വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ മരിച്ചു; 5 പേർക്ക് പരിക്കേറ്റു

ഷെഫീല്‍ഡ് (മാസച്യുസെറ്റ്സ്): ഷെഫീൽഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബെർക്‌ഷെയർ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പ്രസ്താവന പ്രകാരം, ചൊവ്വാഴ്ച പുലർച്ചെ 5:30 ഓടെ വടക്കോട്ടു പോയിരുന്ന ഒരു ടൊയോട്ട സിയന്നയും തെക്കോട്ട് പോയിരുന്ന ഷെവർലെ സിൽവറഡോയും പൈക്ക് റോഡിന് സമീപം റൂട്ട് 7-ൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേർ യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിലെയും ഒരാൾ സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്സിറ്റി​യിലെയും വിദ്യാർഥിയാണ്.

അപകടത്തിൽ പ്രേംകുമാർ റെഡ്ഢി ഗോഡ (27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നീ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് മൃതദേഹങ്ങൾ ഏറ്റെടുത്തു. പരിക്കേറ്റ മനോജ് റെഡ്ഢി ദോണ്ട (23), ശ്രീധർ റെഡ്ഢി ചിന്തകുൻത (22), വിജയ് റെഡ്ഢി ഗമ്മാല (23), ഹിമ ഐശ്വര്യ സിദ്ദിറെഡ്ഢി (22) എന്നീ നാലു പേരെ ഇഎംഎസ് ബെർക്‌ഷയർ മെഡിക്കൽ സെന്ററിലേക്കും, ഇവരെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ 46 കാരനായ അർമാൻഡോ ബോട്ടിസ്റ്റ ക്രൂസ് എന്ന ആളെ ഫെയർ വ്യൂ മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചു.

ഷെഫീൽഡ് പോലീസ് ഡിപ്പാർട്ട്‌മെന്റും സ്റ്റേറ്റ് പോലീസ് ഡിറ്റക്റ്റീവ് യൂണിറ്റും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും, ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ 413-499-1112 എന്ന നമ്പറിൽ ഡിറ്റക്ടീവുകളെ ബന്ധപ്പെടണമെന്നും ഡിഎയുടെ ഓഫീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News