നായർ ബനവലന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും

ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ നവീകരണം നടന്ന എൻ.ബി.എ.യുടെ ക്വീൻസിലെ ബ്രാഡക്ക് അവന്യുവിലുള്ള ആസ്ഥാനത്ത് ഉച്ചയ്ക്ക് 2:00 മണി മുതൽ നടത്തുന്നു.

17-ാം തീയതി ശനിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കുന്ന നാരായണീയ പാരായണം 5 മണിക്ക് സമാപിക്കും. തുടർന്ന് എൻ.ബി.എ മന്ദിരത്തിലേക്ക് സ്വാമി ഉദിത് ചൈതന്യജിയെ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിക്കും. താലപ്പൊലി, വാദ്യമേളം, ക്ഷേത്ര കലകൾ എന്നിവയുടെ അകമ്പടിയോടെ വേദിയിലെത്തുന്ന സ്വാമിജിയുടെ ആദ്ധ്യാത്മിക പ്രഭാഷണം 7 മണി വരെ.

“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ആശയത്തിൽ വിശ്വസിച്ചു പ്രവർത്തിക്കുന്ന ഹൈന്ദവർ നേരിടുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ചയും, ചോദ്യോത്തര വേളയും രണ്ടു ദിവസത്തെയും മുഖ്യ പരിപാടി ആയിരിക്കും. പ്രഭാഷണത്തിനു ശേഷം ശനിയാഴ്ച മണ്ഡല ഭജനയും, ഞായറാഴ്ച സംഗീത സദസ്സും ഉണ്ടായിരിക്കും. തുടർന്ന് പ്രസാദ വിതരണം, സദ്യ എന്നിവയോടെ 9 മണിക്ക് പരിപാടികൾ സമാപിക്കും.

ഈ മഹാസമ്മേളനത്തിലേക്കും സത്സംഗത്തിലേക്കും ജാതിമത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടക കമ്മിറ്റിക്കു വേണ്ടി എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News