ഷാരോൺ വധക്കേസ്: കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍; തുടര്‍നടപടികള്‍ ആശയക്കുഴപ്പത്തില്‍

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസില്‍ കുറ്റം ചെയ്തവരുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലായതിനാൽ തുടര്‍നടപടികളില്‍ ക്രൈം ബ്രാഞ്ച് ആശയക്കുഴപ്പം നേരിടുന്നതിനാല്‍ നിയമോപദേശം തേടി.

പാറശ്ശാല സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ കഷായത്തില്‍ വിഷം കലർത്തിയത് തമിഴ്നാട്ടിലായതിനാൽ തുടർ അന്വേഷണം എങ്ങനെയാവണമെന്നതിലാണ് ആശയക്കുഴപ്പം.

കേസിലെ മുഖ്യ പ്രതിയായി പോലീസ് കണക്കാക്കുന്ന ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയത്. പിന്നാലെ ആശുപത്രിയിലായ യുവാവ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ്. തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സ്ഥലം.

അതേസമയം, ഷാരോണിന്റെ മരണത്തിലെ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയത് പാറശാല പോലീസിലാണ്. കേസ് അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും കേരളാ പോലീസാണ്.

ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്നാട് പോലീസിന് കൈമാറേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണസംഘം തേടുന്നത്. കേസില്‍ തമിഴ്നാട് പോലീസും കേരള പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ചൊവ്വാഴ്ച പോലീസ് തെളിവെടുപ്പിനെത്തിച്ചു. ഷാരോണിന് കഷായം നല്‍കിയ കുപ്പി ഉള്‍പ്പെടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചെന്ന അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും മൊഴി. ഇത് ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാണ് പോലീസ് ശ്രമം.

 

Print Friendly, PDF & Email

Leave a Comment

More News