വിഴിഞ്ഞം സമരം: സമവായത്തിന് വഴിയൊരുക്കി സിപിഎം; ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി

വിഴിഞ്ഞത്ത് സമവായത്തിന് വഴിയൊരുക്കാന്‍ സിപി‌എം ശ്രമം തുടങ്ങി. അതിന്റെ തുടര്‍ച്ചയായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ചർച്ച നടത്തി. രാവിലെ വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു ചർച്ച. സംഘര്‍ഷം ഒഴിവാക്കണമെന്ന് ആനാവൂര്‍ ഫാ. തോമസ് നെറ്റോയെ അറിയിച്ചതായാണ് വിവരം. സമവായ ചർച്ചകൾ വരും ദിവസങ്ങളിലും തുടരും.

അതേസമയം വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആനാവൂര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 7, 8, 9 തീയതികളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.ജാഥയുടെ സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജാഥ വർക്കലയിൽ നിന്ന് ആരംഭിച്ച് വിഴിഞ്ഞത്ത് സമാപിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വികസനത്തിന്റെയും സമാധാനത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച്. പ്രചാരണ ജാഥയിലൂടെ പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ സമവായ നീക്കങ്ങള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ക്ലിമ്മീസ് കാതോലിക്കാ ബാവയും ഡോ.തോമസ് ജെ നെറ്റോയും എന്നിവരാണ് ചർച്ചയില്‍ പങ്കെടുത്തത്. അതേസമയം, വിഴിഞ്ഞം സംഘർഷത്തിന് കാരണമായത് സർക്കാരിന്റെ പ്രകോപനമാണെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍ അതിരൂപത സർക്കുലർ ഇറക്കിയിരുന്നു. സർക്കുലർ ഇന്ന് പള്ളികളില്‍ വായിച്ചു.

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ പങ്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കേന്ദ്ര സേനയെ കൊണ്ടുവരാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആവശ്യമുന്നയിച്ചത് അദാനി ഗ്രൂപ്പാണെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ സുരക്ഷയ്ക്ക് കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യം കോടതിയിൽ സർക്കാരും പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിർപ്പില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

കേന്ദ്രസേനയെ കൊണ്ടുവന്ന് വിരട്ടാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് സമരസമിതിയുടെ പ്രതികരണം. കേന്ദ്രസേനയെ വിളിക്കാനാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതെങ്കിൽ അതിനർത്ഥം കേരളാ പോലീസ് പരാജയപ്പെട്ടു എന്നാണെന്ന് സമര സമിതി കൺവീനറും ലത്തീൻ സഭാ വികാരിയുമായ ഫാദർ യൂജിൻ പെരേര പ്രതികരിച്ചത്. അതേസമയം, വിഴിഞ്ഞത്തെ സംഘർഷത്തിലെ പ്രതികളുടെ പട്ടിക പൊലീസ് തയ്യാറാക്കി തുടങ്ങി.

Print Friendly, PDF & Email

Leave a Comment

More News