26 ആഴ്ച ഗർഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി

എറണാകുളം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ച് ശസ്ത്രക്രിയ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്ന വേളയിൽ ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണം. കുഞ്ഞിനെ കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകാനും ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശം നൽകി. നേരത്തെ ഹർജി പരിഗണിച്ച വേലയിൽ മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട് കോടതി തേടിയിരുന്നു.

ഗർഭാവസ്ഥ തുടരുന്നത് കുട്ടിയുടെ മാനസിക നിലയെ സാരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പരിഗണിച്ചാണ് കോടതി നടപടി. അയൽവാസിയിൽ നിന്നാണ് പെണ്‍കുട്ടി ഗർഭിണിയായത്. 24 ആഴ്ചയായപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്‌ട് പ്രകാരം 24 ആഴ്ചകൾക്കു ശേഷമുള്ള ഗർഭഛിദ്രം അനുവദനീയമല്ല. തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

 

 

 

Print Friendly, PDF & Email

Leave a Comment

More News