കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 22): ജോണ്‍ ഇളമത

ഏതാണ്ട്‌ ഒരു വര്‍ഷത്തോളം എത്തി മോശയുടെ ശില്പം കൊത്താന്‍ തക്ക ഒരു കല്ല്‌ കണ്ടെത്താന്‍. വലിയ പാറമേല്‍ ഇരിക്കുന്ന പ്രതിമ. അരോഗദൃഡഃഗാത്രനായ മോശ. നീണ്ടു നരച്ച താടിയും മുടിയും. നാല്പതു വര്‍ഷം മരുഭൂമിയില്‍ സഞ്ചരിച്ച മോശ. യഹോവയുടെ ആജ്ഞാനുവര്‍ത്തിയായി ചെങ്കടലിനെ വേര്‍തിരിച്ച്‌ ഇസ്രായേല്‍ ജനതയ്ക്ക്‌ വഴിയൊരുക്കിയ മോശ. വെള്ളത്തില്‍ നിന്നെടുക്കപ്പെട്ട അടിമയുടെ പുത്രന്‍. ഫറവോന്റെ അരമനയെ പിടിച്ചു കുലുക്കിയ മോശ! ഈ കല്ലില്‍ നിന്നിറങ്ങിവരുമ്പോള്‍ ആരുടെ രൂപമായിരിക്കണമെന്ന്‌ ചിന്തിച്ചു നിന്നപ്പോള്‍ കറോറമലയിലെ പാറയിടുക്കില്‍ ഒരു വൃദ്ധന്‍!

അത്ഭുതം! അയാള്‍ക്ക്‌ താന്‍ മനസ്സില്‍ കൊണ്ടുനടന്ന മോശയോട്‌ ഏറെ രൂപസാദൃശ്യം! അരോഗദൃഢഃഗാത്രനായ വൃദ്ധന്‍. തല ഇടതുഭാഗത്തേക്ക്‌ തിരിഞ്ഞ്‌, അതിതീക്ഷ്ണമായ പച്ചക്കണ്ണുകളില്‍ കുങ്കുമ രേഖകള്‍ പടര്‍ന്നിരിക്കുന്നു. നീണ്ട നരച്ച മുടിയും താടിയും. പ്രതികാരവും നിരാശയും നിഴലിക്കുന്ന മുഖഭാവം. ഇയാള്‍ തന്നെ മോശ. ഇസ്രായേല്‍ ജനതയുടെ രക്ഷകന്‍.ഈജിപ്റ്റില്‍ നിന്നും ഇസ്രായേല്‍ ജനതയെ മരുഭൂമിയിലേക്കു നയിച്ച മോശ! സാക്ഷാല്‍ മോശ. ഫറവോ റാംസിസ്‌നോടിടഞ്ഞ മോശ! ഇയാള്‍ക്കാരോടാണ്‌ വിദ്വേഷവും പകയും? കറോറ മലമുകളില്‍ നിന്ന്‌ പാല്‍വെണ്ണ മാര്‍ബിള്‍ കല്ലുകളില്‍ നിന്നുതിരുന്ന പ്രകാശം, സൂര്യ രശ്മികളിലലിഞ്ഞ്‌ അയാളുടെ ബലിഷ്ഠമായ നഗ്നമേനിയില്‍ വീണ്‌ തിളങ്ങി, ഏതോ ശില്പി കൊത്തിയെടുത്ത ശില്പംപോലെ.

മൈക്കിള്‍ആന്‍ജലോ അയാളുടെ സമീപത്തേക്കു ചെന്നു വലതുകൈയില്‍ ഒരു തുകല്‍ സഞ്ചി പിടിച്ചിട്ടുണ്ട്‌. അതില്‍ പാറ കൊത്തുന്ന ഉളിയും കൂടവും മറ്റ്‌ ആയുധങ്ങളും പുറത്തേക്ക്‌ എഴുന്നു നില്‍ക്കുന്നു. ആരാണിയാള്‍, വൃദ്ധനായ ശില്പിയോ?

അങ്ങ്‌ ആരാണ്‌? മൈക്കിള്‍ആന്‍ജലോ ഉദ്വേഗത്തോടെ ചോദിച്ചു.

അയാള്‍ ഇടിമുഴക്കം പോലെ പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ ചോദ്യം തിരികെ ചോദിച്ചു:

ഞാനാരാണ്‌?

അതേ, താങ്കളാരാണ്‌, ഒരു ശില്പിയോ?

അതാകാനായിരുന്നു എന്റെ ഇച്ഛ, എന്നാല്‍ തലവര വേണമല്ലോ, അതില്ലാതെപോയി.

താങ്കളുടെ പേരെന്താണ്‌?

ജിയോവാനി!

ഒരു നീണ്ട ആലോചനയ്ക്കുശേഷം പെട്ടെന്ന്‌ എന്തോ തിരിച്ചറിഞ്ഞ മട്ടില്‍ മൈക്കിള്‍ആന്‍ജലോയുടെ മുഖത്ത്‌ അത്ഭുതം വിടര്‍ന്നു.

ജിയോവാനി! താങ്കള്‍, ടസ്കിനി മലയടിവാരത്തിലല്ലേ താമസം? താങ്കളുടെ ഭാര്യ തടിച്ചിരുന്ന സാന്റീനാ അല്ലേ?

വൃദ്ധന്റെ കണ്ണുകള്‍ വിടര്‍ന്നു;

അതേ, അതു താങ്കള്‍ക്കെങ്ങനെ അറിയാം?

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മഞ്ഞു മൂടിക്കിടന്ന കറോറ മലയുടെ താഴ്‌വാരത്തെ ടസ്കിനി എന്ന ഗ്രാമം. കല്ലുവെട്ടുകാരുടെ ഗ്രാമം. അതായിരുന്നു നവോത്ഥാനത്തിന്റെ ആരംഭം. പണിയായുധങ്ങളുമായി മലയിലേക്കു പോകുന്ന കല്ലുവെട്ടുകാര്‍, പേരിനുമാത്രം അവിടവിടെ ചില ശില്പികള്‍, ഡൊണുറ്റല്ലോ, ഫിലിപ്പോ, വെറാച്ചിയോ പിന്നെ നന്നേ ചെറുപ്പമായ ലിയണാഡോ ഡാവിന്‍ചി
തുടങ്ങിയ കുറേപ്പേര്‍.

കല്ലുവെട്ടുകാര്‍ കല്ലുകള്‍ വെട്ടി ഭാരപ്പെട്ട്‌ കുതിരവണ്ടികളില്‍ കയറ്റി പട്ടണത്തിലെത്തിക്കും. പ്രധാനമായും കരിങ്കല്‍ കെട്ടിടങ്ങള്‍ക്കും ശില്പികള്‍ക്കും. അവര്‍ അത്‌ ഏറെ വിലകൊടുത്തു വാങ്ങും. അന്നൊക്കെ കല്ലുവെട്ടുകാര്‍ ധാരാളികളായിരുന്നു, പിറാറ്റ (പൈററ്റ്സ്‌), കടല്‍ക്കൊള്ളക്കാര്‍)ന്മാരെപ്പോലെ. രണ്ടാഴ്ച കല്ലു വെട്ടി നഗരത്തിലെത്തിച്ചാല്‍ കൈനിറയെ കാശാണ്‌. പിന്നെ രണ്ടാഴ്ച വീടും കൂടിയും പോലും ഉപേക്ഷിച്ച്‌ പട്ടണത്തില്‍ വസിച്ച്‌ സുഖിക്കും, ചൂതു കളിച്ചും പട്ടണത്തിലെ ബാറുകളില്‍ പറന്നു നടക്കുന്ന മദാലസകളായ വേശ്യമാരോടൊപ്പവും. അങ്ങനെ ആനന്ദത്തിന്റെ അമൂല്യനിമി
ഷങ്ങളില്‍.

ഇന്നു കാലം മാറി. ടസ്കിനിമലകള്‍ പ്രഭുക്കള്‍ തീറെഴുതി വാങ്ങി. അവരാണ്‌ ഇന്ന്‌ കൊള്ള ലാഭമെടുക്കുന്നത്‌. പണ്ടത്തെ പതിവ്‌ മാറി. ശില്പികള്‍ നേരിട്ടെത്തി കല്ലുകള്‍ തിരഞ്ഞെടുക്കുന്നു. ഇന്ന്‌ കല്ലു വെട്ടുകാര്‍ വെറും കല്ലു വെട്ടുകാരാണ്‌. ദിവസക്കൂലിക്കു പണിയുന്ന നിര്‍ദ്ധനര്‍! രാവും പകലും പണിത്‌ ആരോഗ്യം ശോഷിച്ചവര്‍.

ജിയോവാനി ഓര്‍ത്തു:

ദൈവം ഇന്നും തന്നെ ആരോഗ്യത്തോടെ രക്ഷിക്കുന്നു. കല്ലുകള്‍ വെട്ടുകയും കൊത്തിയൊരുക്കുകയും ചെയ്യുന്ന നിത്യ തൊഴിലുകൊണ്ട്‌ പേശികള്‍ ദൃഢപ്പെട്ടിരിക്കുന്നു. ഒലിവെണ്ണ ഉഴിഞ്ഞുള്ള കുളി നിത്യേന ശരീരത്തെ കല്ലു വെട്ടാന്‍ പാകത്തിന്‌ ദൃഢതയും ശക്തിയും ഉറപ്പും തരുന്നു. രാത്രികാലങ്ങളില്‍ ടസ്കിനി മലനിരകളിലെ മുന്തിയ മുന്തിരിച്ചാറിന്റെ വീഞ്ഞില്‍ എല്ലാ വേദനകളും പിറ്റേന്നു കാലത്തുവരെ മറക്കുന്നു.

വൃദ്ധന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു:

താങ്കള്‍ക്ക്‌ എങ്ങനെ അറിയാം?

എങ്ങനെ അറിയാമെന്നോ! മൈക്കിള്‍ആന്‍ജലോ ജിയോവാനിയെ കെട്ടിപ്പുണര്‍ന്നു.

ഞാന്‍ ആരാണെന്നറിയുമോ?

ഞാനാണ്‌ മൈക്കിള്‍ആന്‍ജലോ എന്ന ശില്പി. പണ്ട്‌ ടസ്കിനി മേയറും ജഡ്ജിയുമായിരുന്ന ലുഡ്വിക്കോ ബുവോണാറൊറ്റി സിമോനിയുടെ മകന്‍.

ചെറുപ്പത്തില്‍ എന്റെ ആയയായിരുന്നു താങ്കളുടെ ഭാര്യ സാന്റീനാ!

ജിയോവാനിയുടെ കണ്ണുകള്‍ നനഞ്ഞു, ആനന്ദാശ്രുക്കളാല്‍. ആ വൃദ്ധന്‍ വികാരഭരിതനായി:

കുറേക്കാലങ്ങള്‍ക്കു മുമ്പ്‌, അതായത്‌ നീ അതിപ്രശസ്തിയിലേക്ക്‌ ഉയരാന്‍ ആരംഭിച്ചപ്പോള്‍ നിന്നെ കാണാന്‍ ഞാന്‍ റോമിലേക്ക്‌ വന്നിരുന്നു. കര്‍ദിനാള്‍ ജീന്‍ ഡി ബില്‍ഹറസ്‌ നിന്നെ “പിയറ്റ” കൊത്താന്‍ ക്ഷണിച്ച കാലത്ത്‌. ഇന്നസ്സന്റ്‌ എട്ടാമന്‍ മാര്‍പാപ്പ ആയിരുന്ന കാലത്ത്‌. പക്ഷേ… വൃദ്ധനായ ജിയോവാനിയുടെ കണ്ണുകള്‍ നിറഞ്ഞു.

പോപ്പിന്റെ അംഗരക്ഷകര്‍ നിന്നെ കാണാന്‍ സാധാരണക്കാരനായ എന്നെ അനുവദിച്ചില്ല. അവരനുവദിച്ചിരുന്നെങ്കില്‍, എനിക്കില്ലാതെപോയ ഭാഗ്യം എന്റെ മകന്‍ ഗ്രാസിയാനോയിക്ക്‌ ഉണ്ടായേനെ. ഓര്‍ക്കുന്നില്ലേ, അവന്‍ നിനക്കൊപ്പം എന്റെ ഭാര്യ സന്റീനായുടെ മുല കൂടിച്ചു വളര്‍ന്നവന്‍. എന്റെ ഭാര്യ മരിക്കും വരെ പറയുമായിരുന്നു അവളുടെ മുലപ്പാലില്‍ കരിങ്കല്‍ പൊടിയുടെ ഗന്ധമുണ്ടെന്ന്‌. അതു കൂടിച്ചു വളരുന്ന എന്റെ മകന്‍ ഗ്രാസിയാനോയും, എന്റെ വളര്‍ത്തു മകന്‍ മൈക്കിള്‍ആന്‍ജലോ ബ്രൊണേട്ടിയും കാലാന്തരത്തില്‍ ശില്പികളാകുമെന്ന്‌.

എന്നാല്‍, എന്റെ മകന്‍ ഗ്രാസിയാനോയ്ക്ക്‌ ശില്പിയാകാന്‍ കഴിവുണ്ടായിട്ടു കൂടി ഒരു സ്‌കൂളിലും പഠിപ്പിക്കാന്‍ അന്നത്തെ ഫ്യൂഡലിസം അനുവദിച്ചില്ല, ഞാനൊരു കല്ലുവെട്ടുകാരനായതുകൊണ്ട്‌. അക്കാലത്താണ്‌ നിന്നെ കാണാമെന്ന പ്രതീക്ഷയോടെ മകനെകൂട്ടി റോമില്‍ എത്തിയത്‌. നിന്നെ കണ്ടിരുന്നെങ്കില്‍ നീ അവനെ സഹായിച്ചേനെ. എന്നാല്‍, ഫലം നിരാശാജനകമായിരുന്നു. ഒടുവില്‍ അവനും എന്നെപ്പോലെ വെറുമൊരു കല്ലു വെട്ടുകാരനായി. അതൊക്കെപ്പോട്ടെ, ഈ അടുത്ത കാലംവരെ അവനാണ്‌ എന്നെ പുലര്‍ത്തിക്കൊണ്ടിരുന്നത്‌. ഈയിടെ കല്ലു വെട്ടുന്നതിനിടെ, മുകളില്‍ നിന്നടര്‍ന്നുവീണ ഒരു വലിയ കരിങ്കല്‍ കഷണം ദാരുണമായി അവന്റെ ജീവനെടുത്തു.

വൃദ്ധനായ ജിയോവാനി ഒന്നു നിര്‍ത്തി. അയാളുടെ കണ്ഠമിടറി:

ജീവിക്കണമല്ലോ മരിക്കും വരെ. ഞാന്‍ വീണ്ടും ഉളിയും കുടവുമെടുത്തു. അറിയാമല്ലോ! ഇപ്പോ പണ്ടത്തെപ്പോലെയൊന്നുമല്ല. ഫ്യൂഡല്‍ വ്യവസ്ഥിതി ഉച്ചസ്ഥിതിയിലാണ്‌. എല്ലു മുറിയെ പണിയെടുത്താലും വയറു നിറയാനുള്ളത്‌ കിട്ടാറുമില്ല. കഷ്ടം എന്നല്ലാതെ പറയാന്‍ വാക്കുകളില്ല.

മൈക്കിള്‍ആന്‍ജലോ ചോദിച്ചു;

ആകട്ടെ, എന്റെ കൂടെ പോരുന്നോ? ജോലി ഒന്നും തന്നെ എടുക്കേണ്ടതില്ല. ആയുഷ്കാലം സുഖമായി ജീവിക്കാനുള്ള വക ഞാന്‍ തരാം. ഞാനൊരു പ്രശസ്തമായ ശില്പം കൊത്താനുള്ള ശ്രമത്തിലാണ്‌. താങ്കള്‍ക്ക്‌ ശാരീരിക അദ്ധ്വാനമൊന്നും വേണ്ട. എനിക്ക്‌ ഒരു മോഡലായി കുറേ ദിവസത്തേക്ക്‌ ഒന്നിരുന്നു തന്നാല്‍ മതി. താങ്കളെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി വെച്ച മോശയെ കണ്ടു. പാറിപ്പറന്ന നരച്ച താടിയും മുടിയും. ഉരുണ്ടുറച്ച മാംസപേശികള്‍. അല്ല വലിപ്പം കൊണ്ടുതന്നെ താങ്കള്‍ ഒരു വലിയ മനുഷ്യനും! അല്ലെങ്കിലും പണ്ട്‌ യേശുക്രിസ്തുവിന്റെ ജനനത്തിനൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്ന മോശയെ ഇന്നു ജീവിക്കുന്നവര്‍ക്ക്‌ പണ്ടു പണ്ട്‌ ആരൊക്കെയോ സങ്കല്പിച്ചിരുന്ന വിധമല്ലേ കണക്കാക്കി കാണാനാകൂ.

മോഡലോ, അതെന്താണ്‌?

മോശയെ കണ്ടിട്ടുണ്ടോ?

ഏതു മോശ?

പഴയ നിയമത്തിലെ മോശ. പത്തു കല്പനകള്‍ ദൈവ ജനത്തിന്‌ നല്‍കിയമോശ! കേട്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഡൊമിനിക്കന്‍ സന്ന്യാസിമാരൊക്കെ പള്ളികളില്‍ പ്രസംഗിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. അത്രയൊന്നും മനസ്സിലായിട്ടുമില്ല. വാസ്തവത്തില്‍ ആരാണീ മോശ.

അതുകൊണ്ടാണ്‌ മോശയ്ക്ക്‌ ഒരു വലിയ ശില്പമുണ്ടാകേണ്ടത്‌. പഴയ നിയമത്തിലെ വലിയ പ്രവാചകന്‍, അടിമത്തത്തിന്റെ ആദ്യത്തെ വക്താവ്‌, നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ ഫ്യൂഡല്‍ വ്യവസ്ഥിതിയിലാണല്ലോ. സമ്പന്നരുടെ മക്കള്‍ക്കു മാത്രമേ വിജ്ഞാനമുള്ളൂ. അതുകൊണ്ടുതന്നെ ശില്പ കലയ്ക്ക്‌ ഏറെ പ്രാധാന്യം. ബൈബിളിലെ ആത്മീയ പ്രബോധനം ചിത്രരചനയിലൂടെയും. അത്തരം അറിവുകള്‍, ദൃശ്യരൂപേണ പ്രാപ്തമാകും.

പെട്ടെന്ന്‌ വൃദ്ധനായ ജിയോവാനി ചോദിച്ചു;

ഞാന്‍ കൂടെ വന്നാല്‍ വെറുതെ താങ്കള്‍ എന്നെ സംരക്ഷിക്കേണ്ടേ? ഒരു മോഡലായി വെറുതെ വരുന്നതിലേറെ എന്നാല്‍ കഴിയുന്ന ജോലികള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്‌. പ്രതിമകള്‍ക്ക്‌ വേണ്ട കല്ലുകള്‍ ഉരുട്ടി മാറ്റുകയോ, അല്ലെങ്കില്‍ അവ താങ്കള്‍ക്ക്‌ കൊത്താന്‍ പാകത്തില്‍, ചെത്തി മിനുക്കി തരികയോ അതുമല്ലെങ്കില്‍ പ്രതിമ പോളീഷ്‌ ചെയ്തു തരികയോ ഒക്കെ ആകാമല്ലോ.

അതൊന്നും വേണ്ട. വാര്‍ദ്ധക്യ കാലത്ത്‌ അങ്ങ്‌ എന്നോടു കൂടി സുഖമായി താമസിക്കുക.

താങ്കളോടു കൂടിയോ?

അതെ.

അപ്പോള്‍ താങ്കള്‍ക്ക്‌ ഒരു കുടുംബമില്ലേ? ഭാര്യയും മക്കളും!

മൈക്കിള്‍ആന്‍ജലോ പൊട്ടിച്ചിരിച്ചു:

ഒരു ശില്പിക്കെവിടെ വീടും കുടുംബവും? ശില്പങ്ങള്‍ തന്നെ എന്റെ കുടുംബം. എത്രയ്രെത ശില്പങ്ങള്‍ കൊത്തി. അവയെല്ലാം എന്റെ കുടുംബാംഗങ്ങളാണ്‌. അല്ലെങ്കില്‍ത്തന്നെ അതൊക്കെ വ്യാപാരികള്‍ക്കും പ്രഭുക്കള്‍ക്കും രാജാക്കന്മാര്‍ക്കുമൊക്കെയുള്ളതല്ലേ! ഒരു ശില്പിയുടെ കുടെ ജീവിക്കാന്‍ ഏതു പ്രഭുകുമാരിയാണ്‌ ഇഷ്ടപ്പെടുക. കരിങ്കല്ലിന്റെ ഗന്ധവും വിയര്‍പ്പിന്റെ നാറ്റവുമുള്ള ഒരു ശില്പിയെ ആരാണ്‌ സ്‌നേഹിക്കുക? അഥവാ അങ്ങനെ സംഭവിച്ചാല്‍ത്തന്നെ അവര്‍ പണത്തെ മാത്രമേ സ്നേഹിക്കൂ.

ജിയോവാനി പ്രതിവചിച്ചു:

കല്യാണം കഴിക്കുക. കുടുംബമായി ജീവിക്കുക. കുറേ മക്കളുണ്ടാകുക. അതൊക്കെയല്ലേ നമ്മുടെ പാരമ്പര്യം. അതല്ലാതെ ഒറ്റത്തടിയായൊരു ജീവിതം. അതിനെന്തര്‍ത്ഥം? ഞാന്‍ കല്യാണം കഴിച്ച്‌ എനിക്കൊരു പുത്രനുണ്ടായി. അവന്‍ കല്യാണം കഴിച്ച്‌ അവന്‌ കുറേ മക്കളുണ്ടായി. ആ  കാലത്തായിരുന്നില്ലേ അവന്റെ ആകസ്മികമരണം. പിന്നീട്‌ എന്തായി? അവന്റെ വിധവ മറ്റൊരാളെ വിവാഹം ചെയ്ത്‌ മറ്റെവിടെയോ ജീവിക്കുന്നു. ഇത്‌ ദുഃഖങ്ങളും ആകുലതകളും ആണെങ്കില്‍ത്തന്നെ ഇതല്ലേ ഈ ജീവിതത്തിന്റെ ധന്യത.

അതേ അതേ, പക്ഷേ, എനിക്കതിലൊന്നിലും വിശ്വാസമില്ല, പ്രത്യേകിച്ച്‌ എന്റെ തൊഴിലിന്‌. അത്‌ എന്റെ തൊഴിലിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തേക്കാം. ഭക്ഷണവും ഉറക്കവും വെടിഞ്ഞ്‌ സ്ഥലവും കാലവും സമയവും നോക്കാതെ ഭാവനയുടെ തേരില്‍ സഞ്ചരിക്കുന്ന ശില്പി മിക്കപ്പോഴും അജ്ഞാത ലോകത്തിലെ തന്നെ അത്ഭുതജീവി ആയിരിക്കുമല്ലോ.

(…..തുടരും)

Print Friendly, PDF & Email

Leave a Comment

More News