MAGH സോക്കർ ടൂർണ്ണമെന്റ് ‘മിന്നൽ എഫ് സി ഡാളസ്’ ജേതാക്കൾ

ഹൂസ്റ്റൺ: നവംബർ അഞ്ചാം തീയതി ശനിയാഴ്ച മിസോറി സിറ്റിയിലെ റോൺ പാർക്കിൽ വച്ച് നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിച്ച പ്രഥമ സോക്കർ ടൂർണമെന്റിൽ ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ് ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴടക്കി മിന്നൽ എഫ് സി ഡാളസ് ടീം കിരീടത്തിൽ മുത്തമിട്ടു. ടൂർണമെന്റിന്റെ ഉദ്ഘാടനം MAGH പ്രസിഡന്റ് അനിൽകുമാർ ആറന്മുള നിർവഹിച്ചു.

ആവേശകരമായ മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് കാണികളാണ് എത്തിച്ചേർന്നത്. ഡാളസ്സിൽ നിന്നും ഹൂസ്റ്റണിൽ നിന്നും 9 ടീമുകളാണ് ടൂർണമെൻ്റിൽ അണിനിരന്നത്. മിന്നൽ എഫ് സി ഡാളസ്, ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ്, ഹൂസ്റ്റൺ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റൺ യുണൈറ്റഡ് ജാഗ്വാർസ്, പെയർലാന്റ് ഓൾ സ്റ്റാർസ്, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് എ ടീം, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് ബി ടീം, ഹൂസ്റ്റൺ സൺഡേ ക്ലബ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ എന്നീ ടീമുകൾ പങ്കെടുത്തു.

വാശിയേറിയ സെമി ഫൈനൽ മത്സരങ്ങളിൽ ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ് ടീം പെനൽറ്റി ഷൂട്ടൗട്ടിൽ (5-3) ഹൂസ്റ്റൺ യുണൈറ്റഡ് ടൈഗേഴ്സ് ടീമിനെയും, രണ്ടാം സെമിയിൽ ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് ടീമിനെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത മിന്നൽ എഫ് സി ഡാളസ് ഒന്നാം സീഡായ ഹൂസ്റ്റൺ സ്ട്രൈക്കേഴ്സിനെ 4-1ന് തകത്താണ് ഫൈനലിൽ ഇടം നേടിയത്. നൂറുകണക്കിന് ഫുട്ബോൾ പ്രേമികളുടെ സാന്നിധ്യത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ് ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് പ്രഥമ മാഗ് സോക്കർ ടൂർണമെന്റിന്റെ മെഗാ സ്പോൺസർ ജോയ് ജോൺ, അനൂപ് ജോൺ ( ഫ്രണ്ട്ലി സ്റ്റോഴ്സ് ഹൂസ്റ്റൺ) സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ് ടീമിന് ഗ്രാൻഡ് സ്പോൺസർ സുബിൻ കുമാരൻ (കിയാൻ ഇൻ്റർ നാഷണൽ ലോജിസ്റ്റിക്സ്) ഡയമണ്ട് സ്പോൺസർ ചാരുവിള മാത്യൂ ഷിബു (വിക്ടേഴ്സ് ഡെലി) എന്നിവർ സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു.

സമാപന ചടങ്ങിലും സമ്മാനദാന ചടങ്ങിലും വിശിഷ്ടാതിഥി ഫോർട്ട് ബെൻ്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യൂ, MAGH പ്രസിഡൻ്റ് അനിൽ കുമാർ ആറന്മുള, MAGH ബോർഡ് ഓഫ് ഡയറക്ടർമാര്‍, സ്പോൺസർമാര്‍ എന്നിവർ പങ്കെടുത്തു.

ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനുള്ള ജിബിൻ കുളങ്ങര സംഭാവന ചെയ്ത എംവിപി ട്രോഫിക്ക് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടോം വാഴക്കാട്ട് (മിന്നൽ എഫ്സി ഡാളസ്) അർഹനായി. റൈസിംഗ് സ്റ്റാർ പ്ലയറായി ഐസയാ ജോൺ (ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ്), ബെസ്റ്റ് സ്ട്രൈക്കർ ആയി മൈക്കി വർഗീസ് (ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ്) ബെസ്റ്റ് ഡിഫൻഡറായി ജിജോ ജോൺസൺ (മിന്നൽ എഫ്സി ഡാളസ്), ബെസ്റ്റ് ഗോളിയായി അഖിൽ ഭാസ്കർ (ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ്) എന്നിവർ അർഹരായി. ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച പ്രിൻസ് ബാബുവിന് മാഗ് പ്രസിഡൻ്റ് അനിൽ കുമാർ ആറന്മുള മെമെന്റോ നൽകി ആദരിച്ചു.

മെഗാ സ്പോൺസർ ജോയ് ജോൺ, അനൂപ് ജോൺ (ഫ്രണ്ട്‌ലി സ്റ്റോഴ്സ് ഹൂസ്റ്റൺ), ഗ്രാൻഡ് സ്പോൺസർ സുബിൻ കുമാരൻ (കിയാൻ ഇൻറർനാഷണൽ ലോജിസ്റ്റിക്സ് & എൽഎൽ സി ലിമിറ്റഡ്) ഡയമണ്ട് സ്പോൺസർ ചാരുവിള മാത്യൂ ഷിബു (എം ഐ എച്ച് റിയൽറ്റി & വിക്ടേഴ്സ് ഡെലി റസ്റ്റോറൻറ്) പ്ലാറ്റിനം സ്പോൺസർ ജൂബിൻ കുളങ്ങര, ഗോൾഡ് സ്പോൺസർ ജഡ്ജ് ജൂലി മാത്യൂ, സിൽവർ സ്പോൺസർ അലാമോ ട്രാവൽസ് എന്നിവരായിരുന്നു ടൂർണമെന്റിന്റെ സ്പോൺസർമാർ.

MAGH സ്പോർട്സ് കോഓര്‍ഡിനേറ്റർ വിനോദ് ചെറിയാൻ റാന്നി ടൂർണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകൾക്കും, സ്പോൺസർമാർക്കും, വിശിഷ്ടാതിഥികൾക്കും, MAGH ഭാരവാഹികൾക്കും, ടൂർണമെന്റിൽ വന്നു പങ്കെടുത്ത എല്ലാ ഫുട്ബോൾ പ്രേമികൾക്കും നന്ദി അറിയിച്ചു.

ടൂർണമെന്റിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചത് വിനോദ് ചെറിയാൻ, പ്രിൻസ് ബാബു, റെജി കോട്ടയം, ജോജി ജോസഫ്, സൂര്യജിത്ത് സുഭാഷിതൻ എന്നിവരടങ്ങുന്ന ടൂർണ്ണമെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News