വിവാഹങ്ങൾ നിരീക്ഷിക്കുന്നത് സര്‍ക്കാരിന്റെ ജോലിയല്ല (എഡിറ്റോറിയൽ)

 മിശ്ര വിവാഹങ്ങള്‍  നിരീക്ഷിക്കാൻ 13 അംഗ കമ്മിറ്റി രൂപീകരിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ അമിതമായ കടന്നുകയറ്റം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. 2022 മെയ് മാസത്തിൽ ഡൽഹിയിൽ വെച്ച് മുംബൈയിൽ നിന്നുള്ള ശ്രദ്ധ വാക്കർ എന്ന 27 കാരിയെ കൊലപ്പെടുത്തി അവളുടെ ലൈവ്-ഇൻ പങ്കാളിയായ 28 കാരനായ അഫ്താബ് അമിൻ പൂനാവാല അവളുടെ ശരീരം ഛിന്നഭിന്നമാക്കിയതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. അവരുടേത് ഒരു പ്രണയബന്ധമായിരുന്നതുകൊണ്ടും അവർ വ്യത്യസ്ത വിശ്വാസങ്ങളിൽ പെട്ടവരായതുകൊണ്ടും മാത്രം അതിനെ മതത്തിന്റെ പ്രിസത്തിലൂടെ കാണുന്നത് തെറ്റാണ്. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷമാണ് യുവതിയുടെ കുടുംബം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതെന്നും, മഹാരാഷ്ട്രയിലെ മറ്റൊരു യുവതിക്കും ഇത്തരമൊരു ഗതി വരരുതെന്ന് പ്രതിജ്ഞയെടുത്തുവെന്നും മഹാരാഷ്ട്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി മംഗൾ പ്രഭാത് ലോധ വിലപിക്കുന്നു.

ഇതര സമുദായത്തിൽപ്പെട്ട പുരുഷനോടൊപ്പം ജീവിച്ച ഒരു സ്ത്രീയുടെ കൊലപാതകത്തില്‍ ഇത്രയധികം ശുഷ്ക്കാന്തി കാണിക്കുന്ന സര്‍ക്കാര്‍, ഒരേ ജാതിയിലും മതത്തിലും പെട്ട, ഭർത്താവിനാൽ കൊലചെയ്യപ്പെട്ട നൂറുകണക്കിന്, ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ടെന്നുള്ളത് അവഗണിക്കുകയാണ്. അത്തരം സ്ത്രീകളെ സര്‍ക്കാര്‍ എങ്ങനെ രക്ഷിക്കും? കൂടാതെ, വിവാഹിതരായ ദമ്പതികൾ അവരുടെ ജീവിതം എങ്ങനെ നയിക്കുന്നു എന്ന് പരിശോധിക്കേണ്ടത് സർക്കാരിന്റെ ജോലിയാണോ? തങ്ങളുടെ സമുദായത്തിനകത്ത് നിന്ന് തിരഞ്ഞെടുക്കുന്ന സ്ത്രീകളേക്കാൾ അവരുടെ ജാതിക്കും മതത്തിനും പുറത്ത് പങ്കാളികളെ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ അവരുടെ ജീവിതത്തിന് വലിയ അപകടസാധ്യത നേരിടുന്നുണ്ടെന്ന് തെളിയിക്കുന്ന സ്ഥിതിവിവരക്കണക്കുകളൊന്നുമില്ല. ലോകമെമ്പാടും പ്രണയവിവാഹം സാധാരണമാണ്, അറേഞ്ച്ഡ് മാര്യേജ് എന്നത് ഇപ്പോള്‍ അപൂർവ്വമായി മാറുകയാണ്. ഇന്ത്യയിൽ പോലും, ചെറുപ്പക്കാർ, പ്രത്യേകിച്ച് വിദ്യാസമ്പന്നർ, മാതാപിതാക്കള്‍ തിരഞ്ഞെടുക്കുന്നതിനായി കാത്തിരിക്കുന്നതിനുപകരം സ്വന്തം ഇണകളെ കണ്ടെത്താനാണ് ഇഷ്ടപ്പെടുന്നത്.

നിയമം ഇക്കാര്യത്തിൽ വ്യക്തമാണ്. ഒരു നിശ്ചിത പ്രായമെത്തിയ ഏതൊരു പുരുഷനും സ്ത്രീക്കും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വിധേയമായി, ജാതി-മത വ്യത്യാസമില്ലാതെ, എതിർ ലിംഗത്തിൽപ്പെട്ട ഏതൊരു വ്യക്തിയെയും വിവാഹം ചെയ്യാം. സംഭവം ഇങ്ങനെയിരിക്കെ, നിയമം അനുശാസിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം. പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തമായി ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും, അവന്റെ/അവളുടെ മാതാപിതാക്കള്‍ക്കാണ് അതിനുള്ള യോഗ്യതയെന്ന് അനുമാനിക്കുന്നതും തെറ്റാണ്. കുട്ടികളെ എന്നെന്നേക്കുമായി നയിക്കേണ്ട മൂല്യങ്ങൾ നൽകിക്കൊണ്ട് അവർ ഇഷ്ടപ്പെടുന്ന രീതിയിൽ വളർത്താൻ മാതാപിതാക്കൾക്ക് കടമയുണ്ട് എന്നത് ശരിയാണ്. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ, അവർക്ക് ഉപദേശിക്കാൻ മാത്രമേ കഴിയൂ, അവരുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ കഴിയില്ല. ചിന്തയിലും പ്രവൃത്തിയിലും കുട്ടികൾ തങ്ങളുടെ കാർബൺ കോപ്പികളാകാൻ വിവേകമുള്ള ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല.

ശ്രദ്ധ വാക്കറിന്റെ കേസിൽ, തൽക്ഷണ ആശയവിനിമയം നടത്താനുള്ള എല്ലാ സൗകര്യങ്ങളുണ്ടായിട്ടും, ആറ് മാസത്തേക്ക്
ശ്രദ്ധയുടെ കൊലപാതകത്തെക്കുറിച്ച് അവളുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല എന്നു പറയുന്നെങ്കില്‍, അത് അവരിൽ നിന്നുള്ള സ്വന്തം മകളുടെ അകൽച്ചയുടെ അളവുകോലാണ്. പങ്കാളിക്കെതിരെ യുവതി തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ആ കൊലപാതകത്തിന്റെ പേരിൽ കുടുംബത്തിനും ഭരണകൂടത്തിനും ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നതാണ് കാര്യം. കുടുംബ മൂല്യങ്ങൾക്ക് ഊന്നൽ നൽകാറുണ്ടെങ്കിലും കുടുംബത്തിൽ വൃത്തികെട്ട ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു എന്നതാണ് വസ്തുത. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുതലും നടക്കുന്നത് കുടുംബത്തിലാണ്. വാസ്തവത്തിൽ, മിക്ക പീഡന സംഭവങ്ങളും നടത്തുന്നത് ഇരകളുമായി ബന്ധപ്പെട്ടതോ അറിയാവുന്നതോ ആയ വ്യക്തികളാണ്. കുടുംബപരമായ കാരണങ്ങളാൽ ഇത്തരം സംഭവങ്ങൾ പോലീസിൽ അറിയിക്കാതെ മൂടിവെക്കുന്നു എന്നത് വേറെ കാര്യം.

വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഖാപ് പഞ്ചായത്തുകളുടെ പ്രവർത്തനരീതി തന്നെയെടുക്കാം. അവിടങ്ങളില്‍ നടക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം പ്രണയിച്ച് വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഒരു കാലത്ത്, അന്തർജാതി വിവാഹങ്ങൾ, പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാരുമായുള്ള, ഭരണകൂടവും സാമൂഹിക പരിഷ്കർത്താക്കളും പ്രോത്സാഹിപ്പിച്ചിരുന്നു. വ്യത്യസ്ത വിശ്വാസങ്ങളിൽ പെട്ട ദമ്പതികൾ തമ്മിലുള്ള സന്തോഷകരമായ ദാമ്പത്യത്തിന്റെ എണ്ണമറ്റ സംഭവങ്ങളുണ്ട്. വാസ്തവത്തിൽ, അവർ ഭരണകൂടത്തിന്റെ ജനാധിപത്യ മതേതര ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, മിശ്ര-ജാതി വിവാഹങ്ങൾ സംശയാസ്പദമാണെന്നും അത് പരിശോധിക്കേണ്ടതുണ്ടെന്നും അനുമാനിച്ച് ശ്രദ്ധ തിരിച്ചുവിടാനാണ് മഹാരാഷ്ട്രയുടെ ശ്രമം. പ്രായപൂർത്തിയായ പൗരന്റെ ഇഷ്ടാനുസരണം ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന് നേരെയുള്ള ആക്രമണമാണിത്. ‘ലൗ ജിഹാദിന്റെ’ പേരിൽ അത് ലംഘിക്കരുത്.

(ചീഫ് എഡിറ്റര്‍)

Print Friendly, PDF & Email

Leave a Comment

More News