കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി, ശശി തരൂർ എം.പി എന്നിവരെ സന്ദർശിച്ചു

ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം. പി ശശി തരൂർ എന്നിവരെ സന്ദർശിച്ച് അമേരിക്കയിലെ പ്രവാസി മലയാളികൾ കേരളത്തിൽ വരുമ്പോൾ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിലുള്ള തന്റെ ഓഫീസില്‍ വളരെ സ്‌നേഹാദരവുകളോടെയാണ് പ്രോ ടേം മേയര്‍ ബിജു മാത്യുവിനെ സ്വീകരിച്ചത്. അമേരിക്കയിലെ വിവിധ വിഷയങ്ങളെപ്പറ്റിയും സ്റ്റേറ്റ്, ഫെഡറല്‍ ഇലക്ഷനുകളെപ്പറ്റിയും വളരെ വിശദമായി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

പത്താം ക്ലാസ്സ് വിദ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തീകരിച്ച് അമേരിക്കയിലെ പ്രസിദ്ധമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കിയ ബിജു മാത്യുവില്‍നിന്ന് അമേരിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റിയും മലയാളികളുടെ ക്ഷേമത്തെപ്പറ്റിയും മുഖ്യമന്ത്രി കൂടുതല്‍ മനസ്സിലാക്കി. ടെക്‌സാസ് സംസ്ഥാനത്തെ കോപ്പല്‍ സിറ്റിയിലേക്ക് ബിജു മാത്യു മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇനിയും അമേരിക്കയിൽ വരുമ്പോള്‍ വരുവാൻ ശ്രമിക്കാം എന്ന് ഉറപ്പും നല്‍കി.

ഐക്യരാഷ്ട്ര സഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറിയും, മുന്‍ കേന്ദ്രമന്ത്രിയും, പ്രഗത്ഭ പാര്‍ലമെന്റേറിയനും ആയ തിരുവനന്തപുരം എം.പി. ശശി തരൂരിനെ പരിചയപ്പെടുവാനിടയായത് ഒരു ഭാഗ്യമായി കാണുന്നുവെന്ന് ബിജു മാത്യു അഭിപ്രായപ്പെട്ടു.

ഒരു ഹൃസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വന്ന പ്രോ ടേം മേയര്‍ ബിജു മാത്യുവിന് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക തലങ്ങളിലെ വിവിധ നേതാക്കന്മാരെ പരിചയപ്പെടുവാനും തന്റെ അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പലതും ഉള്‍ക്കൊള്ളുവാനും തന്റെ മാതൃരാജ്യത്തെ സന്ദര്‍ശനം മൂലം ഇടയായി എന്ന് ബിജു മാത്യു പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News