നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും ഉദ്യോഗസ്ഥരും മില്ലുടമകളും എജന്റുമാരും കര്‍ഷകരുടെ കഞ്ഞിയില്‍ കയ്യിട്ടുവാരി നടത്തുന്ന അഴിമതികള്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുമ്പോള്‍ അടിയന്തര നടപടികളുണ്ടാകണമെന്നും സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കാര്‍ഷികമേഖല തകര്‍ക്കുന്ന ഉദ്യോഗസ്ഥ ലോബികളുടെ തട്ടിപ്പുകള്‍ക്ക് കൃഷിവകുപ്പും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും കൂട്ടുനില്‍ക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അരിവാങ്ങി കര്‍ഷകരുടെ കണക്കില്‍ ചേര്‍ത്ത് കോടികള്‍ തട്ടുന്ന ഉദ്യോഗസ്ഥ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് അപമാനമാണ്.

സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ സപ്ലൈകോയിലൂടെ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങള്‍ ആഹാരമാക്കിയിട്ടും നെല്ല് ഉല്പാദിപ്പിച്ച കര്‍ഷകന് വില ലഭിക്കാത്തത് നീതികേടാണ്. അവസാനമിപ്പോള്‍ ലഭിക്കേണ്ട തുക കേരള ബാങ്കില്‍ നിന്ന് നെല്‍കര്‍ഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് ന്യായീകരിക്കാവുന്നതല്ല. സപ്ലൈകോ ബാങ്കില്‍ പണമടയ്ക്കാന്‍ വൈകിയാല്‍ വായ്പയുടെ ഭാരം മുഴുവന്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകും. മുന്‍കാലങ്ങളില്‍ വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി നടത്തിയ വായ്പ വിതരണവും സപ്ലൈകോ പണം നല്‍കാതെ അട്ടിമറിക്കപ്പെട്ടു. കടംവാങ്ങി പണം സ്വരൂപിച്ച് കൃഷിയിറക്കുന്ന കര്‍ഷകന് വിറ്റ നെല്ലിന്റെ പോലും തുക കൃത്യമായി ലഭ്യമാക്കാതെ ഉദ്യോഗസ്ഥര്‍ സ്വകാര്യ മില്ലുടമകള്‍ക്കുവേണ്ടി ഒത്തുകളിക്കുകയാണ്. നെല്‍കര്‍ഷകരോടുള്ള നീതികേടിനും ക്രൂരതയ്ക്കും അവസാനമുണ്ടാക്കാതെ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നാടുനീളം കര്‍ഷകസ്‌നേഹം പ്രസംഗിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും വി.സി.സെബാസ്റ്റിയന്‍ സൂചിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News