നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ ഉൾപ്പെടെ മൂന്നുപേർ മാർത്തോമാ എപ്പിസ്കോപ്പൽ നോമിനികൾ

ഡാളസ് : നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ (ന്യൂയോർക് സെന്റ് തോമസ് മാർത്തോമാ ചർച്ച ) ഉൾപ്പെടെ മൂന്നുപേരെ മാർത്തോമാ എപ്പിസ്കോപ്പൽ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ടതായി സഭാ സെക്രട്ടറി റവ സി വി സിമോൺ അച്ചൻ ഫെബ്രുവരി 10 നു പുറത്തിറക്കിയ സ്പ്രസ്താവനയിൽ പറയുന്നു

മാർത്തോമ്മാ സഭയ്ക്ക് പുതിയ 4 ബിഷപ്പ്മാരെ വാഴിക്കണം എന്ന ഇപ്പോഴത്തെ സഭാ കൗൺസിൽ മുന്നോട്ട് വച്ച നിർദ്ദേശം 2022 ൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം അത് പൂർണ്ണമായും അംഗീകരിച്ചിരുന്നു . അതിന്റെ തുടർച്ചയായി മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി, സിനഡ് പ്രതിനിധിയും ബാക്കി തിരെഞ്ഞെടുക്കപ്പെട്ടവർ അടക്കം 25 പേരടങ്ങുന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡും നിലവിൽ വന്നു. 2016 ൽ നാല് ബിഷപ്പുമാരെ തിരെഞ്ഞെടുക്കാൻ തീരുമാനിച്ച പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 4 പേരുടെ ലിസ്റ്റ് തയ്യാറാക്കി സഭാ പ്രതിനിധി മണ്ഡലത്തിൽ വോട്ടെടുപ്പിന് എത്തിച്ചു എങ്കിലും അവർക്ക് വൈദികരുടെയും, ആത്മായരുടെയും 75% വോട്ട് എന്ന നിയമാനുസൃത കടമ്പ കടക്കാൻ കഴിയാതെ പോയി എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ വളരെ താല്പര്യപൂർവമാണ് ഇപ്പോഴത്തെ മണ്ഡലം ഈ നിർദ്ദേശത്തെ പരിഗണിച്ചത്.

അഭി.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ വളരെ നിശ്ചയദാർണ്ഢ്യത്തോടെ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിന്റെ നടപടികൾക്ക് കൃത്യമായ സമയക്രമം മുൻകൂട്ടി വിഭാവനം ചെയ്യുകയും നോമിനേഷൻ ബോർഡ് അത് സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്തതുവഴി ഇത്തരം തെരെഞ്ഞെടുപ്പുകൾക്ക് പുതിയ ഒരു ദിശാബോധം തന്നെ മുന്നോട്ട് വച്ചിരിക്കയാണ്.

സാധാരണയായി 1.5 മുതൽ 2 വർഷം വരെ മുൻ കാലങ്ങളിൽ എടുത്തിരുന്നു എങ്കിൽ, ഇത്തവണ നോമിനേഷൻ ബോർഡ് നിലവിൽ വന്ന് കേവലം 6 മാസത്തിനുള്ളിൽ തന്നെ ഭരണഘടന 16 മുതൽ 19 വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി യോഗ്യരായി കണ്ടെത്തിയ 3 ബിഷപ്പ് നോമിനികളുടെ ലിസ്റ്റ് സഭാ ജനങ്ങളുടെ വിലയിരുത്തലിനും, പരിഗണനയ്ക്കുമായി സമർപ്പിക്കുവാനും ഒരു പക്ഷെ ഇപ്പോഴത്തെ മണ്ഡലത്തിന്റെ കാലാവധി പൂർത്തിയാകുന്ന മാർച്ച് 31 ന് മുൻപ് തന്നെ ഭരണഘടന വകുപ്പ് 20 പ്രകാരമുള്ള നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ച് സഭാ പ്രതിനിധി മണ്ഡലത്തിൽ വോട്ടിംഗിന് സമർപ്പിക്കുവാൻ ഇപ്പോൾ നടത്തുന്ന ഊർജ്ജിത ശ്രമങ്ങൾ വലിയ ഒരു കാൽവയ്പാണ്.

ബിഷപ്പ് നോമിനികളായി 16 പേരുടെ നോമിനേഷൻ ലഭിച്ചതിൽ നിന്നും അയോഗ്യരായ 5 പേരെ ഒഴിവാക്കുകയും, ശേഷിച്ച 11 പേരിൽ ബിഷപ്പ് ആകാൻ താല്പര്യമില്ലെന്ന് അറിയിച്ച രണ്ടു നോമിനികളെ പിന്നീട് ഒഴിവാക്കി കൊണ്ട്, അവിവാഹിതരും 40 വയസ്സും, പട്ടത്വ സേവനത്തിൽ 15 വർഷവും പുർത്തിയാക്കിയ 9 പേരിൽ നിന്നും ഉത്തമ സ്വഭാവം, നല്ല നടത്ത, പഥ്യഉപദേശം, വിശ്വാസ സ്ഥിരത, സഭയുടെ വിശ്വാസാചാരങ്ങളെയും, മേലദ്ധ്യക്ഷാധികാര സ്വയം ഭരണ സ്വാതന്ത്ര്യത്തെയും പരിപൂർണ്ണമായി അംഗീകരിക്കുന്നുവെന്നും, കാലാനുസൃതമായ ഉത്കൃഷ്ട വിദ്യാഭ്യാസവും വേദപരിചയവും മറ്റും പരിശോധിച്ച് ബോധ്യപ്പെടുവാനും മറ്റുമായി നോമിനേഷൻ ബോർഡിനു മുമ്പിൽ “മിഷൺ ആൻഡ് വിഷൺ ” എന്ന വിഷയത്തിൽ 1 മണിക്കൂർ വരെ നീളുന്ന അവതരണത്തിനും , തുടർന്ന് നോമിനികളോരോരുത്തരും വിവിധ ഇടവകകളിൽ നടത്തിയ വിശുദ്ധ കുർബ്ബാന, വചന ശുശ്രൂഷ ഒക്കെ ബോർഡ് അംഗങ്ങളിൽ രണ്ടു പേർ വീതം നേരിൽ പോയി നിരീക്ഷിച്ച് വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിന്റെയും, തൃപ്തികരമായ ആരോഗ്യം വിലയിരുത്തുവാൻ രാജഗിരി, വെല്ലൂർ എന്നിവിടങ്ങളിലെ പ്രഗത്ഭമായ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ ആരോഗ്യപരിശോധനാ റിപ്പോർട്ട് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുൻ ഡയറക്ടർ ഡോ.സഞ്ജീവ് തോമസ്, ബിലീവേഴ്‌സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോർജ്ജ് ചാണ്ടി എന്നിവർ അടങ്ങുന്ന വിദഗ്ദ സമിതി പരിശോധിച്ച് നൽകിയ വിലയിരുത്തലിന്റെയും ഒക്കെ അകമ്പടിയോടെ ഓരോ നോമിനികൾക്കും അര മണിക്കൂർ വരെ നീണ്ടു നിന്ന ഇന്റർവ്യൂവിനും ശേഷം 3 നോമിനികളുടെ ലിസ്റ്റ് തയ്യാറാക്കി സഭാ കൗൺസിലിന്റെ പരിഗണനയോടെ തുടർ നടപടികൾക്ക് തയ്യാറായതായും, അവർ യഥാക്രമം; റവ.ഡോ.ജോസഫ് ഡാനിയേൽ, റവ. സജു സി. പാപ്പച്ചൻ, റവ. മാത്യു കെ. ചാണ്ടി എന്നിവരാണ് എന്നും വാർത്തകൾ പുറത്ത് വന്നിരിക്കുന്നു.

യോഗ്യരായ 4 ബിഷപ്പ് നോമിനികളെ കണ്ടെത്തി ലിസ്റ്റ് സമർപ്പിക്കുവാൻ പ്രതിനിധിമണ്ഡലം തീരുമാനിച്ചു എങ്കിലും യോഗ്യരായ 3 പേരെ മാത്രമെ കണ്ടെത്തുവാൻ കഴിഞ്ഞുള്ളു എന്നാണ് ലഭിച്ച വിവരം . ഇതും ഒരു പുതിയ കീഴ്‌വഴക്കമാണ്. ഇപ്പോൾ നിർദേശിക്കപ്പെട്ടവരെല്ലാം എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽ സുതാര്യമായ ജനാധിപത്യ നടപടികളിലൂടെയാണ് സ്വീകാര്യരായി ആണ് വന്നിരിക്കുന്നത് . ഏതായാലും ഈശോ തിരുമേനിക്ക് ശേഷം ഒരു ആശ്രമവാസിയായ മാത്യു കെ. ചാണ്ടി അച്ചൻ ബിഷപ്പ് പരിഗണനാ ലിസ്റ്റിൽ വന്നത് ശ്രദ്ധേയമാണ്. തെരെഞ്ഞെടുപ്പ് പ്രക്രിയ ഒക്കെ ക്രമീകൃതമായി നടത്തി എങ്കിലും റവ. ഡോ. മോത്തി വർക്കിയെപ്പോലെയുള്ളവർ പ്രാഥമിക ഘട്ടത്തിൽ തന്നെ പിന്മാറിയതിൽ പൊതുവെ ആശങ്കയുണ്ട്. ഏതായാലും മറ്റ് ആക്ഷേപങ്ങൾക്ക് ഇടയില്ലാത്ത വിധം നോമിനേഷൻ പ്രക്രിയ ചുരുങ്ങിയ കാലയളവിൽ പൂർത്തീകരിക്കാൻ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിനു കഴിഞ്ഞിട്ടുള്ളത് അഭിനന്ദനാർഹമാണ്

Print Friendly, PDF & Email

Related posts

Leave a Comment