കഷ്ടപ്പെട്ട് പഠിപ്പിച്ച മകള്‍ കളക്ടറായി വരുന്നത് കാണാന്‍ ഭാഗ്യമില്ലാതെ പിതാവ് യാത്രയായി

കോട്ടയം: മകളെ കളക്ടറാക്കാൻ കഠിനാധ്വാനം ചെയ്ത അച്ഛൻ മകൾ കളക്ടറാകുന്നത് കാണാൻ കഴിയാതെ അന്തരിച്ചു. കഴിഞ്ഞ സിവിൽ സർവീസ് ഫലത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ പിതാവ് കെ.കെ. സുരേന്ദ്രനാണ് (59) ആ പിതാവ്. മകൾ കളക്ടറാകുന്നത് കാണാൻ ഈ അച്ഛന് ഒരുപാട് ആഗ്രഹിച്ചിരുന്നു. സിവില്‍ സര്‍‌വ്വീസില്‍ ദേശീയാടിസ്ഥാനത്തില്‍ 16-ാം റാങ്കുകാരിയാണ് ശിഖ സുരേന്ദ്രന്‍.

വർഷങ്ങളായി പ്രമേഹബാധിതനായിരുന്നു സുരേന്ദ്രൻ. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസിന് വിധേയനാക്കിയ സുരേന്ദ്രന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

ആദ്യം മസൂറിയിലും ഇപ്പോള്‍ നാഗ്പുരിലും ഐഎഎസ് പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ട്യൂഷന്‍ സെന്ററും തീപ്പെട്ടിക്കമ്പനി നടത്തിയും കാവേരി പ്ലാസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു പോയിരുന്നത്.

പത്തു വര്‍ഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്പത്തികമായി താളംതെറ്റി. എങ്കിലും മകളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുവാനായി ശിഖയെ ഐഎഎസ് പരിശീലനത്തിനയച്ചു. ഭാര്യ സിലോയുടെ മാത്രം വരുമാനം കൊണ്ട് കഴിയേണ്ടി വന്നപ്പോഴും പരിശീലനത്തിന് ഒരു മുടക്കവും കുടുംബം വരുത്തിയില്ല.

ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കായി ഐഎഎസ് എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച തന്റെ പിതാവിനാണെന്നും, ഈ വിജയം തന്റെ പിതാവിന്റെ ജീവിതത്തിലെ ആഗ്രഹമാണെന്നും റാങ്ക് നേടിയതിന് ശേഷം ശിഖ പറഞ്ഞു.

പരിശീലനം കഴിഞ്ഞ് കളക്ടറായി മടങ്ങിയെത്തുമ്പോള്‍ മകളെ സ്വീകരിക്കുന്നത് സ്വപ്നം കണ്ടിരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഇതിനിടെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നത്. ഭാര്യ സിലോ കങ്ങരപ്പടി പേരേക്കാട്ടില്‍ കുടുംബാംഗമാണ്. മൂത്ത മകള്‍ നിവയും ഭര്‍ത്താവ് സുനിലും ദുബായിലാണ്. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍ നടക്കും.

Print Friendly, PDF & Email

Leave a Comment

More News