സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാഡമി വൈലോപ്പള്ളി ഹാളില്‍ വെച്ചു നവംബര്‍ ആറിന് (11/06/20222) നടന്ന ചടങ്ങില്‍ സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍, പ്രശസ്ത എഴുത്തുകാരനും, കേരള സാഹിത്യ അക്കാഡമി മുന്‍പ്രസിഡന്‍റുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ശ്രി. ടി.ഡി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ആര്‍. ടോണി (മോശയുടെ വഴികള്‍), സുരേന്ദ്രന്‍ മങ്ങാട്ട് (വെനീസിലെ പെണ്‍കുട്ടി), പി. എന്‍. സുനില്‍ (ഉഷ്ണക്കാറ്റ് വിതച്ചവര്‍) എന്നിവര്‍ പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തെ സ്വാഗതം ചെയ്ത സെബാസ്റ്റ്യന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി.

ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാംസി കൊടുമണ്‍ പ്രവാസ ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരനാണെന്നും, മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പാകമായ ഭാഷാ ശൈലിയുടെ ഉടമയാണെന്നും പറഞ്ഞു. ഉഷ്ണക്കാറ്റു വിതച്ചവര്‍ എന്ന ചെറു നോവലിന്‍റെ ഇതിവൃത്തം ചിരപരിചിതമാണെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ അതില്‍ കണ്ടെത്താന്‍ കഴിയും. കൃതഹസ്തനായ, കൈയ്യടക്കം വന്ന ഒരെഴുത്തുകാരനെ നമുക്കിവിടെ കാണാം. അത്തരത്തിലുള്ള കൃതികള്‍ മലയാള സാഹിത്യത്തിന്, മലയാള ഭാഷക്ക് ഒരു ഭാഗ്യം ആണെന്നു കരുതണം. അമേരിക്കയില്‍ കുടിയേറിയ പ്രവാസികള്‍ അനുഭവത്തിന്‍റെ അനന്ത സാദ്ധ്യതകളുടെ മുറ്റത്താണു നില്‍ക്കുന്നത്. ഇനിയും നൊസ്റ്റാള്‍ജിയ വിട്ടെറിഞ്ഞ് പ്രവാസ ജീവിതത്തിന്‍റെ നേരറിവുകളുടെ സാഹിത്യം ലോകത്തിനു നല്‍കാന്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് കഴിയട്ടെ എന്നും, മൂന്നരക്കോടി മനുഷ്യരുടെ ഭാഷയായ മലയാളം ഒരു ചെറിയ ഭാഷയല്ലെന്നും, തമിഴന്‍റെ അഭിമാന മുദ്രാവാക്യം മൊഴിമാറ്റി, ‘മലയാളിയെന്നു പറയടാ, മലപോലെ ഉയര്‍ന്നു നില്‍ക്കടാ’ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രവാസി എഴുത്തുകാര്‍ അവരുടെ മുന്നില്‍ ഒരു വലിയ ലോകത്തെയാണു കാണുന്നത്. ലോകത്തിന്‍റെ തന്നെ ചെറു പതിപ്പുകളുമായി നിരന്തരം ഇടപഴകുന്നവരുടെ അനുഭവ ലോകവും വിശാലമാകുന്നു. അതൊരു പ്രവാസിക്കു മാത്രം കിട്ടുന്ന അനുഭവ പാഠങ്ങളാണ്. പണ്ട് ഇടശ്ശേരി പറഞ്ഞു ‘ഞാനെന്‍റെ മുരിഞ്ഞച്ചുവട്ടിലിരുന്ന് ലോകത്തെ കാണുന്നു’ എന്ന്. പക്ഷേ ഇന്നു കാലവും വീക്ഷണവും മാറി. ആന്ഡ്രോപീഡ എന്ന നക്ഷ്ത്രത്തില്‍ നിന്നും ഇരുപത്തഞ്ചു ലക്ഷം വര്‍ഷം മുമ്പ് പുറപ്പെട്ട ഒരു രശ്മിയാണ് ഇന്ന് നമ്മളില്‍ എത്തിച്ചേരുന്നത്. ആ പ്രകാശത്തിന്‍റെ സഞ്ചാര പഥത്തിലുള്ള എല്ലാ അനുഭവങ്ങളും നമ്മളില്‍ എത്തിച്ചേരുകയാണ്. നമ്മുടെ ലോകവും അനുഭവങ്ങളും വലുതാകുകയാണ്. അതുപോലെയാണ് ഒരമേരിക്കന്‍ പ്രവാസിക്ക് തന്‍റെ അനുഭവലോകം വലുതാക്കാന്‍ കഴിയുന്നത്. വൈശാഖന്‍ തന്‍റെ പ്രകാശന പ്രസംഗം പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്. സാംസി കൊടുമണ്ണിന്‍റെ എഴുത്തില്‍ ഈ വിശാലമായ അനുഭവ ലോകത്തിന്‍റെ കാഴ്ചകള്‍ ഉണ്ട്. മറ്റൊരു പ്രത്യേകത പാരായണ സുഖമാണ്. ഇന്ന് മലയാളത്തിലെ പല കൃതികളും മലയാളത്തിലേക്ക് വീണ്ടും വിവര്‍ത്തനം ചെയ്തെങ്കിലേ വായിക്കാന്‍ പറ്റൂ എന്നിരിക്കെ സാംസി കൊടുമണ്ണിന്‍റെ എഴുത്ത് വേറിട്ടു നില്‍ക്കുന്നു. ലളിതമായ വാക്യങ്ങളില്‍ സൂതാര്യമായി ആശയ വിനിമയം ചെയ്യുന്നു എന്നുള്ളതിനാല്‍ വായനയും സുതാര്യമാകുന്നു. അത് എഴുതുന്ന വ്യക്തിയുടെ മനസ്സിനെ കാണിച്ചു തരുന്നു.

ഒരു കഥ ഒരു വെറും കഥയോ, ഏകാന്തനായ ഒരാള്‍ കഥ പറയുകയോ അല്ല. വെറും കടലാസിനു മുന്നില്‍ ഇരിക്കുന്ന സാംസിയുടെ ചുറ്റിനും ഒരു ജനക്കൂട്ടം ഉണ്ട്. അവരെ നിമഗ്ന ജനത എന്നു വിളിക്കാം. അവരുടെ ഒക്കെ ഉള്ളിലെ വികാരങ്ങളും വിചാരങ്ങളും സാംസിയിലേക്ക് കടന്ന്, അവരിലൂടെ പറയുന്ന കഥയില്‍ സാംസിയുടെ ആത്മാംശമുണ്ട്, പാരമ്പര്യമുണ്ട്, അച്ഛനമ്മമാരുണ്ട്, സഹോദരങ്ങളുണ്ട്, വായിച്ച കഥകളുണ്ട്. നല്ല സുഹൃത്തുക്കളുണ്ട്, സമൂഹമുണ്ട്. ഇവരില്‍ക്കൂടിയെല്ലാം പറയുന്ന കഥയില്‍ സ്നേഹമുണ്ട്, കരുണയുണ്ട്, സമൂഹത്തോടുള്ള ചോദ്യമുണ്ട്. എം. എന്‍. കാരശ്ശേരി അവതാരികയില്‍ പറയുന്നപോലെ സാംസി കഥകളിലൂടെ നമുക്ക് കാണിച്ചു തരുന്നത് ജീവിതത്തില്‍ സ്നേഹമില്ലെങ്കില്‍ പിന്നെ അതിനെന്തു വില എന്ന സന്ദേശമാണ്. ഇനിയും സാംസിയില്‍ നിന്നും ഇതുപോലെയുള്ള നല്ല പുസ്ത്കങ്ങള്‍ ഉണ്ടാകട്ടെ എന്ന് വൈശാഖന്‍ ആശംസിച്ചു.

വെനീസിലെ പെണ്‍കുട്ടി എന്ന ചെറുകഥാ സമാഹാരത്തെ പരിചയപ്പെടുത്തിയ സനോജ് രാഘവന്‍ സമാഹാരത്തിലെ ചില കഥകള്‍ പ്രത്യേകം പരാമര്‍ശിക്കയുണ്ടായി. കഥകളുടെ ഒക്കെ ആകെത്തുക സ്നേഹ രാഹിത്യവും ശിഥിലീകരിക്കപ്പെട്ട കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ആശങ്കകളുമാണന്നദ്ദേഹം അഭിപ്രായപ്പെടുയുണ്ടായി. ഒരു പ്രവാസി എഴുത്തുകാരന്‍ ജീവിതത്തെ നോക്കിക്കാണുമ്പോള്‍ അതിന്‍റെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകുന്നു എന്ന് പല കഥകളും കാണിച്ചു തരുന്നു. നമ്മുടെ ദേശീയ സങ്കുചിത കാഴ്ചപ്പാടുകള്‍ക്ക് അപ്പുറത്ത് മാനുഷികമായ ഒരു മാനവിക കാഴ്ചാടുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പല കഥളും ഈ പുസ്തകത്തില്‍ ഉണ്ട്. ഒരു പ്രവാസി ജീവിക്കുന്നത് ഒരേ സമയം പല ലോകത്തിലും പലകാലങ്ങളിലും ആണ്. സാംസി കൊടുമണ്ണിന്‍റെ കഥകളില്‍ ഇത്തരം കഥകള്‍ വായിക്കാം. അംശീകരിക്കപ്പെട്ടവരുടെ ശോഭായാത്ര, ജയിക്കാനായി ജനിച്ചവന്‍, ഒരു യുക്തിവാദിയുടെ ആത്മാവ് ഒരു വൈദീകന്‍റെ ജനഡത്തെ കണ്ടുമുട്ടിയപ്പോള്‍, ഉദകക്രീയ, കാലികകളുടെ ലോകം എന്നീകഥകള്‍ പ്രമേയ വൈവിദ്ധ്യം കൊണ്ടും, ആവിഷ്ക്കാര പ്രത്യേകതകൊണ്ടും ശ്രദ്ധേയമാകുമ്പോഴും മറ്റുകഥകളും തുല്ല്യ പ്രാധാന്യം ഉള്ളവ തന്നെ. വായനകൊണ്ടുതന്നെയാണ് ഏതൊരു കൃതിയും സാക്ഷാല്‍ക്കരിക്കപ്പെടുന്നത് എന്നും സനോജ് രാഘവന്‍ ഓര്‍മ്മപ്പെടുത്തി.

മോശയുടെ വഴികള്‍ പരിചയപ്പെടുത്തിയത് ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി ആണ്. കേരളത്തിനു പുറത്ത്, ഇന്ത്യക്കു പുറത്ത് ഏകദേശം നാല്പതു വര്‍ഷക്കാലം ജീവിച്ചിട്ടും മലയാള സാഹിത്യത്തിനു വേണ്ടി എഴുതുന്നു എന്നുള്ളത് ഒരു വലിയ കാര്യം തന്നെയാണ്. ഒരു സാംസ്കാരിക സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ സാംസി കൊടുമണ്ണിനെപ്പോലെയുള്ളവരുടെ പ്രവര്‍ത്തനം മലായാള സാഹിത്യത്തിനു നല്‍കുന്ന സംഭാവന ഒരുപക്ഷേ സാഹിത്യ അക്കാദമി പോലെയുള്ള സംഘടനകള്‍ നല്‍കുന്നതിനൊപ്പം നില്‍ക്കും എന്നു പറയാന്‍ അവിടെയുള്ള ചില സംഘടനകളുടെ പരിപാടികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞപ്പോള്‍ തോന്നുകയുണ്ടായി. ഇത്തരം സാംസ്കാരിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പലരും മുഖ്യധാരയില്‍ അധികം അറിയപ്പെടുന്നവരല്ലെങ്കിലും, ഭാഷകൊണ്ടും, ശൈലികൊണ്ടും, വിഷയ വൈവിദ്ധ്യം കൊണ്ടും ഏറെ വ്യത്യസ്തനായി നില്‍ക്കുന്ന സാംസി കൊടുമണ്ണിന്‍റെ രചനകള്‍ ഏറെ ശ്രദ്ധേയം തന്നെ. മോശയുടെ വഴികള്‍ എന്ന ഈ പുസ്തം പരിചയപ്പെടുത്താന്‍ തുടങ്ങുമ്പോള്‍, ആ പുസ്ത്കത്തിലേക്കുള്ള പ്രവേശനം ഒരുക്കിയ ഡോ. കെ. ആര്‍. ടോണിയുടെ അവതാരികയുടെ മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ നോവലിന്‍റെ ബഹുസ്വരതയാണ് നോവലിന്‍റെ പ്രത്യേകത. നോവല്‍ സങ്കല്പത്തെ മാറ്റിമറിക്കുന്ന ഒരു പുത്തന്‍ പ്രവണത സാംസി കൊടുമണ്‍ മലയാള സാഹിത്യത്തിനു നല്‍കി എന്നു പറയുന്നതിന് കഴിയും.

ഉഷ്ണക്കാറ്റു വിതച്ചവര്‍ എന്ന നോവല്‍ സദസിനു പരിചയപ്പെടുത്തിയത് ബൈജു വര്‍ഗ്ഗീസാണ്. മലയാളത്തിലെ ഏറ്റവും ചെറിയ നോവലുകള്‍ എഴുതിയിട്ടുള്ള ആള്‍ വൈക്കം മുഹമ്മദ് ബഷീറാണ്. ഇപ്പോള്‍ സാംസി കൊടുമണ്ണും ആ പട്ടികയില്‍ ഇടം പിടിച്ചു എന്നു പറയുമ്പോള്‍ അതിശയോക്തിയായി കാണരുത്. വളരെ ഭംഗിയായി പറഞ്ഞിട്ടുള്ള ഒരു ചെറു നോവലാണീ പുസ്തകം. അസാദ്ധ്യമായ ഒരു രചനാ കൗശലമാണീ നോവലില്‍ കാണുന്നത്. ഒരു ഗ്രാമത്തിന്‍റെ കഥയില്‍ വഴിമാറി സഞ്ചരിക്കെണ്ടിവന്ന ഒരു അമ്മ മകളേയും അതേ വഴിയില്‍ നയിക്കുകയും, പിന്നിട് അതൊരു വലിയ ദുരന്ത പര്യവസാനിയാകുകയും ചെയ്യുന്ന ഈ നോവല്‍ ശ്രദ്ധിക്കപ്പെടും എന്നും ബൈജു വര്‍ഗീസ് പറഞ്ഞു. സുരേന്ദ്രന്‍ മങ്ങാട് വെനീസിലെ പെണ്‍കുട്ടി എന്ന കഥാ സമാഹാരത്തിലെ രണ്ടുമൂന്നു കഥകളെ പ്രത്യേകം പരാമര്‍ശിക്കയുണ്ടായി. ജോര്‍ജ്ജ് ആറാമന്റെ പരിണാമം, കാലന്‍ കോഴികള്‍, വെനീസിലെ പെണ്‍കുട്ടി എന്നി കഥകളുടെ ആഖ്യാന ശൈലി ഏറെ ആകര്‍ഷിണിയമാണന്നും, അതില്‍ ജോര്‍ജ്ജ് ആറാമന്‍റെ പരിണാമം ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വാസുദേവ് പുളിക്കല്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രവാസി എഴുത്തുകാരെ മുഖ്യധാരയില്‍ അംഗികരിക്കാന്‍ സഹിത്യ അക്കാഡമി പോലെയുള്ള സ്ഥാപനങ്ങള്‍ ഇനിയും മടിച്ചു നില്‍ക്കരുതെന്ന് അബ്ദുള്‍ പുന്നയൂര്‍ക്കുളം ആവശ്യപ്പെട്ടു.

സാഹിത്യത്തില്‍ പ്രവാസി സാഹിത്യം എന്നൊരു സംവരണം വേണമോ എന്ന സന്ദേഹം സാംസി കൊടുമണ്‍ തന്‍റെ മറുമൊഴിയില്‍ ചോദിച്ചു. ലോകത്തെവിടേയും സാഹിത്യം മനുഷ്യ സംബന്ധിയായിരിക്കെ, ആഫ്രിക്കയിലേയും, അമേരിക്കയിലേയും, യൂറോപ്പിലേയും, ഇന്ത്യയിലേയും സാഹിത്യം പറയുന്ന മനുഷ്യ മനസ്സിന്‍റെ ദുഃഖങ്ങളും, വേദനകളും, ഒന്നല്ലേ… സാഹചര്യങ്ങളും, ജീവിത പരിസരങ്ങളും വേറിട്ടു നില്‍ക്കുമ്പോഴും, ഇരയുടേയും വേട്ടക്കാരന്‍റേയും മാനസിക അവസ്ഥ ഒന്നു താന്നെ ആയിരിക്കെ ഇത്തരം വേര്‍തിരുവുകളില്ലാതെ സാഹിത്യത്തെ ഒന്നായി കാണുമ്പോള്‍ മാത്രമേ പ്രവാസി എഴുത്തുകാരനും മുഖ്യധാരയിലേക്ക് എത്തുകയുള്ളു എന്ന് സാംസി എടുത്തു പറഞ്ഞ്, ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു.

ഈ ചടങ്ങ് ഇത്രയും ഭംഗിയാക്കാന്‍ ഏറെ അദ്ധ്വാനിച്ച, പുസ്തകങ്ങളുടെ പ്രസാധകന്‍ കൂടിയായ പുലിസ്റ്റര്‍ ബുക്കിന്‍റെ ഉടമ സെബാസ്റ്റ്യനോടുള്ള നന്ദിയും അറിയിച്ചു. സാഹിത്യം ലോകത്തെവിടെയും മനുഷ്യനെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണെന്ന്, ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍ ഈ പുസ്തകത്തിന്‍റെ പേരില്‍ പരസ്പരം ബന്ധിതരായി എന്നോര്‍മ്മിപ്പിച്ചുകൊണ്ട് സാംസി കൊടുമണ്‍ പറഞ്ഞു നിര്‍ത്തി.

Print Friendly, PDF & Email

Leave a Comment

More News