കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ചത് അതിക്രൂരത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ട മാപ്പര്‍ഹിക്കാത്ത അതിക്രൂരത ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജയിലിലടച്ചത്. ഇതിനുണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നുള്ള അമേരിക്കന്‍ സ്ഥാപനമായ ആഴ്‌സണലിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്.

ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയെ 2018 ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ ആസൂത്രകനെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുക, ജയില്‍വാസക്കാലത്ത് മനുഷ്യാവകാശലംഘനത്തിന് ഇരയാക്കുക, പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തെ ചികിത്സാനിഷേധത്തിലൂടെ 2021 ജൂലൈ 5ന് മരണത്തിലേയ്ക്ക് തള്ളിവിടുക, ആവസാനമിപ്പോള്‍ അറസ്റ്റിനു പിന്നിലെ വന്‍ ആസൂത്രിത ഗൂഢാലോചന പുറത്തുവന്നിരിക്കുമ്പോള്‍ ഭരണകൂട ഭീകര അജണ്ടകളാണ് വെളിപ്പെടുത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിന് മറുപടി നല്‍കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News