ഹലാൽ മാംസം നിരോധിക്കണമെന്ന സ്വകാര്യ ബില്‍ കൊണ്ടുവരാന്‍ കർണാടക പദ്ധതിയിടുന്നു

ബംഗളൂരു: ഹിജാബ് നിരോധനത്തിന് ശേഷം, 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹലാൽ മാംസം നിരോധിക്കുന്നതിനെ കുറിച്ച് കർണാടക ആലോചിക്കുന്നു.

ഉപരിസഭാംഗവും ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയുമായ രവികുമാറാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബില്ലിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക നിലപാട്. “അത് വരുമ്പോൾ നോക്കാം; സ്വകാര്യ ബില്ലിന് അതിന്റേതായ സ്ഥാനമുണ്ട്. അതെന്താണെന്ന് നോക്കാം,” മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാർത്താ ഏജൻസികളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഹലാൽ സർട്ടിഫിക്കേഷൻ നടത്തുന്നത് മുസ്ലീം സംഘടനകളാണെന്ന് രവി കുമാർ അവകാശപ്പെടുന്നു. സർട്ടിഫിക്കേഷനായി വലിയ ഫീസ് ഈടാക്കുന്നതു വഴി അവര്‍ വലിയ ലാഭം നേടുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മുസ്ലീം സംഘടനകളുടെ ഐഡന്റിറ്റിയും സ്റ്റാറ്റസും വ്യക്തമല്ല, “അംഗീകൃത അധികാരിയെ നിയമിക്കുന്നത് വരെ ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണം” എന്ന് ബിൽ നിർദ്ദേശിക്കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കുമാർ നേരത്തെ ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തയച്ചിരുന്നു.

പ്രശ്‌നത്തെ തുടർന്ന്, ഭക്ഷ്യസാധനങ്ങളുടെ സർട്ടിഫിക്കേഷൻ നൽകുന്നതിൽ നിന്ന് ഏതെങ്കിലും സ്വകാര്യ വ്യക്തിയെയോ സ്ഥാപനത്തെയോ വിലക്കുന്നതിനുള്ള 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ അനുമതി തേടി അദ്ദേഹം നിയമസഭാ കൗൺസിൽ ചെയർമാനും കത്തയച്ചു.

നിർദിഷ്ട ഭേദഗതി സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും സംസ്ഥാന ഖജനാവിന് 5,000 കോടി രൂപയുടെ അധിക വരുമാനം കൊണ്ടുവരുമെന്നും കത്തിൽ അവകാശപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News