കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടിയതില്‍ ആഭ്യന്തര വിപണിയില്‍ കര്‍ഷകര്‍ പ്രതീക്ഷ കാണണ്ട: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തുന്ന ബജറ്റ് നിര്‍ദ്ദേശത്തില്‍ കര്‍ഷകര്‍ വലിയ പ്രതീക്ഷ കാണേണ്ടതില്ലെന്നും ഇതിന്റെ പേരില്‍ വ്യവസായികള്‍ നിയന്ത്രിക്കുന്ന ആഭ്യന്തര റബര്‍ വിപണിവിലയില്‍ കാര്യമായ ഉയര്‍ച്ചയ്ക്ക് നിലവില്‍ സാധ്യതയില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

റബറിന് ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ ന്യായവില പ്രഖ്യാപിക്കുവാനോ വിലസ്ഥിരതാപദ്ധതി നടപ്പിലാക്കുവാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോമ്പൗണ്ട് റബറില്‍ നിന്ന് ബ്ലോക്ക് റബറിലേയ്ക്ക് വ്യവസായികള്‍ മാറുവാന്‍ സാധ്യതയേറുമ്പോള്‍ ആഭ്യന്തരവിപണി വീണ്ടും തകര്‍ച്ച നേരിടും. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം റബറിന് 152 രൂപ നിലവിലുള്ളപ്പോള്‍ ആഭ്യന്തരവിപണിയിലെ വ്യാപാരിവില 137 രൂപയായി ഇടിഞ്ഞു തുടരുന്നു. ലോകവ്യാപാരക്കരാര്‍ നിര്‍ദ്ദേശിക്കുന്ന ആന്റി ഡമ്പിംഗ് ഡ്യൂട്ടി പ്രഖ്യാപിച്ച് അനിയന്ത്രിത റബര്‍ ഇറക്കുമതി തടയാനുള്ള ശ്രമങ്ങളൊന്നും ബജറ്റിലില്ല. ആഭ്യന്തര റബര്‍വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചോടുമ്പോള്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിയതുകൊണ്ടുമാത്രം റബര്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകില്ലെന്നും ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 250 രൂപ അടിസ്ഥാനവില പ്രഖ്യാപിച്ച് വിലസ്ഥിരതാപദ്ധതിയിലൂടെ തുടര്‍ന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News