വാചകമുണ്ട്.. “വയസ്സ് പതിനൊന്നേ ആയുള്ളെങ്കിലെന്താ ഫയങ്കര പുത്തിയാണെന്നേ.. ഉച്ചയാവുമ്പും ഉറിയേലൊട്ടു ചൂണ്ടി ‘ഉം, ഉം‘ എന്ന് കാട്ടും !”

മത്തായിച്ചൻ വളർന്നതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മത്തായിച്ചൻ മാറി. ഏതൊരു കുഴഞ്ഞ പ്രശ്നവും മത്തായിച്ചന്റെ മുമ്പിൽ കിട്ടുകയേ വേണ്ടൂ, തന്റെ കഷണ്ടിത്തലയിൽ വിരലോടിക്കുന്നതിനിടയിൽ പിറകിൽ നിന്ന് നാലഞ്ച് നരച്ച മുടികൾ പറിച്ചെടുത്തുകൊണ്ട് മത്തായിച്ചൻ പരിഹാരം നിർദ്ദേശിച്ചിരിക്കും.

“കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലെന്നോ ? ഒരുപ്പുമാങ്ങാ അങ്ങട് തൊട്ടു കൂട്ട്. “

“തൊട്ടി കിണറ്റിൽ പോയെന്നോ? വെള്ളം വറ്റിച്ചിട്ട് തൊട്ടിയെടുക്ക്.. ‌” എന്നിങ്ങനെ പോയി മത്തായിച്ചന്റെ നിർദ്ദേശങ്ങൾ .

അങ്ങിനെയിരിക്കെയാണ് മത്തായിച്ചന്റെ ഒരയൽക്കാരൻ ഒരുപ്പുമാങ്ങാ ഭരണി കഴുകി വെള്ളം തോരാനായി വെയിലത്ത് വച്ചതും, മറ്റൊരയൽക്കാരന്റെ കാള മേയുന്നതിനിടയിൽ ഉപ്പുമാങ്ങാ ഭരണിയിലെ ഉപ്പു രസത്തിൽ ആകൃഷ്ടനായി നക്കി നക്കി തല ഭരണിക്കകത്ത് കടത്തിയതും, തിരിച്ചെടുക്കാനാവാതെ വെപ്രാളപ്പെട്ട് തലകുടഞ്ഞ് കരച്ചിൽ ആരംഭിച്ചതും..

രണ്ടയൽക്കാരും കൂടി ഓടിപ്പിടിച്ച് മത്തായിച്ചന്റെ അരികിലെത്തി അപേക്ഷിച്ചു :

“മത്തായിച്ചാ സഹായിക്കണം, പ്രശ്നത്തിന് ഒരു പരിഹാരം പറഞ്ഞു തരണം“

മത്തായിച്ചൻ തന്റെ കഷണ്ടിത്തലയിൽ വിരലോടിച്ചു ചിന്താധീനനായി. നാലഞ്ച് കുറ്റിത്തലമുടികൾ പറിഞ്ഞ് താഴെ വീണു. അർദ്ധ ധ്യാനത്തിൽ നിമീലിത നേത്രങ്ങളോടെ മത്തായിച്ചൻ മൊഴിഞ്ഞു…

“ആ കാളയുടെ കഴുത്ത് അറുത്തു വേർപെടുത്തുക“

കേട്ട പാതി, കേൾക്കാത്ത പാതി അയൽക്കാർ രണ്ടു പേരും കൂടി ഓടിച്ചെന്ന് കാളയുടെ കഴുത്തറുത്തു. അതോടെ കാളത്തല പൂർണ്ണമായും ഭരണിയുടെ ഉള്ളിലേക്ക് വീണു പോയി. അയൽക്കാർ രണ്ടു പേരും കൂടി വീണ്ടും പുത്തിക്കാരന്റെ സവിധത്തിൽ ഓടിയെത്തി.

“മത്തായിച്ചാ പ്രശ്നമായി. തലയെടുക്കാമ്മേല”

“ ഓ! അത്രേയുള്ളു? ആ ഭരണിയുടയ്ക്ക്. അപ്പോൾ തലയെടുക്കാം“

ഇത് ആദ്യം പറഞ്ഞിരുന്നെങ്കിൽ കാളയെ രക്ഷിക്കാമായിരുന്നല്ലോ എന്ന് ആരും പറഞ്ഞില്ല. എങ്ങിനെ പറയും ? നാട്ടിലെ പുത്തിക്കാരനല്ലേ മത്തായിച്ചൻ ?

യുക്രെയിൻ യുദ്ധം തുടങ്ങിയ കാലത്തു തന്നെ “സ്റ്റോപ്പ് ദി വാർ “ എന്ന് ഇന്ത്യക്കു പറയാമായിരുന്നു. അതിനുള്ള അന്താരാഷ്‌ട്ര കെട്ടുപാടുകൾ അന്ന് ഇന്നത്തേക്കാൾ കൂടുതൽ ഇന്ത്യക്കുണ്ടായിരുന്നു. മിണ്ടിയില്ല. പകരം വിമാനങ്ങൾ അയച്ച് സ്വന്തം ആളുകളെ രക്ഷിച്ചു കൊണ്ടുപോന്നു. പുര കത്തുമ്പോൾ വാഴ വെട്ടുന്ന പരിപാടിയുമായി ചുളു വിലയ്ക്ക് കുറെ എണ്ണ വാങ്ങിക്കൂട്ടി. ജീവിച്ചിരുന്നിട്ട് വേണ്ടേ എണ്ണ ഉപയോഗിക്കാൻ എന്ന് ചിന്തിച്ചില്ല. ഒരാൾക്ക് വട്ട് പിടിച്ചാൽ ഏതു നിമിഷവും സ്വന്തം എല്ലിൽ നിന്ന് മാംസം അഴുകി തറയിൽ വീണ് മനുഷ്യ ലോകം തന്നെയും അവസാനിക്കാവുന്ന ഭൗതിക സാഹചര്യങ്ങളിലാണ് ശാസ്ത്ര – സാങ്കേതിക യാഗാശ്വങ്ങളുടെ കുളമ്പടികളിൽ മനുഷ്യന്റെ ശാസ്ത്രം പണിഞ്ഞു വച്ച ഈ ലോകത്ത് മനുഷ്യരാശി ചലിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഏതെങ്കിലും രണ്ടു കാലൻ ജീനിയസ് മനസ്സിലാക്കുന്നുണ്ടോ ?

ഇല്ലെങ്കിൽ മനസ്സിലാക്കുക. നിങ്ങളുടെ ജീവനും, സ്വത്തും, കുടുംബവും, കുട്ടികളും ഏതോ അജ്ഞാത രഹസ്യതാവളത്തിൽ ഏതോ ഒരുവന്റെ മുന്നിലെ സ്വിച്ച് ലിവറിൽ കണക്ട് ചെയ്തുകൊണ്ടാണ് ആധുനിക ശാസ്ത്രം നിങ്ങളെ സംരക്ഷിക്കുന്നത് എന്ന് അറിഞ്ഞിരിക്കുക. അവന്റെ ബോസ് ഒരു ഓർഡർ ഇട്ടാൽ മതി, അവൻ ആ ലിവർ ഒന്ന് വലിച്ചാൽ മതി, പിന്നെ നമ്മളില്ല നമ്മുടെ സ്വപ്നങ്ങളില്ല.

ഇന്ന് നിലവിൽ ഉള്ളതിനേക്കാൾ എത്രക്കെത്ര ചെറിയവയായിരുന്നു ജപ്പാൻ നഗരങ്ങളിൽ അമേരിക്ക വലിച്ചെറിഞ്ഞ കുഞ്ഞൻ ബോംബുകൾ. 1945 ആഗസ്റ്റ് 6 , 9 തീയതികളിൽ മനുഷ്യ വർഗ്ഗ ചരിത്രത്തിലെ ആ മഹാവേദനയുടെ ദുരനുഭവങ്ങൾ നാഗസാക്കി ബോംബ് സ്ഫോടനത്തിന്റെ ദൃക്‌സാക്ഷിയും, പിൽക്കാലത്ത് അണു രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയയാളുമായ ഡോക്ടർ ‘തകാഷി നാഗായി ‘എഴുതിയ “അണുബോംബ് വീണപ്പോൾ” എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്…..

“സമയം ഉച്ച കഴിഞ്ഞ നേരം. പതിവില്ലാതെ തെളിഞ്ഞ് നിന്ന ആകാശം. അമേരിക്കൻ വ്യോമസേനയുടെ മൂന്ന് പടുകൂറ്റൻ വിമാനങ്ങൾ ആകാശത്ത് ഇരമ്പി പറന്നെത്തി.

അതിലൊന്ന് ഗ്രേറ്റ് ആർട്ടിസ്റ്റ് എന്ന ഭീമാകാരനായ ബോംബർ വിമാനമായിരുന്നു. അപകട സൈറണുകൾ മുഴങ്ങിയെങ്കിലും അത് സാധാരണമായിരുന്നതിനാൽ ആളുകൾ അത്രയ്ക്ക് ഭയപ്പെട്ടില്ല. സമയം കൃത്യം 12:45. വലിയ കലാകാരന്റെ ഉദരത്തിൽ നിന്ന് ഒരു കറുകറുത്ത വസ്തു താഴേക്ക് വീണു.

കണ്ണഞ്ചിപ്പിക്കുന്ന ഒരു പൊട്ടൽ. നീലയും ചുവന്നതുമായ തീ നാളങ്ങൾ നാലുപാടും ചീറിപ്പാഞ്ഞു. അസാമാന്യവേഗതയുള്ള ഒരുഗ്രൻ കൊടുങ്കാറ്റ്‌. കടൽത്തിരമാലകൾ മാനത്തോളമുയർന്നു. നദികളിലെ ജലം ചൂട് പിടിച്ചു തിളച്ച് വറ്റി. പലേടത്തും പാറകൾ ഉരുകിത്തിളച്ചു. ഫണം വിരിച്ചാടിയ തീനാളങ്ങൾ മനുഷ്യനെയും അവന്റെ നേട്ടങ്ങളെയും നക്കി തുടച്ചു.“

ഇരുപത്തി അയ്യായിരം പേർ അപ്പോൾത്തന്നെ മരിച്ചു. ഒരു ലക്ഷത്തോളം പേർ ആശുപത്രികളിൽ വച്ച് മരിച്ചു. ലക്ഷക്കണക്കിന് ആളുകൾ പിന്നീട് അണുരോഗം പിടിപെട്ടു മരിച്ചു. ഇപ്പോളും നിലനിൽക്കുന്ന റേഡിയേഷൻ ആഘാതത്തിന്റെ ബലിയാടുകളായി 77 വർഷങ്ങൾക്ക് ശേഷം ഇന്നും അംഗ വൈകല്യങ്ങളുള്ള കുട്ടികൾ പിറന്നുകൊണ്ടേയിരിക്കുന്നു. (ഇത് നാഗസാക്കിയുടെ മാത്രം അനുഭവം).

ഭസ്മാസുരന് വരം കിട്ടിയ പോലെ ഇപ്പഴേ ആണവ മിസൈൽ പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്ന ലോക സാഹചര്യങ്ങളിൽ ഇന്നും ഇടപെടാനുള്ള രാഷ്ട്രീയ കെട്ടുപാടുകളുടെ കരുത്ത് കൈവശമുള്ള ഇന്ത്യ എവിടെ? ആദ്യത്തെ അറ്റംപ്റ്റിൽ കഴുത്തു മുറിക്കാൻ പറഞ്ഞ് രക്ഷപ്പെട്ടു. ഇനി ഭരണി കൂടി ഉടച്ചിട്ടേ ഇടപെടൂ എന്നാണോ മനസ്സിലിരിപ്പ് ? അത് ശരിയാവില്ല. അത്രയും താമസിച്ചാൽ ആരുടേയും ഇടപെടൽ കൂടാതെ തന്നെ തീർന്നുകൊള്ളും. ആരും ജയിക്കാത്ത പന്തയക്കളിയുടെ പേരാണ് യുദ്ധം എന്നറിയുക. യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ പോലും നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കാലം കൈയ്യിൽ ഏൽപ്പിച്ച നിയോഗം ഏറ്റെടുത്ത് ഇന്ത്യ ഇടപെടുക. “സ്റ്റോപ്പ് ദി വാർ“ എന്ന് അധികാരത്തോടെ അലറുക! ബാക്കി കാര്യങ്ങൾ – അത് പിന്നീട് ആലോചിക്കാം.

ഇപ്പോൾ യുദ്ധം നടക്കുന്ന സ്ഥലത്തു നിന്ന് രണ്ട് രാജ്യങ്ങളും ചുരുങ്ങിയത് പത്ത് മൈൽ വീതം പിന്നോട്ട് മാറുക. അങ്ങിനെ സ്വതന്ത്രമാവുന്ന ഇരുപത് മൈൽ (അതിലധികമോ) വീതിയിലുള്ള മേഖലയിൽ UN പീസ് ആർമിയെ (സമാധാന സേന) വിന്യസിച്ചുകൊണ്ട് വെടി നിർത്തലിലൂടെ സമാധാനം ഉറപ്പാക്കുക. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞ ശേഷം മാത്രമേ പീസ് ആർമിയെ പിൻവലിക്കാവൂ. UN ന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നിൽ നിന്നുള്ള ഇത്തരം ഒരു പദ്ധതിയിലൂടെ ലോകത്ത് ആണവായുധങ്ങളുടെ പ്രയോഗവും, അതിലൂടെ സംഭവിക്കാവുന്ന സർവ്വനാശവും ഒഴിവാക്കാവുന്നതാണ്.

ജാഗ്രതൈ ! ഭാവുകങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News