അയൽവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു; മാതൃകയായി ഐ.പി.സി പെനിയേൽ സഭ

തലവടി : ആനപ്രമ്പാൽ തെക്ക് കുന്തിരിയ്ക്കൽ മുണ്ടകത്തിൽ എം.എസ് യോഹന്നാൻ, ആനപ്രമ്പാൽ തെക്ക് നാലിൽചിറ മുകുന്ദൻ (83) എന്നിവർ ഡിസംബർ 10ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു.

കോൺക്രീറ്റ് മിക്സിംഗ് മെഷീനും, ക്രെയിനും ഒന്നും ഇല്ലാതിരുന്ന കാലത്ത് കെട്ടുറപ്പോടും വിശ്വാസ്യതയോടും തലവടിയിലും സമീപ പ്രദേശങ്ങളിലും നിരവധി വിടുകൾ ഭംഗിയായി നിർമ്മിച്ച എല്ലാവരുടെയും പ്രീതിപാത്രമായിരുന്ന എം.എസ് യോഹന്നാൻ്റെ (ബേബി മേസ്തിരി -73) സംസ്കാരം ആനപ്രമ്പാൽ തെക്ക് മലങ്കര നിത്യസഹായ മാതാ പള്ളിയിൽ നടന്നു. തലവടി ചൂട്ടുമാലി അഞ്ചുപനയ്ക്കൽ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ.

ബോസ്, ബെറ്റി , ബീന, ബിൻസി എന്നിവർ മക്കളും പ്രിൻസി,സജി , സോബിൻ എന്നിവർ മരുമക്കളും ആണ്.

ആനപ്രമ്പാൽ തെക്ക് നാലിൽചിറ മുകുന്ദൻ (83) തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ചുരുക്കം ചിലർ മാത്രം ഈ രംഗത്ത് പരിചയസമ്പന്നരായിരുന്ന കാലഘട്ടത്തിൽ ആണ് മുകുന്ദൻ്റെ സേവനത്തിന് അധികം പ്രാധാന്യം ലഭിച്ചിരുന്നത്. ഇപ്പോൾ തെങ്ങുകയറ്റ യന്ത്രങ്ങളും, അതിഥി തൊഴിലാളികളും ഈ മേഖലയിൽ പരിചയസമ്പന്നരായി കഴിഞ്ഞു. ചെല്ലമ്മയാണ് ഭാര്യ. മോളമ്മ, മോനിച്ചൻ, ഓമന, കുട്ടച്ചൻ, ഓമനകുട്ടൻ, അമ്പിളി എന്നിവർ മക്കളും പ്രദീപ്, സുഷമ, പീറ്റർ, സരിത, അനിൽ എന്നിവർ മരുമക്കളും ആണ്.

മുകുന്ദൻ ജാതി സംഘടനയിലോ മറ്റ് ഏതെങ്കിലും ഒരു സഭയിലോ അംഗമല്ലാതിരുന്നതുമൂലം സംസ്ക്കാരം നടത്തുന്നത് സംബന്ധിച്ച് ആശങ്കകൾ മാത്രമായിരുന്നു. എന്നാൽ ഈ വിഷയം ആനപ്രമ്പാൽ ഐ.പി.സി പെനിയേൽ സഭയുടെ മുമ്പാകെ അറിയിച്ചപ്പോൾ സംസ്ക്കാരം സെമിത്തേരിയിൽ നടത്തുന്നതിന് അനുമതി നല്‍കുകയായിരുന്നു. പാസ്റ്റർ സാം ടി. ഫിലിപ്പ്, സഭ ട്രസ്റ്റി പി.കെ പൊന്നച്ചൻ, പാസ്റ്റർമാരായ ഡെന്നി സാമുവേൽ, മോഹന്നൻ, ബിജു, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തിൽ ആനപ്രമ്പാൽ ഐ.പി.സി. പെനിയേൽ സെമിത്തേരിയിൽ മുകുന്ദൻ്റെ സംസ്ക്കാരം നടത്തി.

ഇരുവരുടെയും മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ നൂറു കണക്കിന് പ്രദേശവാസികൾ ആണ് യാത്രമൊഴി നല്‍കുവാന്‍ പങ്കെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News