ഗോകുൽരാജ് വധം: പ്രധാന സാക്ഷി സ്വാതി കൂറുമാറി; കോടതിയലക്ഷ്യത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

മധുര: ദ്രാവിഡ ഹൃദയഭൂമിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അത്. മരണപ്പെട്ട ഗോകുൽരാജുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുഖ്യസാക്ഷി സ്വാതി, വിചാരണയ്ക്കിടെയും ഡിവിഷൻ ബെഞ്ചിന് മുമ്പാകെയും നുണ പറഞ്ഞതിന് ഹൈക്കോടതിയുടെ രോഷം നേരിടുകയാണ്.

നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് പ്രസിദ്ധമായ അർത്ഥനാരീശ്വര ക്ഷേത്രത്തിൽ, എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ സ്വാതിയും ഗോകുൽരാജും ഒരുമിച്ചിരിക്കുമ്പോഴാണ്, 2015 ജൂൺ 23 ന് ഒരു സംഘം കാറിൽ ഗോകുല്‍‌രാജിനെ തട്ടിക്കൊണ്ടുപോയത്. സ്വാതിയുടെ മൊബൈൽ ഫോണും അവര്‍ തട്ടിയെടുത്തിരുന്നു. അടുത്ത ദിവസം ഗോകുല്‍‌രാജിന്റെ മൃതദേഹം പള്ളിപ്പാളയത്തെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി.

ഉന്നത ജാതിക്കാരിയായ പെൺകുട്ടിയുമായുള്ള പ്രണയ പരാജയത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് ഗോകുല്‍‌രാജിനെക്കൊണ്ട് പറയിപ്പിച്ച് അത് വീഡിയോയിൽ പകര്‍ത്തുകയും ചെയ്തു. കേസ് 2019-ൽ നാമക്കലിൽ നിന്ന് മധുരയിലേക്ക് മാറ്റി. കൊലപാതകം നടന്ന് ഏഴ് വർഷത്തിന് ശേഷം, 2022 മാർച്ചിൽ പ്രത്യേക കോടതി 10 പേരെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മുഖ്യപ്രതിയും മാവീരൻ തീരൻ ചിന്നമലൈ ഗൗണ്ടർ പേരവൈയുടെ സ്ഥാപകനുമായ യുവരാജിനെ മൂന്ന് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. അറസ്റ്റിന് മുമ്പ്, തന്നെ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിച്ച കൊലപാതകത്തെ ന്യായീകരിച്ച് അദ്ദേഹം ഒരു ടിവി ചാനലിന് അഭിമുഖം നൽകിയിരുന്നു. കേസിലെ പ്രതികളുടെ ശിക്ഷ വർധിപ്പിക്കാനും മറ്റുള്ളവരെ വെറുതെ വിട്ടതിനെതിരെയും ഇരയുടെ അമ്മ ചിത്രയും കോടതിയെ സമീപിച്ചു. ആദ്യം പ്രോസിക്യൂഷനുമായി സഹകരിക്കുകയും മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്‌ത സ്വാതി വിചാരണയ്ക്കിടെ കൂറുമാറി.

എന്നാൽ, വാദം കേൾക്കുമ്പോൾ, ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എം.എസ്. രമേശും ആനന്ദ് വെങ്കിടേഷും പ്രധാന സാക്ഷി സ്വാതിയുടെ മൊഴി രേഖപ്പെടുത്താൻ അസാധാരണ നടപടി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച, സ്വാതി കോടതിയിൽ ഹാജരായെങ്കിലും കൊലപാതകത്തെക്കുറിച്ചുള്ള അറിവ് നിഷേധിച്ചു. ജഡ്ജിമാരുടെ പല ചോദ്യങ്ങൾക്കും ശരിയായ മറുപടി പറയാതെ സ്വാതി ഒഴിഞ്ഞുമാറി. ഗോകുൽരാജ് ഒരു സഹപാഠിയാണെന്നും, മറ്റുള്ളവരെപ്പോലെ അവനുമായി ഇടപഴകാറുണ്ടെന്നും, എന്നാൽ അമ്മയെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും സ്വാതി പറഞ്ഞു.

ആ നിർഭാഗ്യകരമായ ദിവസം ഗോകുൽരാജനെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു മറുപടി. എന്നാല്‍, സ്വാതിയും ഗോകുൽരാജും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്റെയും പുറത്തുകടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ എൽഇഡി ടിവിയിൽ കാണിച്ചപ്പോൾ ഗോകുൽരാജിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുള്ള പെൺകുട്ടി താനാണെന്ന് നിഷേധിച്ചു. ക്ലോസപ്പ് ദൃശ്യങ്ങൾ കാണിച്ചപ്പോൾ സ്വാതി പൊട്ടിക്കരഞ്ഞു.

ഇതോടെ ജഡ്ജിമാർ രോഷാകുലരായി, “നിങ്ങൾക്ക് നിങ്ങളെത്തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലേ? ഇതൊരു കളിപ്പാട്ടമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് സ്വയം തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, ഈ കോടതിയെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? നിങ്ങൾക്ക് എന്തെങ്കിലും സമ്മർദ്ദമോ ആശങ്കയോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങളോട് പറയാവുന്നതാണ്. വിചാരണ കോടതി പോലെ ഈ കോടതി നിങ്ങള്‍ പറയുന്നത് മുഖവിലയ്ക്കെടുക്കുകയില്ല. സത്യം എത്രനാൾ മറച്ചുവെക്കാൻ കഴിയും?,” ജഡ്ജിമാര്‍ ചോദിച്ചു.

സത്യപ്രതിജ്ഞ ചെയ്താലുള്ള അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ബെഞ്ച് വിഷയം ഇന്നത്തേക്ക് (നവംബർ 30) മാറ്റി. പിന്നീട്, ഗർഭിണിയായ സ്വാതി ബോധരഹിതയായതിനെത്തുടര്‍ന്ന് കോടതി സമുച്ചയത്തിലെ ആശുപത്രിയിൽ ചികിത്സ നൽകി. സ്വാതി കോടതിയെ പരിഹാസപാത്രമാക്കിയെന്ന് ഇന്നത്തെ വാദത്തിന് ശേഷം ജഡ്ജിമാർ നിരീക്ഷിച്ചു. സ്വാതിയെ കണ്ടതിന്റെ പേരിലാണ് ഗോകുൽരാജ് കൊല്ലപ്പെട്ടത്. അവൾ സത്യം പറയാൻ വിസമ്മതിക്കുന്നു. മൊഴി മാറ്റിയതിന്റെ കാരണമെങ്കിലും പറയാമായിരുന്നു. അതിനുള്ള അവസരം അവര്‍ക്ക് ലഭിച്ചിരുന്നു.

പക്ഷേ, അനന്തരഫലങ്ങൾ നന്നായി അറിയാമായിരുന്ന സ്വാതി കള്ളം പറയുകയായിരുന്നു. പ്രഥമദൃഷ്ട്യാ അവര്‍ കള്ളം പറഞ്ഞതിന് തെളിവുകളുണ്ട്. കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗോകുൽരാജിന്റെ കൊലപാതകത്തിന് ശേഷം ദേശീയ പട്ടികജാതി കമ്മീഷൻ (എൻസിഎസ്‌സി) നടത്തിയ സർവേയിൽ, പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളിൽ തമിഴ്‌നാട് അഞ്ചാം സ്ഥാനത്താണെന്ന് വെളിപ്പെടുത്തുകയും, ഇത് തടയാൻ പോലീസ് സജീവമാകണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News