യൂറിന്‍ ട്യൂബ് കാരണം കൊടുങ്ങല്ലൂരമ്മയെ തൊഴാന്‍ അമ്പലത്തില്‍ കയറ്റിയില്ല; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പ്രണവ്

വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ തൃശൂർ സ്വദേശി പ്രണവിനെയും പ്രണവിന്റെ ഭാര്യ ഷാഹിനയെയും അറിയാത്തവര്‍ ചുരുക്കമാണ്. പ്രണവിന്റെ അവസ്ഥ അറിഞ്ഞ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടിയാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന. ജീവിതം തളർന്നപ്പോഴും ജീവിതത്തെ അതിജീവിക്കാൻ ദൃഢമായി മുന്നോട്ട് പോയവരാണ് ഇവർ. ജീവിതത്തിലെ ഓരോ സന്തോഷവും വേദനയും ചെറിയ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് ഇവര്‍ എത്തിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യത്തെ കുറിച്ച് തുറന്നെഴുതിയ പ്രണവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പ്രണവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

എനിക്ക് ആക്സിഡന്റ് സംഭവിച്ചു , 8 വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ കൊടുങ്ങല്ലൂർ അമ്മയെ കാണാൻ ചെല്ലുന്നത്. പക്ഷെ മനുഷ്യന്മാർ ഉണ്ടാക്കിയ ചില ആചാരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ അമ്പലത്തിന്റെ ഉള്ളിൽ കയറി കാണാൻ കഴിഞ്ഞില്ല. അനുഭവ കുറിപ്പ്: രാവിലെ പത്ത്, പത്തരയോട് കൂടിയാണ് ഞങ്ങൾ അമ്പലത്തിൽ ചെല്ലുന്നത്. കാറിൽ നിന്ന് ഇറങ്ങി വീൽ ചെയറിൽ അമ്പലത്തിലേക്ക് എത്തി. അത്യാവശ്യം നല്ല തിരക്കുള്ള സമയം ആയിരുന്നു. ഞാൻ സുഹൃത്തിനോട് പറഞ്ഞു ” ആരോടെങ്കിലും ചോദിക്ക് , നമുക്ക് അകത്തേക്ക് കയറി ദേവിയെ കാണാൻ വല്ല മാർഗവും ഉണ്ടോന്ന് ”. അങ്ങനെ ഞങ്ങൾ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോട് കാര്യം തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു വീൽ ചെയർ അകത്തേക്ക് കൊണ്ടുപോവാൻ സാധിക്കില്ലന്ന്.. “എനിക്ക് ദേവിയെ കാണാൻ വലിയ ആഗ്രഹം ആയിരുന്നു. അതറിയാവുന്ന സുഹൃത്തുക്കൾ പറഞ്ഞു അവനെ ഞങ്ങൾ എല്ലാരും കൂടി എടുത്തു കയറ്റിക്കോളാം. അത് കേട്ട് ഉടനെ സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു, അങ്ങനെ ആണെങ്കിൽ കുഴപ്പം ഇല്ല.

ഒരു 15 മിനിറ്റ് കാത്തിരിക്കൂ . അത് കഴിയുമ്പോൾ ഈ തിരക്ക് മാറും. അതിന് ശേഷം ഇവനെ നിങ്ങൾ അകത്തേക്ക് കൊണ്ട് പൊക്കോളൂ, . അപ്പോൾ നിങ്ങൾക്ക് നന്നായി തൊഴാം. അത് കേട്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷം ആയിരുന്നു അപ്പോൾ. ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാൻ ഞങ്ങൾ ഒരു മൂലയിലേക്ക് മാറി നിന്നു കൊടുത്തു. അകത്തേക്ക് കയറാനുള്ള സമയമായപ്പോൾ ഞങ്ങൾ അകത്തേക്ക് കയറാൻ തുടങ്ങി. ഉടനെ മറ്റൊരു സെക്യൂരിറ്റി ചേട്ടൻ വന്നു പറഞ്ഞു ” ഇവനെ അകത്തേക്ക് കയറ്റാൻ സാധിക്കില്ല ..കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ” ഇവന് യൂറിൻ ട്യൂബ് ഉണ്ട്. അതുകൊണ്ട് അകത്തേക്ക് പോകാൻ പറ്റില്ല. അത് അശുദ്ധി ആവും. . ഞങ്ങളുടെ കുഴപ്പം അല്ല , ഇവിടെ തുടരുന്ന ആചാരം ഇങ്ങനെ ആണെന്ന്. അത് കേട്ടതും എനിക്ക് വല്ലാത്ത സങ്കടം വന്നു, അറിയാതെ കരഞ്ഞു പോയി. കാരണം 8 വർഷത്തിന് ശേഷം ഒരുപാട് മോഹിച്ചു ചെന്നതാണ്. ആദ്യം എനിക്ക് എന്റെ മനസ്സിൽ തോന്നിയത് “കൊടുങ്ങല്ലൂർ അമ്മക്ക് എന്നെ കാണുന്നത് ഇഷ്ടമല്ലായിരിക്കും അതുകൊണ്ടാവും ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു.

പിന്നെ നന്നായി ഒന്ന് ചിന്തിച്ചപ്പോൾ മനസിലായി ഒരു ദൈവവും ഇങ്ങനെ പറഞ്ഞിട്ടില്ല. എന്നെ ഇങ്ങനെ വേണം ആളുകൾ കാണാൻ വരേണ്ടത് എന്ന്. ഇത്തരം ആചാരങ്ങൾ ഉണ്ടാക്കിയത് എല്ലാം മനുഷ്യന്മാർ ആണ്. അത് കൊണ്ട് തന്നെ ഒരിക്കലും കൊടുങ്ങല്ലൂർ അമ്മയെ പഴി ചാരിയിട്ട് കാര്യമില്ല .. എങ്കിലും ഞാൻ പുറത്ത് നിന്ന് കരഞ്ഞു തന്നെ ദേവിയോട് പറഞ്ഞു ” അമ്മയെ കാണാൻ അത്രക്ക് ആഗ്രഹിച്ചു മോഹിച്ചു ആണ് ഞാൻ വന്നത്.. പക്ഷെ സാധിച്ചില്ല. അതുകൊണ്ട് എനിക്ക് എപ്പോഴേലും ക്ഷേത്രത്തിന് ഉള്ളിൽ കയറി പ്രാർത്ഥിക്കാൻ സാഹചര്യം ലഭിക്കുക ആണെങ്കിൽ മാത്രമേ ഞാൻ ഇനി ഇവിടേക്ക് എത്തുകയുള്ളൂ. അല്ലെങ്കിൽ ഒരിക്കലും ഇനി ഞാൻ അമ്മയുടെ നടയിലേക്ക് വരില്ല, അമ്മ എന്നും എന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ടാവും. അത് പറഞ്ഞിട്ടാണ് അവിടുന്ന് ഇറങ്ങിയത്. ആരെയും കുറ്റം പറയാൻ നില്കുന്നില്ല. എനിക്ക് ഉണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞു എന്ന് മാത്രം.

എല്ലാവരോടും എന്നും സ്നേഹം മാത്രം.

++++++

ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ പ്രതിനിധികളായ ശ്രീനാഥും, സുദർശൻ ചേട്ടനും , എന്നെ പോലുള്ളവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന പൊതു പ്രവർത്തകനായ സജി ചേട്ടനും ഇന്ന് എന്നെ കാണാൻ വന്നിരുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കയറ്റാതിരുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയുകയും, ശേഷം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയി അവിടെ മേനേജറെ കാണുകയും നിവേദനം നൽകുകയും ചെയ്തു. എനിക്ക് വേണ്ടി മാത്രമല്ല, എന്നെപ്പോലുള്ള നിരവധിപേർക്ക് വേണ്ടിയാണ് ഇതിന് അവർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. എല്ലാവർക്കും ഒരുപാട് നന്ദി… എന്നും സ്നേഹം മാത്രം

Print Friendly, PDF & Email

Leave a Comment

More News