ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നു എന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭരണഘടനയോട് സത്യപ്രതിജ്ഞ ചെയ്ത ആരും അതിനെ ഒരിക്കലും എതിർക്കില്ലെന്നും പറഞ്ഞു.

വെള്ളിയാഴ്ച യൂണിഫോം സിവിൽ കോഡിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, “ഭരണഘടനയോട് സത്യപ്രതിജ്ഞ ചെയ്ത ആരും അത് വരരുത് എന്ന് പറയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“ഹിന്ദു കോഡ് ഇതിനകം നിലവിലുണ്ട്, അത് ഹിന്ദുക്കളിലും സിഖുകാരിലും ജൈനരിലും ഏകത കൊണ്ടുവന്നോ? നാം വൈവിധ്യങ്ങളുടെ രാജ്യമാണ്,” അജണ്ട ആജ് തക് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

“യൂണിഫോം സിവിൽ കോഡ് വിവാഹത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ അല്ല. അത് തുല്യനീതിയെക്കുറിച്ചാണ്.  രണ്ട് ഭാര്യമാരുള്ളവരുണ്ട്.  ഞാൻ ആരുടെയും പേര് പറയുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങളിൽ, “ആരാണ് ബുർഖ ധരിക്കുന്നത് തടയുന്നത്? ഇതൊരു സ്വതന്ത്ര രാഷ്ട്രമാണ്. എന്നാൽ, സ്ഥാപനങ്ങൾക്കും അവരുടെ വസ്ത്രധാരണരീതി ഉണ്ടായിരിക്കാൻ അവകാശമുണ്ട്. “ഹിജാബ് അനുവദിക്കുന്ന സ്ഥാപനങ്ങളുണ്ട്, അവിടെ ആര്‍ക്കും പോകാം, ” അദ്ദേഹം പറഞ്ഞു.

1986-ല്‍ ഷാ ബാനോ കേസ് വിഷയം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കോണ്‍ഗ്രസ് വിട്ട അദ്ദേഹം, തന്റെ കാഴ്ചപ്പാടുകളിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞു.

“ഒരു നിയമം ഉണ്ടാക്കുന്നത് വലിയ കാര്യമല്ല, ഭാവിയിൽ പാർലമെന്റിന് നിയമം മാറ്റാമെന്ന് ഞാൻ പറഞ്ഞിരുന്നു, പക്ഷേ രാജ്യത്തിനെതിരെ സംസാരിക്കുന്നവരും അക്രമത്തെ പിന്തുണയ്ക്കുന്നവരും അവരെ വണങ്ങുന്നതും എന്റെ അഭിപ്രായത്തിൽ രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്,” അദ്ദേഹം പറഞ്ഞു.

“1947 ന് മുമ്പ്, അവർ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് പറഞ്ഞു, 1986 ൽ ആ ചിന്താധാരയുടെ പിൻഗാമികൾ പറഞ്ഞു, ഞങ്ങൾക്ക് ഒരു പ്രത്യേക ഐഡന്റിറ്റി ഉണ്ടെന്ന്. എന്റെ നിലപാട് ആ വേറിട്ട സ്വത്വത്തിന് എതിരായിരുന്നു. ഞാൻ ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നു. എന്റെ ചിന്തകൾക്ക് മാറ്റമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് പ്രീണന രാഷ്ട്രീയമാണോ എന്ന ചോദ്യത്തിന്, ഇത് ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കലാണെന്ന് അദ്ദേഹം പറഞ്ഞു, കാരണം സമൂഹം മൊത്തത്തിൽ ഇത് മൂലം കഷ്ടപ്പെടുന്നു.

കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യുകയും പകരം മല്ലിക സാരാഭായിയെ നിയമിക്കുകയും ചെയ്തതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍, തന്റെ പിൻഗാമിയെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന സർക്കാർ അവരുടെ ജോലിയിൽ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

“കലാരംഗത്ത് വലിയൊരു പേരാണവര്‍. ഞാൻ അവരെ അഭിനന്ദിക്കുന്നു, വിജയാശംസകൾ നേരുന്നു, അവരുടെ ജോലിയിൽ സർക്കാർ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

തന്നെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന്, “15 സർവ്വകലാശാലകളുണ്ട്, ഞാനാണ് ചാൻസലർ, ഇതൊരു ചെറിയ സ്ഥാപനമായിരുന്നു, സർക്കാരിന്റെ പ്രവർത്തനത്തിൽ ഞാൻ ഇടപെട്ടതിന് ഒരു ഉദാഹരണം പറയൂ, ഞാൻ എന്റെ രാജി സമര്‍പ്പിക്കാം,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News