2022 ലെ 100 മികച്ച സ്ത്രീ സൗഹാർദ കമ്പനികളുടെ അവതാർ സെറാമൗണ്ട് പട്ടികയിൽ യു എസ് ടി

ഒപ്പം എകസംപ്ളാർസ് – മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 അംഗീകാരവും.
തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരങ്ങൾ യു എസ് ടിയെ തേടിയെത്തുന്നത്.

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, അവതാറും സെറാമൗണ്ടും ഏർപ്പെടുത്തിയിട്ടുള്ള ‘100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൻ ഇൻ ഇന്ത്യ 2022 (ബി സി ഡബ്ള്യു ഐ), എകസംപ്ളാർസ് – മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 (എം ഐ സി ഐ) എന്നീ പട്ടികകളിൽ സ്ഥാനം നേടി. ഇതോടെ ഈ അംഗീകാരങ്ങൾ തുടർച്ചയായ നാലാമത്തെ വർഷവും യു എസ് ടിയെ തേടിയെത്തിയിരിക്കുകയാണ്. ലിംഗസമത്വം, തുല്യത തുടങ്ങിയവ ഉറപ്പുവരുത്തുന്നതിലെ മാതൃകാപരമായ ശ്രമങ്ങൾക്കാണ് യു എസ് ടിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. എല്ലാ ജീവനക്കാർക്കും, പ്രത്യേകിച്ച് സ്ത്രീകൾ, ഭിന്നശേഷിക്കാർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്ക് ഭേദചിന്ത കൂടാതെയുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള യുഎസ് ടി യുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പുരസ്‌ക്കാരങ്ങൾ.

വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന 350 ലധികം കമ്പനികളിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങളെ മുൻനിർത്തിയാണ് 100 മികച്ച സ്ത്രീ സൗഹാർദപരങ്ങളായ കമ്പനികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ലിംഗസമത്വം, വ്യത്യസ്ത തലമുറകളിൽപെട്ടവർ, ഭിന്നശേഷിക്കാർ, എൽജിബിടിക്യുഐഎ+ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാണ് മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ പുരസ്‌ക്കാരങ്ങൾക്കായി പ്രധാനമായും വിലയിരുത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ വനിതയെ നിയമിച്ച ടെക്നോളജി കമ്പനിയാണ് യു എസ് ടി. കമ്പനിയുടെ ‘ഇമ്പാക്ട് ഇന്ത്യ’ പരിപാടിയിലൂടെ 50-ലധികം ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകാൻ യു എസ് ടി ക്ക് കഴിഞ്ഞിട്ടുണ്ട്. സ്റ്റെപ്പ് ഇറ്റ് അപ്പ് എന്ന പദ്ധതിയിലൂടെ സ്ത്രീകളെയും, സാങ്കേതിക മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെയും പരിശീലിപ്പിക്കുന്നതിനും തൊഴിൽ നൽകുന്നതിനും യു എസ് ടിക്ക് സാധിച്ചിട്ടുണ്ട്. എൽജിബിടിക്യുഐഎ+ സമൂഹത്തിനുവേണ്ടി കർവ്ഡ് കളേഴ്സ് എന്ന ഗ്രൂപ്പും യു എസ് ടി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ ജീവനക്കാർക്കും സമഗ്രവും മാന്യവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുവാൻ യു എസ് ടി യുടെ ഡൈവേഴ്സിറ്റി ഇക്വിറ്റി ആൻഡ് ഇൻക്ലൂഷൻ (ഡി ഇ ഐ) സംരംഭങ്ങൾക്ക് സാധിക്കുന്നു.

സന്നദ്ധപ്രവർത്തനത്തിലൂടെയും സാമൂഹിക വികസന പദ്ധതികളിലൂടെയും വൈവിധ്യമാർന്ന താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യു‌എസ്‌ടി ജീവനക്കാർ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സവിശേഷ സംരംഭമാണ് കളേഴ്സ് ഓഫ് യു എസ് ടി. ഇതിലൂടെ ജീവനക്കാർക്ക് ‘സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജീവിത പരിവർത്തനം’ എന്ന യു എസ് ടി യുടെ കാഴ്ചപ്പാടിനെ പുറംലോകത്തേയ്ക്ക് എത്തിക്കാൻ സാധിക്കുന്നു. സ്ത്രീകളെ ശാക്തീകരിക്കാനായി വിൻ ഇറ്റ് എന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള മെന്ററിംഗ് പ്രോഗ്രാമിനും യു എസ് ടി 2020ൽ തുടക്കമിട്ടിരുന്നു. ഈ പരിപാടി മധ്യനിര മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന മികച്ച കഴിവുകളുള്ള സ്ത്രീകൾക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും വാഗ്ദാനം ചെയ്യുന്ന മികച്ച ഒരു പ്ലാറ്റ് ഫോമാണ്. ലോകമെമ്പാടുമുള്ള യു എസ് ടി യുടെ 30 ശതമാനം വരുന്ന വനിതാ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടത്തുന്ന വിൻ ഇറ്റിൽ പങ്കെടുത്തവരിൽ 40 ശതമാനത്തോളം പേർക്ക് തൊഴിൽ മേഖലയിൽ ഉയർച്ച ഉണ്ടാവുകയും മെച്ചപ്പെട്ട ജോലി സാധ്യതകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

“കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം തുടക്കക്കാരായ സ്ത്രീ ജീവനക്കാരുടെ പ്രാതിനിധ്യം ഉയർന്നിട്ടുണ്ടെങ്കിലും സീനിയർ റോളുകളിലെ സ്ത്രീകളുടെ പങ്കാളിത്തത്തിലുള്ള കുറവ് വ്യക്തമാണ്. കോവിഡ് കാലത്ത് നിലവിൽ വന്ന വീട്ടിലിരുന്നുള്ള ജോലിക്രമങ്ങളും, കർശനമല്ലാത്ത ജോലി സമയങ്ങളും ലിംഗഭേദമന്യേ തൊഴിൽ അവസരങ്ങൾ തുറന്നു കൊടുക്കുകയുണ്ടായി. തൊഴിലിടങ്ങളിൽ കൂടുതൽ വൈവിധ്യവും സമത്വവും ഉറപ്പുവരുത്തുന്നതിന് ഞങ്ങൾ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ പ്രതിഫലനമാണ് സ്ത്രീ സൗഹാർദപരങ്ങളായ ഈ വർഷത്തെ 100 മികച്ച കമ്പനികളുടെ പട്ടികയിൽ സ്ഥാനം നേടാൻ കഴിഞ്ഞത്,” യു എസ് ടി ഹ്യൂമൻ റിസോർസർസ് ആഗോള മേധാവി കവിത കുറുപ്പ് അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ ലിംഗ സമത്വം പരിപൂർണ്ണമായി ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡിഇഐ സംരംഭങ്ങളുടെ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ പിന്നിലുള്ള യു എസ് ടി യുടെ അംഗങ്ങളുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നുവെന്നും, ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിൽ അതിരുകളില്ലാത്ത സ്വാധീനം യു എസ് ടി ക്ക് നേടാൻ സാധിക്കുമെന്നും കവിത കുറുപ്പ് കൂട്ടിച്ചേർത്തു.

അവതാറും സെറാമൗണ്ടും തയ്യാറാക്കിയ 2022-ലെ സ്ത്രീകൾക്കായുള്ള 100 മികച്ച കമ്പനികളുടെ പട്ടികയിൽ യു എസ് ടി ഇടം നേടിയതിൽ അഭിമാനിക്കുന്നു. ഈ അംഗീകാരം മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ നീങ്ങാനുള്ള പ്രേരണ നൽകുന്നുവെന്നും യു എസ് ടി ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ മേധാവി അനു കോശി പറഞ്ഞു. വൈവിധ്യമാർന്ന വീക്ഷണങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഞങ്ങളുടെ ഉപഭോക്താക്കൾ, കമ്മ്യൂണിറ്റികൾ, പങ്കാളികൾ, ജീവനക്കാർ എന്നിവരിൽ മികച്ച സ്വാധീനം സൃഷ്ടിക്കുവാൻ യു എസ് ടിക്ക് സാധിക്കുന്നു. യു എസ് ടിയെ ശാക്തീകരിക്കുന്ന സത്യസന്ധമായ നിരീക്ഷണങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതിലൂടെ തുല്യതയ്ക്കും നവീകരണത്തിനും വളർച്ചയ്ക്കും സഹകരണത്തിനും അവസരങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾക്ക് കഴിയുന്നുണ്ട്. ഡി ഇ ഐ യുടെ ആവശ്യകതയെയും സ്വാധീനത്തെയും കുറിച്ച് പരിശീലിപ്പിക്കുന്നതിനും, അവബോധം സൃഷ്ടിക്കുന്നതിനും വർഷം തോറും കാര്യമായ ശ്രമങ്ങൾ നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അനു കോശി കൂട്ടിച്ചേർത്തു.

2022ലെ ബിസിനസ് കൾച്ചർ അവാർഡും ബെസ്റ്റ് എൻവിയോൺമെന്റ് പ്രൊട്ടക്ഷൻ ഇനിഷ്യേറ്റീവ് അവാർഡും യു എസ് ടി ക്കു നേരത്തെ ലഭിക്കുകയായുണ്ടായി. സിഎസ്ആർ മികവിനുള്ള മഹാത്മാ അവാർഡും ഈ വർഷം ലഭിച്ച മികച്ച അംഗീകാരങ്ങളിൽ ഒന്നാണ്.

Print Friendly, PDF & Email

Leave a Comment

More News