പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ്പി നടപടിയെടുത്തത്.

നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചതായും റൂറൽ എസ്പിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ വിനോദിനെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.

കുട്ടികളുടെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തിലേറെ അവധിയിലായിരുന്ന വിനോദ് കുമാർ ഒളിവിലാണ്.

അതേസമയം, എറണാകുളം സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. പരാതിയിലെ ചില വിവരങ്ങൾ വ്യക്തമാക്കേണ്ടതിനാലാണ് അറസ്റ്റ് വൈകുന്നത്.

Print Friendly, PDF & Email

Leave a Comment

More News