ലോക കപ്പ്: ഇതുവരെ സുരക്ഷാ ഭീഷണികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ദോഹ: ലോകകപ്പ് ആരംഭിച്ചതിന് ശേഷം സുരക്ഷാഭീഷണി ഉയർത്തുന്ന കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉയർന്ന സുരക്ഷയും സുരക്ഷാ പ്രവർത്തനങ്ങളിൽ സന്ദർശകരുടെ പൂർണ പിന്തുണയും ഉറപ്പാക്കുന്നതിൽ വിജയിച്ചതായി ലോകകപ്പ് സുരക്ഷാ സമിതിയുടെ സുരക്ഷാ പ്രവർത്തന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരെ തേടി ഇതുവരെ 5,85,000 ഫോൺ കോളുകൾ ലഭിച്ചു. എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഉചിതമായ മറുപടിയും പരിഹാരവും ഉറപ്പാക്കിയതായും പ്രസ്താവിച്ചു. അബു സമ്ര അതിർത്തി വഴി റോഡു മാർഗം സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരുടെ പ്രവേശന നടപടികൾ എളുപ്പമാക്കാൻ വാഹന പെർമിറ്റിന് ഓൺലൈൻ റജിസ്‌ട്രേഷൻ (https://ehteraz.gov.qa/PER/vehicle/) തുടങ്ങി. യാത്രാ തീയതിക്ക് 12 മണിക്കൂർ മുൻപ് ഓൺലൈനിൽ വാഹന പെർമിറ്റിനായി റജിസ്റ്റർ ചെയ്യണം.

പെർമിറ്റ് ഫീസും നൽകേണ്ടതില്ല. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണിത്. വിമാന മാർഗമെത്തുന്നവർക്ക് കഴിഞ്ഞ ദിവസം മുതൽ അനുമതി നൽകി. അബു സമ്ര അതിർത്തിയിലൂടെ റോഡ് മാർഗം എത്തുന്നവർക്ക് ഇന്നു മുതലാണ് ഹയാ കാർഡില്ലാതെ പ്രവേശനം അനുവദിക്കുന്നത്.

ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഖലീഫ അൽ മുഫ്ത, സെക്യൂരിറ്റി കമ്മിറ്റി മീഡിയ-കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് മേധാവി കേണൽ ജാബർ ഹമൂദ് അൽ നുഐമി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ ജാസിം അൽബു ഹാഷിം സെക്യൂരിറ്റി ഓപ്പറേഷൻസ് കമാൻഡറുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ അൽ അബ്ദുല്ല സുൽത്താൻ അബ്ദുല്ല അൽ ഗാനിം എന്നിവർ ഓഫീസേഴ്‌സ് ക്ലബ്ബ് ഓഫ് സിവിൽ ഡിഫൻസിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News