ലോക കപ്പ്: ഓരോ മണിക്കൂറിലും 90 വിമാനങ്ങൾ പറന്നിറങ്ങുന്നു

ദോഹ: ഖത്തറിലെ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്ന തിരക്കിലാണ്. രണ്ട് സ്ഥലത്തും ഓരോ മണിക്കൂറിലും 90 വിമാനങ്ങളാണ് വന്നിറങ്ങുന്നത്. സന്ദർശകരെയും ആരാധകരെയും സ്വീകരിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ഇരു വിമാനത്താവളങ്ങളും പൂർണ സജ്ജമാണെന്ന് ഹമദ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു.

എയർട്രാഫിക് വികസന പദ്ധതിയിലൂടെ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തിയിട്ടുണ്ട്. ഖത്തറിലേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമായ വ്യോമ റൂട്ടുകൾ 17 വ്യത്യസ്ത പാതകളാക്കിയിട്ടുമുണ്ട്. കൂടുതൽ വ്യോമഗതാഗത നീക്കം ഉറപ്പാക്കുന്നതിനും സുരക്ഷ കൈവരിക്കുന്നതിനും വായുവിൽ വിമാനങ്ങൾക്ക് പ്രവേശിക്കാവുന്ന മേഖലകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഒരേസമയം മൂന്നു ലാൻഡിങും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ശേഷി.

ഹമദ് എയർപോർട്ടിലെ ഖത്തർ എയർ കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വെർച്വൽ ടവർ സഹായിക്കുന്നു. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ബ്ലൈൻഡ് സ്പോട്ടുകൾ നിരീക്ഷിക്കാനും പ്രതിദിന എയർ ട്രാഫിക് മെച്ചപ്പെടുത്താനും ഇതിന് കഴിയും. വിമാനങ്ങളുടെയും വാഹനങ്ങളുടെയും ഗതാഗതം വിദൂരമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും. സെപ്റ്റംബർ ആദ്യവാരം ഖത്തർ വെർച്വൽ ടവർ പ്രവർത്തനക്ഷമമായി.

Print Friendly, PDF & Email

Leave a Comment

More News