ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചില്ലെങ്കിലും അതിന്റെ മതനിരപേക്ഷ നിലപാട് ചൂണ്ടിക്കാട്ടി: എം വി ഗോവിന്ദൻ

കൊച്ചി: വർഗീയതയ്‌ക്കെതിരായ നിലപാടിൽ മുസ്ലീം ലീഗിന് സിപിഎമ്മിനൊപ്പം ചേരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണി ഒരു രാഷ്ട്രീയ സഖ്യമാണ്. ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ മുന്നണിയാണിത്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയും ക്ഷണിക്കുന്ന നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടില്ല. ഉദ്ദേശം അതല്ലെന്നും അദ്ദേഹം പറഞ്ഞു.

“ലീഗിനെ കുറിച്ച് പറഞ്ഞത് ചർച്ച ചെയ്യേണ്ട കാര്യമില്ല. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഒറ്റപ്പെട്ടുവെന്ന വ്യാജപ്രചാരണമാണ് അടുത്തകാലത്തായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചില്ല. അത് മതേതര നിലപാടിനെക്കുറിച്ചായിരുന്നു. ഗവര്‍ണറുടെ വിഷയത്തില്‍ യുഡിഎഫിന് വ്യക്തമായ ധാരണയില്ലാതായി. വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപിടിച്ചുള്ള വലിയൊരു മൂവ്മെന്റ് ശക്തിപെടണമെന്നത് പാർട്ടി നിലപാടാണ്. അത് കേരളത്തിലെ ഇടതുമുന്നണിയല്ല. എല്ലാ വർഗ ബഹുജന പ്രസ്ഥാനങ്ങളുമാണത്. വർഗീയതയെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ യോജിപ്പാണത് ഉദ്ദേശിക്കുന്നത്. അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. വർഗീയതയെ എതിർക്കുന്ന ഒരു പൊതുപ്രസ്ഥാനമാണത്. ആ പോരാട്ടത്തിൽ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഇടപെടാൻ തയ്യാറാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പെടുക്കുകയാണ്,” എം വി ഗോവിന്ദൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News