കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടു

ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ട യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു.

അഫ്താബ് എന്ന യുവാവാണ് തന്റെ കാമുകിയും ലൈവ്-ഇന്‍ പങ്കാളിയുമായ 28-കാരി ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്. ഇരുവരുടേയും പ്രണയം യുവതിയുടെ കുടുംബം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് അവര്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറ്റിയതെന്ന് പറയുന്നു. ഇരുവരും മുംബൈയില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യവേ ആണ് പ്രണയത്തിലായത്.

ഡൽഹിയിൽ എത്തിയ ഇരുവരും അവിടെ വാടക വീട്ടിൽ താമസം തുടങ്ങി. യുവതി പതിവായി അവളുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, കുറെ ദിവസത്തേക്ക് അപ്ഡേറ്റുകള്‍ കാണാതിരുന്നപ്പോള്‍ യുവതിയുടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നിയിരുന്നു.

ഡല്‍ഹിയില്‍ താമസം തുടങ്ങിയതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ അഫ്താബ് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി മെയ് 18 ന് അഫ്താബും ശ്രദ്ധയും തമ്മിൽ വാക്കുതർക്കമുണ്ടായി. വഴക്ക് മൂത്ത് ശ്രദ്ധ ബഹളമുണ്ടാക്കിയപ്പോള്‍ നിശ്ശബ്ദയാക്കാന്‍ അഫ്താബ് ശ്രദ്ധയുടെ മുഖം പൊത്തിപ്പിടിക്കുകയും ശ്വാസം മുട്ടി യുവതി മരിക്കുകയുമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. കുറ്റകൃത്യം മറച്ചു വെക്കാന്‍ അഫ്താബ് ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് 18 ദിവസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

ദുർഗന്ധം വമിക്കാതിരിക്കാൻ ഒരു വലിയ ഫ്രിഡ്ജും അഫ്താബ് വാങ്ങി. എല്ലാ ദിവസവും രാത്രി 2 മണിയോടെ ശരീരഭാഗങ്ങൾ വനമേഖലയിൽ സംസ്കരിക്കാൻ മെഹ്‌റൗളിയിലേക്ക് പോകുമായിരുന്നു. അവിടെ മൃതദേഹത്തിന്റെ കഷണങ്ങൾ ഓരോന്നായി സംസ്‌കരിക്കുകയും ചെയ്തു.

അതിനിടെ ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍ കാണാതിരുന്നത് മാതാപിതാക്കളില്‍ സംശയം ജനിപ്പിക്കുകയും, പാൽഘർ (മഹാരാഷ്ട്ര) സ്വദേശിയായ പിതാവ് വികാസ് മകളെ അന്വേഷിച്ച് ഡൽഹിയിലെത്തുകയും ചെയ്തു. എന്നാല്‍, അവര്‍ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് പൂട്ടിയിട്ട നിലയിലായിരുന്നു.

തുടർന്ന് പോലീസിൽ പരാതി നല്‍കി. കൂടാതെ, അഫ്താബുമായി മകൾക്കുള്ള സൗഹൃദവും മകളുടെ തിരോധാനവുമായുള്ള ബന്ധവും അദ്ദേഹം അധികൃതരെ അറിയിച്ചു.

പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ച് അഫ്താബിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ശ്രദ്ധ വിവാഹത്തിന് നിർബന്ധിച്ചതിനാൽ തങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും പറഞ്ഞു. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Print Friendly, PDF & Email

Leave a Comment

More News