ശബരിമലയിലെ അടിസ്ഥാന സൗകര്യം: സർക്കാരിന്റെ സമ്പൂർണ പരാജയമാണെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയ്ക്ക് 100 കോടി അനുവദിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കോടിക്കണക്കിന് ഭക്തർ ശബരിമല ദർശനത്തിന് എത്തുമെന്ന് അറിഞ്ഞിട്ടും ദേവസ്വം ബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു.

സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുന്ന സ്ഥിതിയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മാത്രമല്ല, കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.

സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകൾ പരാജയപ്പെട്ടെന്നും, ഇവര്‍ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം ശബരിമല വിഷയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയിലെ സൗകര്യങ്ങൾ സംബന്ധിച്ച് തുടർച്ചയായ പരാതികളിൽ ആഭ്യന്തര വകുപ്പും ദേവസ്വം വകുപ്പും പരസ്പരം പഴിചാരുകയാണ്. അതുപോലെ കെഎസ്ആർടിസി സ്പെഷൽ സർവീസുകളെ കുറിച്ച് തീർഥാടകരുടെ പരാതികൾ ദിനംപ്രതി വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ആവശ്യാനുസരണം പ്രത്യേക ബസുകൾ അനുവദിച്ചിട്ടില്ലെന്നു മാത്രമല്ല മോശം ബസുകളാണ് അയച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് കണ്ടക്ടറില്ലാതെയുള്ള സർവീസ് കെഎസ്ആർടിസി പരീക്ഷിക്കുന്നു. ഇത് തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പതിവുപോലെ ബസിനുള്ളിൽ ടിക്കറ്റ് എടുക്കാമെന്ന് കരുതി കയറുന്ന തീർഥാടകരാണ് ബുദ്ധിമുട്ടുന്നത്. കെഎസ്ആർടിസിയുടെ കാര്യക്ഷമതയില്ലായ്മയിൽ ദേവസ്വം മന്ത്രി തന്നെ അതൃപ്തി തുറന്ന് പറഞ്ഞതായും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News