കേരള പോലീസ് സേനയിൽ രാഷ്ട്രീയവൽക്കരണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണത്തിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഒരു അന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുണ്ടെന്നോ അന്വേഷണം കാര്യക്ഷമമല്ലെന്നോ ആർക്കും പറയാനാകില്ല. ജനശ്രദ്ധ പിടിച്ചുപറ്റിയ എല്ലാ കേസുകളിലും യഥാസമയം പ്രതികളെ കണ്ടെത്തി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്താറുണ്ട്. കഴമ്പുള്ള ആരോപണങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2016 മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടുള്ള 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള ശക്തമായ നടപടിയെടുക്കാറുണ്ട്. ഇത്തരത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളുള്ള 8 പോലീസ് ഉദ്യോഗസ്ഥരെ ഈ രീതിയില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേസുകള്‍ അന്വേഷിക്കുന്നതിനായി എല്ലാ ജില്ലയിലും പ്രത്യേക പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പോലീസ് സേനയിലേക്ക് വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേരിട്ടുള്ള നിയമനം നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമുള്ള പ്രത്യേക വിഭാഗവും സജ്ജമാക്കി.

വിഴിഞ്ഞത്ത് നടന്ന സമരങ്ങളിൽ പോലീസ് കാണിച്ച സംയമനം മാതൃകാപരമാണ്. 2018-ലെ മഹാപ്രളയത്തിലും കൊവിഡ് മഹാമാരിയുടെ സമയത്തും പോലീസ് സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. പോലീസിനെ താറടിച്ചു കാണിക്കാനുള്ള ശ്രമം സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News